Tuesday, December 24, 2013

ഉരുക്കുമനുഷ്യനു വേണ്ടിയോ അധികാരത്തിനു വേണ്ടിയോ ?

ഉരുക്കുമനുഷ്യനു വേണ്ടിയോ അധികാരത്തിനു വേണ്ടിയോ ?

   കേരള രാഷ്ട്രീയത്തെ പിടിച്ചുകിലുക്കുന്ന മറ്റൊരു വിവാദമായി നരേന്ദ്ര മോദിയുടെ കൂട്ടയോട്ടം മാറിക്കഴിഞ്ഞല്ലോ. ഗുജറാത്തില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയുടെ പ്രചരണത്തിനായി മറ്റു സംസ്ഥാനങ്ങളുടേതു പോലെ കോട്ടയത്തും നടത്തിയ കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തത് സാക്ഷാല്‍ പി.സി.ജോര്‍ജു തന്നെ. കൊടി വീശുക മാത്രമല്ല മോഡിയുടെ സുന്ദരന്‍ ചിത്രം പതിച്ച ടീ ഷര്‍ട്ട് ഉയര്‍ത്തിക്കാണിക്കുക കൂടി ചെയ്തു വിദ്വാന്‍. അതിനെത്തുടര്‍ന്നുള്ള പി.സി-കോണ്‍ഗ്രസ് പോരൊന്നുമല്ല ഇവിടെ ചര്‍ച്ച ചെയ്യുന്നത്. കേരളത്തിലെ കോണ്‍ഗ്രസുകാരുടെ കള്ളപ്പണം ഗുജറാത്തിലെത്തുന്നതും ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല. പ്രതിമാനിര്‍മ്മാണമെന്ന പുതിയ കര്‍സേവയെക്കുറിച്ചും അതിന്റെ പിന്നാമ്പുറങ്ങളിലെ രാഷ്ട്രീയ സാമ്പത്തിക മാനുഷിക വശങ്ങളിലേക്കൊന്നു കണ്ണോടിക്കാം.
       രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങള്‍ കാലാ കാലങ്ങളില്‍ പുരാണ ചരിത്ര നായകരെ പൊടിതട്ടി മിനുക്കിയെടുത്ത് അവതരിപ്പിക്കാറുണ്ട്. അദ്വാനി പണ്ട് രാമനെ മുന്‍നിറുത്തി നടത്തിയ കലാപരിപാടികള്‍ വാജ്പേയിയെ കസേരയിലെത്തിച്ചെങ്കില്‍ നമോ എന്ന സാക്ഷാല്‍ നരേന്ദ്രമോദി ഇപ്പോള്‍ പൊടിതട്ടിയെടുക്കുന്നത് ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിനെയാണ്. പട്ടേലിന്റെ ജന്മദേശം ഗുജറാത്താണെന്നും അദ്ദേഹത്തിന്റെ സ്മരണക്കായി ലോകത്തെ വിസ്മയിപ്പിക്കുന്ന ഉരുക്കു പ്രതിമതന്നെ സ്ഥാപിക്കുമെന്നുമാണ് മോഡി ഇപ്പോള്‍ പറയുന്നത്. ഇതിനായി രാമക്ഷേത്രത്തിന് നാടാകെ ഇഷ്ടിക പെറുക്കി നടന്നതു പോലെ ഉരുക്കു തേടിയിറങ്ങിയിരിക്കുകയാണ് അദ്ദേഹം. ആവശ്യമുള്ള മുഴുവന്‍ ഉരുക്കും നമ്മുടെ രാജ്യത്തെ കര്‍ഷകരില്‍ നിന്നും സംഭരിക്കുമത്രേ. എത്രമാത്രം സംഭരിച്ചു കഴിഞ്ഞുവെന്ന് ആരും പറയുന്നില്ല. എന്നാല്‍ മറക്കാനാവാത്ത മറ്റൊരാള്‍ ഗുജറാത്തിലുണ്ടായിരുന്നത് എല്ലാവരും സൗകര്യപൂര്‍വ്വം മറന്നു.നമ്മുടെ രാഷ്ട്രപിതാവിനെത്തന്നെ. ഗാന്ധിജിയെ സ്മരിക്കുമ്പോള്‍ ഹൈന്ദവ തീവ്രവാദം ചര്‍ച്ചയാകുമോ എന്ന് തിരിച്ചറിഞ്ഞതായിരിക്കും അദ്ദേഹത്തെ ഒഴിവാക്കാന്‍ കാരണം. 182 മീറ്റര്‍ ഉയരമുള്ള ഏകതാപ്രതിമ പൂര്‍ത്തിയാകുന്നതോടെ ഇപ്പോഴത്തെ വലിയ പ്രതിമയായ ചൈനയിലെ 153 മീറ്റര്‍ ഉയരമുള്ള ബുദ്ധപ്രതിമ വളരെ പിന്നോട്ടു പോകും. ഭാരതത്തിന്റെ അഭിമാനം ഉയര്‍ത്താനെന്ന പേരില്‍ ഇതിനായി 2500 കോടി പൊടിക്കുമ്പോള്‍ അതിനു പിന്നിലെ കളികള്‍ ആരും കാണുന്നില്ല എന്നതല്ലേ ശരി?
       പട്ടേലിന്റെ  ജില്ലയില്‍ തന്നെയാണീ പ്രതിമ സ്ഥാപിക്കുന്നത്, കച്ചില്‍. ഏറ്റവും കൂടുതല്‍ കുടിവെള്ളക്ഷാമം നേരിടുന്ന ഗുജറാത്തിലെ ജില്ലയാണ് കച്ച്. ഇവിടുത്തെ 969 ഗ്രാമങ്ങളിലെ പാവങ്ങള്‍ക്ക് കുടിവെള്ളം നല്‍കാന്‍ ഇതില്‍ പകുതി ചെലവഴിച്ചാല്‍ മതിയെന്നതും ആരും ചര്‍ച്ച ചെയ്യുന്നില്ല. നമുക്ക് ഗുജറാത്ത് മോഡല്‍ വികസനത്തെ വാഴ്ത്തിപ്പാടാം. പ്രതിമ സ്ഥാപിക്കുന്നത് നര്‍മ്മദാ നദിയിലെ സാധുബേട്ടിലാണ്. ഇതൊരു ആദിവാസി സെറ്റില്‍മെന്റ് പ്രദേശമാണ്. പ്രതിമാ നിര്‍മ്മാണത്തിനായി അണ കെട്ടുന്നതോടെ 18 കിലോമീറ്ററോളം ദൂരത്തിലുള്ള ആദിവാസികള്‍ക്ക് ജീവനും കൊണ്ടോടുകയല്ലാതെ മറ്റെന്തു വഴി? ആദിവാസി ഭൂമി മറ്റൊരാള്‍ക്കും വില്‍ക്കാനാകില്ലെന്ന കേന്ദ്രനിയമവും വളരെ തന്ത്രപൂര്‍വ്വം ഇവര്‍ മറികടന്നു. ഈ ഭൂമിയാകെ വികസന അതോറിറ്റിയുടെ കീഴിലാക്കി വിജ്ഞാപനമായി.927 ഹെക്ടര്‍ ഭൂമി പ്രതിമാ ട്രസ്റ്റിന്റെ കയ്യില്‍. ഇനിയാരുണ്ട് എതിര്‍ക്കാന്‍? കേരളത്തില്‍ പരിസ്ഥിതി വാദികള്‍ക്കൊപ്പം നിന്ന് പശ്ചിമഘട്ടം സംരക്ഷിക്കാനൊരുങ്ങുന്ന ബി.ജെ.പിയുടെ ഇരട്ടമുഖം.
   ഇനിയിതിന്റെ രാഷ്ട്രീയ മുഖം കൂടി പരിശോധിക്കാം. ഇപ്പോളെന്തിനാണ് മോദി ഈ ഉദ്യമവുമായി ഇറങ്ങിയിരിക്കുന്നത്? കഴിഞ്ഞ 12 കൊല്ലമായില്ലാത്ത സര്‍ദാര്‍ പ്രേമം ഇപ്പോഴെങ്ങനെയുണ്ടായി? സര്‍ദാറിന്റെ നൂറ്റിമുപ്പത്തിയെട്ടാം ജന്മദിനത്തിന് എന്തു വിശേഷമാണുള്ളത്? ഉത്തരം ഒന്നേയുള്ളൂ. നിര്‍ണ്ണായകമായ ലോകസഭാ തെരഞ്ഞെടുപ്പല്ലേ വരുന്നത്? അതും മോദിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ഇങ്ങനെ പല തുറുപ്പുശീട്ടും പുറത്തു വരും.
     മോദി പറയുന്നതു പോലെ സര്‍ദാര്‍ ചരിത്രത്തില്‍ വിസ്മരിക്കപ്പെട്ട കരുത്തനായ നേതാവുതന്നെ. എന്നാല്‍ ഇതിന്റെ പ്രചരണത്തിനായി നാടാകെ നടത്തിയ കൂട്ടയോട്ടത്തില്‍ എവിടെയെങ്കിലും അദ്ദേഹത്തിന്റെ നിഴലെങ്കിലും കണ്ടിരുന്നോ? പ്രചാരണബോര്‍ഡുകളിലും ഓട്ടക്കാരുടെ ബനിയനുകളില്‍ വരെ മോഡിയുടെ പുഞ്ചിരിക്കുന്ന മുഖം മാത്രം. ഏകതാ കൂട്ടയോട്ടം യഥാര്‍ത്ഥത്തില്‍ ഒരേയൊരിന്ത്യ ഒരൊറ്റ നേതാവെന്ന നിലയില്‍ മോദിയിലേക്ക് ചുരുങ്ങുന്നതാണ് നാം കണ്ടത്. കോണ്‍ഗ്രസുമായി നേരിട്ടേറ്റുമുട്ടുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നേടുന്ന മുന്‍തൂക്കത്തിനപ്പുറം മറ്റിടങ്ങളിലും ഇതിന്റെ പേരില്‍ മോദീ വിലാസം പ്രചരണം തന്നെ അവര്‍ ലക്ഷ്യമിട്ടത്. കേരളത്തിലടക്കം പി.സി.ജോര്‍ജിനെപ്പോലുള്ളവരുടെ പിന്തുണ നേടാനും അതുവഴി വലിയൊരു ചര്‍ച്ചയാക്കി മാറ്റാനും സംഘപരിവാറിനു കഴിഞ്ഞു എന്നത് നിസ്സാരമായി കാണാനാവില്ല.
  ഏകതാ പ്രതിമക്കു വേണ്ടി കറകളഞ്ഞ പ്രൊഫഷണല്‍ പ്രചാരണമാണ് മോദി നടത്തുന്നത്. വെബ്സൈറ്റുകളും സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെയുമുള്ള പ്രചരണങ്ങളുമായി അടുത്ത തെരഞ്ഞെടുപ്പിനുമുമ്പുള്ള കര്‍സേവ തുടങ്ങിക്കഴിഞ്ഞു. രാജ്യത്തിന്റെ ഐക്യവും അഖണ്ഢതയും ഊട്ടിയുറപ്പിക്കാന്‍ തന്റെ ഉരുക്കു മുഷ്ടിയിലൂടെ മുന്നേറിയ മഹാനായ സര്‍ദാറിന്റെ യഥാര്‍ത്ഥ പിന്‍തലമുറക്കാര്‍ ആരെന്ന ചോദ്യത്തിന് മറുപടി പറയാന്‍ പോലുമാകാതെ അശക്തരാണ് കോണ്‍ഗ്രസ്സെന്നത് നൂറ്റാണ്ടിന്റെ പാരമ്പര്യം പറയുന്ന ദേശീയ കക്ഷിക്ക് നാണക്കേടുതന്നെ. അപ്പോഴും ഒരു സംശയം ബാക്കിയാകുന്നു. കറകളഞ്ഞ ആര്‍. എസ്. എസുകാരനായ നരേന്ദ്രമോദിയും ഗാന്ധിവധത്തിന്നു നാലു നാള്‍ക്കകം ആര്‍.എസ്.എസിനെ നിരോധിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേലും തമ്മിലെന്തു ബന്ധം????

Thursday, December 19, 2013

കെജ്രിവാളിന്റെ പ്രസക്തിയും പരിമിതിയും


കെജ്രിവാളിന്റെ പ്രസക്തിയും പരിമിതിയും

   കോണ്‍ഗ്രസിന്റേയും ബി.ജെ.പിയുടേയും മുന്നണികള്‍ക്കപ്പുറത്ത് മറ്റൊരു സാധ്യതയുണ്ടെന്ന് പതിറ്റാണ്ടുകള്‍ക്കിപ്പുറം കാണിച്ചു തന്നത് അരവിന്ദ് കെജ്രിവാളും അദ്ദേഹത്തിന്റെ ആം ആദ്മി പാര്‍ട്ടിയുമാണ്. അതിലേറെ പിറവിയെടുത്ത് മാസങ്ങള്‍ക്കകം ദില്ലി പോലുള്ള ഒരു തന്ത്രപ്രധാനമായ സംസ്ഥാനത്ത് അവര്‍ അധികാരത്തിനടുത്തു വരെയെത്തിയതിന്റെ പശ്ചാത്തലം കൂടി പരിശോധിക്കാനുള്ള സമയമാണിത്.
      അഴിമതിവാര്‍ത്തകളില്‍ നിസ്സഹായരായ ഒരു ജനതയുടെ മുന്നില്‍ അന്നാ ഹസാരെയെന്ന ഒരു വയോധികന്‍ ഉഴുതു മറിച്ച മണ്ണിലാണ് യഥാര്‍ത്ഥത്തില്‍ കെജ്രിവാളിന്റെ തേരോട്ടം. മറ്റൊരു പ്രത്യയശാസ്ത്രത്തിന്റേയും സഹായമില്ലാതെ അഴിമതി വിരുദ്ധമുദ്രാവാക്യത്തിന്റെ മാത്രം കരുത്തില്‍ വളരെ തന്ത്രപൂര്‍വ്വം പ്രയോഗത്തില്‍ കൊണ്ടുവന്ന പ്രസ്ഥാനമാണ് എ. . പി എന്ന ആം ആദ്മി പാര്‍ട്ടി. ഗുരുനാഥന്‍ തള്ളിപ്പറഞ്ഞിട്ടു പോലും കെജ്രിവാളിനെ പിടിച്ചു കെട്ടാനായില്ല എന്നതാണ് സത്യം.
         എന്നാല്‍ അവിചാരിതമായി അധികാരത്തിനടുത്തെത്തിയപ്പോള്‍ കെജ്രിവാളൊന്നു പതറിയോ എന്ന് സംശയിക്കണം. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയും ജനവിധിയില്‍ തോറ്റു തുന്നം പാടിയ കോണ്‍ഗ്രസും നിരുപാധിക പിന്തുണ നല്‍കിയപ്പോള്‍ അത് സ്വീകരിക്കാന്‍ എ. .പി തയ്യാറാകാത്തതെന്തു കൊണ്ട്? പിന്തുണക്കണമെങ്കില്‍ തങ്ങളുടെ പതിനെട്ടിന അജണ്ടകള്‍ അംഗീകരിക്കണമെന്നായി കെജ്രിവാള്‍. മിക്കതും അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായി. അപ്പോളതാ അടുത്ത തന്ത്രം. ജനങ്ങള്‍ സമ്മതിക്കണം അധികാരമേറ്റെടുക്കാനെന്നാണിപ്പോള്‍ പറയുന്നത്. അതിനായി കത്തെഴുതാനാവശ്യപ്പെട്ടിരിക്കുന്നു പാര്‍ട്ടി. ഇനിയിപ്പോള്‍ അടുത്ത അഭ്യാസം എന്തായിരിക്കുമെന്നാര്‍ക്കറിയാം? . . പിക്ക് ധാര്‍ഷ്ട്യമാണെന്ന ബി.ജെ.പിയുടെ വിലയിരുത്തല്‍ ഏറെക്കുറെ ശരിയാണെന്ന് ശരാശരി പൊതുജനം കരുതിയാല്‍ തെറ്റില്ല.
    മധ്യവര്‍ഗ്ഗക്കാരേയും അതിനു മുകളിലുള്ളവരേയും ആകര്‍ഷിക്കാനുള്ള തന്ത്രങ്ങള്‍ ഫലിച്ചെങ്കിലും ഭരണത്തിലേറിയാല്‍ തങ്ങള്‍ പറഞ്ഞതേതൊക്കെ വിഴുങ്ങേണ്ടി വരുമെന്ന് ആശങ്കയുണ്ട് രാഷ്ട്രീയ നിരീക്ഷകര്‍ക്ക്. മുമ്പ് അടിയന്തിരാവസ്ഥയ്ക്കു ശേഷം ജനതാ പാര്‍ട്ടിയും പിന്നീട് ആന്ധ്രയില്‍ രാമറാവുവും ആസ്സാമില്‍ ഗണപരിഷത്തും പരാജയപ്പെട്ടത് നമുക്ക് മറക്കാറായില്ല. പലപ്പോഴും ഇത്തരം മുന്നേറ്റങ്ങള്‍ എരിഞ്ഞടങ്ങിയത് പാര്‍ട്ടിക്കകത്തു നിന്നു തന്നെയുള്ള തൊഴുത്തില്‍ക്കുത്തും അധികാരത്തര്‍ക്കങ്ങളും കാരണമാണ്. എന്നാല്‍ കെജ്രിവാളിനൊരു ബദല്‍ നേതൃത്വമില്ലാത്തത് പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റെ കാര്യം സുരക്ഷിതമാക്കുന്നു.
        അഴിമതിയില്‍ മുങ്ങിക്കുളിച്ച ഭരണ പ്രതിപക്ഷകക്ഷികളോടുള്ള പ്രതിഷേധം മാത്രമല്ല എ.. പിയെ തുണച്ചത്. വളരെ മികച്ചൊരു പ്രൊഫഷണല്‍ പ്രചരണതന്ത്രത്തിന്റെ വിജയം കൂടിയാണ് ദില്ലിയിലേത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ ഇത് വ്യക്തമാണ്. പാര്‍ട്ടി അണികളും വോട്ടര്‍മാരുമാണ് ഓരോ മണ്ഢലത്തിലേയും സ്ഥാനാര്‍ത്ഥികളെ നിര്‍ദ്ദേശിച്ചത്. അതു തന്നെ അവരുടെ വിജയത്തിന്റെ തുടക്കമായി. കെട്ടിയേല്‍പ്പിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പരാജയവും വിമതപ്രവര്‍ത്തനങ്ങളും നമുക്ക് പരിചിതമാണല്ലോ. തെരഞ്ഞെടുപ്പു ഫണ്ടു ശേഖരണത്തിലെ സുതാര്യതയും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. വിവരാവകാശ നിയമത്തിന്റെ കാര്യത്തില്‍ നമ്മുടെ ഏതാണ്ടെല്ലാ പാര്‍ട്ടികളും ഒന്നിച്ചത് എന്തെല്ലാമോ മറച്ചുവെക്കാനുണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെന്ന പ്രതീതിയുണ്ടാക്കി. ഈ സുതാര്യതയ്ക്കിടയിലും അലാസ്ക്കയില്‍ നിന്നു വരെ എ..പിയ്ക്കു ഫണ്ടു വന്നെന്ന കാര്യം വേണ്ടത്ര ചര്‍ച്ചയാക്കാന്‍ മറ്റുള്ളവര്‍ക്കു കഴിഞ്ഞതുമില്ല. നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണ സമയത്ത് തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന പേരില്‍ രണ്ടു സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കാന്‍ വരെ തയ്യാറായതും അവരുടെ ഇമേജ് വര്‍ദ്ധിപ്പിച്ചു. ഭരണത്തിലേറിയാല്‍ ജനപ്രതിനിധികള്‍ എങ്ങിനെയായിരിക്കണമെന്നു വരെ അവര്‍ ജനങ്ങളുടെ ഇടയില്‍ ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ അധികാരത്തിലേറുന്നതോടെ കെജ്രിവാളിന്റെ സംഘത്തിന് എത്രമാത്രം മുന്നോട്ടു പോകാനാകുമെന്ന കാര്യത്തില്‍ നമുക്കിനിയും കണ്ടറിയേണ്ടിയിരിക്കുന്നു.
            എന്തായാലും ഒരു കാര്യമുറപ്പാണ്.എന്നും വ്യക്തിയധിഷ്ഠിതരാഷ്ട്രീയത്തിനായിരുന്നല്ലോ നമ്മുടെ നാട്ടില്‍ പ്രഥമപരിഗണന കിട്ടിയിരുന്നത്. ഇന്ദിരാഗാന്ധി മുതല്‍ കോണ്‍ഗ്രസ് വിജയകരമായി പയറ്റിവന്ന് ഇപ്പോള്‍ രാഹുലിലെത്തുമ്പോള്‍ ബി.ജെ.പി മോഡിയെ മുന്‍നിര്‍ത്തി ഇതേ പരീക്ഷണം നടത്തുന്നു. അരാഷ്ട്രീയതയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന നമ്മുടെ മധ്യവര്‍ഗ്ഗതാല്‍പര്യങ്ങളെ പ്രീതിപ്പെടുത്താന്‍ ഗെജ്രിവാളിനെപ്പോലുള്ളവരും ഇതേ വഴി തന്നെ പിന്തുടരുമ്പോള്‍ പ്രത്യയശാസ്ത്രങ്ങള്‍ ഇനിയും മൂടുപടത്തിനു പുറകില്‍ത്തന്നെ. വലതു പക്ഷ രാഷ്ട്രീയത്തിനേക്കാള്‍ കോര്‍പ്പറേറ്റ് മൂലധനശക്തികള്‍ക്കും മാധ്യമങ്ങള്‍ക്കും വരെ പ്രിയപ്പെട്ടതാകാന്‍ ഇത്തരം അരാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് കഴിയുന്നതും അതുകൊണ്ടുതന്നെ.


Monday, April 29, 2013


2013 ഏപ്രില്‍ 28
ആനക്കര ഡയറ്റ് സ്ക്കൂള്‍.
        നീണ്ട ഇരുപത്തിനാലു വര്‍ഷത്തിനു ശേഷം ഒരൊത്തു ചേരല്‍. 1987-89 വര്‍ഷങ്ങളില്‍ പാലക്കാട് ജില്ലയിലെ ആനക്കരയിലെ സ്വാമിനാഥ വിദ്യാലയ സര്‍ക്കാര്‍ ടീച്ചേഴ്സ് ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപക വിദ്യാര്‍ത്ഥികളായിരുന്നു ഞങ്ങള്‍ മുപ്പത്തിയാറു പേര്‍. വിദേശത്തുള്ള അഷറഫടക്കം ആറുപേര്‍ ഒഴിച്ചെല്ലാവരും രാവിലെ പത്തുമണിക്കു തന്നെ എത്തിച്ചേര്‍ന്നു. കണ്ണൂരിലെ ഇരിട്ടിയില്‍ നിന്നും തിരുവനന്തപുരം പൊഴിയൂരില്‍ നിന്നും മറ്റു പല പ്രദേശങ്ങളില്‍ നിന്നുമായെത്തി ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളുമായി ഒരു സംഗമം. ഷണ്‍മുഖന്‍ മാഷും കുമാര സ്വാമി മാഷും സുധാകരന്‍ മാഷും രാധാകൃഷ്ണന്‍ സാറുമെല്ലാം ‌ഞങ്ങളെ കാണാനെത്തിയെന്നതു തന്നെ സന്തോഷം. കൂട്ടത്തില്‍ മാതൃസ്നേഹവുമായി ക്ലാസിലെത്തിയിരുന്ന പ്രഭാവതി ടീച്ചര്‍ ആരോഗ്യപ്രശ്നങ്ങള്‍ കാരണം എത്താത്തതില്‍ എല്ലാവര്‍ക്കും വിഷമം. അകാലത്തില്‍ വിട പറഞ്ഞ മലയാള അധ്യാപകന്‍ വാര്യര്‍ മാഷുടെ ഓര്‍മ്മക്കു മുന്നില്‍ ഒരു നിമിഷം എല്ലാവരും നിശബ്ദരായി.
          ഇപ്പോഴും മാറ്റത്തിനു മുന്നില്‍ പുറം തിരിഞ്ഞു നില്‍ക്കുന്ന ആനക്കരയെന്ന ഗ്രാമം ഞങ്ങളുടെ ജീവിതത്തെ എങ്ങിനെ മാറ്റി മറിച്ചു എന്നായിരുന്നു പലരും ഓര്‍ത്തെടുത്തത്. രണ്ടു വര്‍ഷം ഒന്നിച്ചുണ്ടും ഉറങ്ങിയും കളിച്ചും പഠിച്ചും കഴിഞ്ഞത് തെല്ലൊരു നീറ്റലോടെയാണ് സ്മരണയിലെത്തിയത്.
           മലപ്പുറത്ത് വാട്ടര്‍ അതോറിറ്റിയില്‍ അസി. എന്‍ജിനീയറായ  അബ്ബാസും  വായു  സേനയില്‍   നിന്നു 
വിരമിച്ച് സര്‍ക്കാര്‍ ഗുമസ്തനായ രഘുവുമൊഴിച്ച് മറ്റെല്ലാവരും അധ്യാപകര്‍ തന്നെ. കൂട്ടത്തിലെ കാരണവന്മാരായ അസീക്കയും കുമാരേട്ടനും തൊട്ടു ഇളമുറക്കാരായ ശ്രീനിയും കൃഷ്ണകുമാറും വരെ എത്രയെത്ര സുഹൃത്തുക്കള്‍. പ്രിയപ്പെട്ട പാട്ടുകാരനും കൂട്ടത്തിലെ ഒരേയൊരു 'ക്രോണിക് ബാച്ചിലറു'മായ ദേവരാജനും കവിയും ബാലസാഹിത്യകാരനുമായ രാമകൃഷ്ണന്‍ കുമരനല്ലൂരും... ഈ സൗഹൃദമൊക്കെ എവിടെയാണ് മുറിഞ്ഞത്..? പഠനത്തിനു ശേഷം ഒരിക്കല്‍ പോലും കാണാനാവാതെ... ഒരു വിശേഷവുമറിയാതെ... കാലം കഴിച്ചവര്‍. ഒടുവില്‍ രഘുവിന്റെ ഒരു വിളി വേണ്ടി വന്നു ഞങ്ങളെയുണര്‍ത്താന്‍. നന്ദി ... രഘൂ... നന്ദി. 
         ഇനിയീ സൗഹൃദം കൈവിടില്ലെന്നുറപ്പിച്ച് സന്ധ്യയോടെ തിരിച്ചു പോക്ക്. സ്വന്തം പ്രാരാബ്ധങ്ങളിലേക്ക്... ജീവിത യാഥാര്‍ത്ഥ്യങ്ങളിലേക്ക്......

Tuesday, April 2, 2013

BOX OFFICE

        നമ്മുടെ മലയാള ചാനലുകളിലെ സിനിമാ അധിഷ്ഠിത പരിപാടികളില്‍ പ്രധാനപ്പെട്ടത് പുതിയ സിനിമകള്‍ പരിചയപ്പെടുത്തുന്ന പരിപാടികള്‍ തന്നെ. എന്നാല്‍ പലതും നിര്‍മ്മാതാവിന്റെ സ്പോണ്‍സേര്‍ഡ് പരിപാടിയായി തരം താഴുന്നു എന്നതും സത്യം.
    ഏതു കൂതറ പടവും അരമണിക്കൂറില്‍ എഡിറ്റിങ്ങിന്റേയും കിളിമൊഴുകളുടേയും സഹായത്തോടെ മോഹിപ്പിക്കുന്നവയായി മാറുന്നു. അതോടെ കുറേ പേരെങ്കിലും തിയേറ്ററിലേക്കോടി കീശ കാലിയാക്കുന്നു. എന്നാല്‍ ഇന്ത്യാവിഷനിലെ ബോക്സ് ഓഫീസെന്ന പരിപാടി തികച്ചും വ്യത്യസ്തമായി തോന്നി.
     പുതിയ സിനിമകളിലെ കഥയും ക്ലിപ്പിങ്ങുകളും പാട്ടുകളും പരിചയപ്പെടുത്തുന്നതിനൊപ്പം ഒരു ശരാശരി പ്രേക്ഷകന്റെ കണ്ണിലൂടെ അതിനെ വിലയിരുത്തുക കൂടി ചെയ്യുന്നുണ്ട്.  ഓര്‍ഡിനറി എന്ന സൂപ്പര്‍ ഹിറ്റിനു ശേഷം സുഗീത് എന്ന സംവിധായകന്റെ പരാക്രമമാണ് 3 DOTS എന്ന് തുറന്നു പറയാന്‍ ചാനല്‍ ധൈര്യപ്പെടുന്നു. രസകരമായി തോന്നി പരിപാടിയിലെ പരാമര്‍ശങ്ങള്‍. മൂന്നു കുത്ത് (ത്രീ ഡോട്സ്) ..പ്രേക്ഷകന്റെ മുതുകത്ത്.... ഓടാത്ത ഓര്‍ഡിനറി തമാശകള്‍... അങ്ങിനെ അങ്ങിനെ..
     നിരൂപക വിദ്വാന്മാര്‍ക്ക് രസിക്കില്ലെങ്കിലും സിനിമയെക്കുറിച്ചുള്ള ഓരോ കമന്റുകളും ഭൂരിപക്ഷം വരുന്ന ശരാശരിക്കാരന് തോന്നുന്നതു തന്നെ. അതിലേറെ സ്പോണ്‍സേര്‍ഡ് പരിപാടിയായി തരം താഴുന്ന ഇത്തരം പരിപാടികളില്‍ നിന്നൊരു മാറ്റം ആശ്വാസം തന്നെ.
      പക്ഷേ സിനിമാക്കാരെ ഭയക്കാതെ എത്ര കാലം BOX OFFICE മുന്നോട്ടു പോകുമെന്ന് ന്യായമായും സംശയിക്കണം.

Saturday, February 9, 2013

ചാനലുകള്‍ക്കും മൂക്കുകയറിടേണ്ടേ?


          സര്‍ക്കാര്‍ വിലാസം ചാനലുകളുടെ പ്രസക്തി നഷ്ടപ്പെട്ടതോടെ സ്വകാര്യചാനലുകളുടെ കുത്തൊഴുക്കാണ് മലയാളത്തില്‍. ഏഷ്യനെറ്റു മുതല്‍ മാതൃഭൂമിയുടെ ചാനല്‍ വരെ നമ്മുടെ രാപ്പകലുകളെ മിനി സ്ക്രീനിനു മുന്നില്‍ തളച്ചിടാനുള്ള തന്ത്രങ്ങളാവിഷ്ക്കരിക്കുകയാണ്.
         കണ്ണീര്‍ പരമ്പരകളുടെ കാലമായിരുന്നു ആദ്യമെല്ലാം. ഒരു ട്രെന്‍ഡും അധിക കാലം നിലനില്‍ക്കില്ലല്ലോ. ദേശീയ ചാനലുകളില്‍ 'കോന്‍ ബനേഗാ ക്രോര്‍പതി' പോലുള്ള ഗെയിം ഷോകള്‍ തകര്‍ത്താടിയപ്പോള്‍ നമ്മുടെ ചാനലുകളും വഴിമാറിത്തുടങ്ങി. 'അശ്വമേഥം' പോലുള്ള ഗെയിം ഷോകള്‍ പലതും സൂപ്പര്‍ ഹിറ്റായി. പിന്നീട് യക്ഷികളും ദൈവങ്ങളും നമ്മുടെ സന്ധ്യകളെ ടെലിവിഷനുകള്‍ക്കു മുന്നില്‍ തളച്ചിട്ടതും ചരിത്രം. അതിനും അധിക കാലം ആയുസ്സുണ്ടായില്ല. പിന്നെ സംഗീതമയമായി നമ്മുടെ ചാനലുകളെല്ലാം. റിയാലിറ്റി ഷോകള്‍ സംഗീത മത്സരങ്ങളിലൂടെ ജനപ്രിയമായപ്പോള്‍ നമ്മുടെ വിലപ്പെട്ട സമയവും പണവും ഒരേ സമയം ചാനല്‍ മുതലാളിമാരും മൊബൈല്‍ കമ്പനികളും പങ്കിട്ടെടുത്തു. മത്സരാര്‍ത്ഥികളുടെ ജീവിത ദുരിതങ്ങളും ശാരീരിക വൈകല്യങ്ങളും പൊടിപ്പും തൊങ്ങലും ചേര്‍ത്തവതരിപ്പിച്ച് അവരുടെ  വിജയത്തിനായി എസ്.എം.എസിന്റെ ആവശ്യകത നമ്മെ ബോധ്യപ്പെടുത്തി. ഏതു കാലത്തും ഒരു എസ്.എം.എസിന് ഒരു രൂപയില്‍ കൂടാറില്ലെങ്കിലും ഇവിടെ മൂന്നു മുതല്‍ മേലോട്ടായിരുന്നു നിരക്കുകള്‍. വിധികര്‍ത്താക്കളുടെ ധാര്‍ഷ്ട്യം നിറഞ്ഞ പ്രകടനങ്ങളും അല്‍പ്പത്തരങ്ങളും ഡെയ്ഞ്ചര്‍ സോണെന്ന നൂല്‍പ്പാലവുമെല്ലാം മത്സരാര്‍ത്ഥികളേയും കാണികളേയും വെള്ളം കുടിപ്പിച്ചു. ഇക്കാലത്തു തന്നെ വ്യത്യസ്തത പുലര്‍ത്തിയ ചില റിയാലിറ്റി ഷോകളും നമ്മുടെ മുന്നിലെത്തി. കഥാപ്രസംഗവും കവിതാ പാരായണവും മികച്ച ചില ഹാസ്യ പരിപാടികളും ഇക്കാലത്ത് നമ്മുടെ ചാനലുകള്‍ അവതരിപ്പിച്ചു. 
         ചാനലുകളുടെ മത്സരം മുറുകിയതോടെ വ്യത്യസ്തത തേടിയുള്ള അവരുടെ മത്സരവും അതു വഴി നമ്മുടെ സമൂഹത്തിനു തന്നെ ഭീഷണിയായി മാറുന്ന പരിപാടികളുമായി നമ്മുടെ ചാനലുകള്‍ അവരുടെ പങ്കു വഹിക്കാന്‍ തുടങ്ങിയെന്നു നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. സൂര്യാ ടി.വിയില്‍ കുട്ടികള്‍ ആവേശത്തോടെ കാണുന്ന  'കുട്ടിപ്പട്ടാളം' എന്ന പേരിലുള്ള ഒരു റിയാലിറ്റി ഷോ കാണാനിടയായി... . എവിടേക്കാണ് അടുത്ത തലമുറയെ ഇവര്‍ നയിക്കുന്നതെന്നതിന്റെ വ്യക്തമായ സൂചനകളതിലുണ്ടായിരുന്നു.
അവതാരക: പശുവിനെ കണ്ടിട്ടുണ്ടോ?
കുട്ടി: ഉണ്ട്
അവതാരക: പശു എന്താണ് മനുഷ്യന് തരുന്നത്?
കുട്ടി: പാല്‍ തരും.
അവതാരക: എങ്ങിനെയാണ് പാല് എടുക്കുന്നത്?, കുത്തിത്തുരന്ന് എടുക്കുവാണോ?
കുട്ടി: അല്ല
അവതാരക: പിന്നെ എവിടുന്നാണ് എടുക്കുന്നത്?
കുട്ടി:എന്താണ് പറയേണ്ടതെന്നറിയാതെ ഒന്ന് പരുങ്ങിയെങ്കിലും പറഞ്ഞു. അത് പശുവിനെ എതാണ്ടെന്തോ സാധനത്തില്‍ നിന്നും വലിച്ചെടുക്കുകയാണെന്ന്. അവതാരകയും പ്രേക്ഷകരും കൂട്ടച്ചിരി.
പ്രശ്‌നമില്ല,  അവതാരകയുടെ അടുത്ത ചോദ്യം വരവായി. ഒന്നാം ക്ലാസിലോ മറ്റോ പഠിക്കുന്ന കൊച്ചു കുട്ടിയോട് പെമ്പറന്നവര്‍ അടുത്ത ചോദ്യം ചോദിച്ചു. എടാ നീ സൈറ്റടിക്കാറുണ്ടോ. അവതാരക രണ്ടു മൂന്നുവട്ടം ആവര്‍ത്തിച്ചു. പാവം കുട്ടി. അവന്‍ ചോദിച്ചു അതെന്താ സാധാനം. പിന്നെ അവതാരകയുടെ വക പരിഹാസം വന്നു. എന്താടാ ആണ്‍കുട്ടിയായിട്ട് സൈറ്റടിക്കലെന്താണെന്ന് പോലും അറിയില്ലേ...ഛെ കഷ്ടം. രണ്ടാമത്തെ കുട്ടിയോടും ചോദിച്ചു. ആ കുട്ടിയും കൈ മലര്‍ത്തി. കൂട്ടത്തില്‍ അല്‍പം മുതിര്‍ന്ന കുട്ടിയോടായി അടുത്ത ചോദ്യം. എടാ നിനക്കറിയാമോ...കുട്ടി ധൈര്യസമേതം അറിയാം. ആരെയെങ്കിലും സൈറ്റടിച്ചിട്ടുണ്ടോ. ദാ...എന്നെ നോക്കിയേ...എന്നെ ഒന്ന് സൈറ്റടിച്ചേ...കുട്ടി സൈറ്റടിച്ചു. സദസ്സും അവതാരകയും കൂട്ടച്ചിരി. ഇതെല്ലാം നടക്കുന്നത് സ്വന്തം തന്തയുടെയും തള്ളയുടെയും മുന്നില്‍ വെച്ചാണെന്നോര്‍ക്കണം...അതോടെ ഇളം മനസ്സിലെ തന്നെ അശ്ലീലത കുത്തിവെക്കാനും അത്തരം കാര്യങ്ങള്‍ അനുകരിക്കാനും അതൊന്നും അറിയാതെ നടക്കാന്‍ പാടില്ലെന്നും പഠിപ്പിക്കുന്ന ഒന്നാന്തരം പരിപാടി തന്നെ.ഇതൊന്നു മാത്രം. ഇതിന്റെ ആവര്‍ത്തനം തന്നെ പരിപാടി വുഴുവന്‍.
        സഞ്ജയന്റേയും വി.കെ.എന്നിന്റേയും ഹാസ്യമാസ്വദിച്ച മലയാളം പാസ്യത്തിന്റെ ഫീമെയില്‍ വേര്‍ഷനായി ചാനലുകള്‍ അവതരിപ്പിക്കു്ന്ന സുബി സുരേഷാണ് ഈ പരിപാടിയുടെ അവതാരിക. അരോചകം തന്നെ അവരുടെ പരാക്രമങ്ങള്‍.
               എട്ടും പൊട്ടും തിരിയാത്ത മൂന്നോ നാലോ വയസ്സുള്ള കുറച്ചു പിള്ളേരെ സ്റ്റുഡിയോയില്‍ പിടിച്ചിരുത്തി സുബി തന്റെ ടോക് ഷോ ആരംഭിക്കുന്നു. മറുപുറത്ത് കുറേ മമ്മിമാരും ഡാഡിമാരും മുത്തശ്ശീമുത്തച്ഛന്മാരും എന്തു കേട്ടാലും പൊട്ടിച്ചിരിക്കാനും കൈയടിക്കാനുമുള്ള പരിശീലനം നേടി തയ്യാറായിരുപ്പുണ്ട്.
       വിലപ്പെട്ടതെന്തു നല്‍കിയാലും തന്റെ മക്കളെ താരസുന്ദരിമാരും ലോകസുന്ദരിമാരുമാക്കാനായി ഒരുളുപ്പുമില്ലാതെ ഇറങ്ങിത്തിരിച്ച രക്ഷിതാക്കള്‍ക്ക് (?) ഒരു പക്ഷേ ഇതെല്ലാം യോജിക്കുമായിരിക്കും. മൂന്നോ നാലോ വയസ്സുകാര്‍ക്ക് ഭാവിയില്‍ ഇണകളെ ആകര്‍ഷിക്കാനും വശീകരിക്കാനും മൂന്നാംകിട സൂത്രപ്പണികള്‍ പടിപ്പിക്കുന്ന ഇത്തരം ചാനല്‍ പേക്കൂത്തുകള്‍ എത്രകാലം നാം സഹിക്കണം. മറ്റു ചാനലുകള്‍ക്കും ഇത്തരം മാതൃകകള്‍ പിന്തുടരാം. വേണമെങ്കില്‍ നീലചിത്ര നിര്‍മ്മാണവും പ്രദര്‍ശനവും വരെ നിങ്ങള്‍ നടത്തിക്കോളൂ. അതിനും പിന്തുണ നല്‍കാന്‍ ഇവിടെ ആളുണ്ടാകും. പ്രസവം വരെ ലൈവായി കാണിക്കണമെന്നാണല്ലോ ഭൂരിപക്ഷ അഭിപ്രായം.
         പക്ഷേ ഈ കോപ്രായം കൊച്ചു കുഞ്ഞുങ്ങളോടു വേണമായിരുന്നോ? എന്തിനു അവതാരികയേയും ചാനല്‍ മുതലാളിമാരേയും കുറ്റം പറയണം? 'ഉദര നിമിത്തം ബഹുകൃത വേഷം'. നമ്മുടെ ഇത്തിരിപ്പോന്ന കുഞ്ഞുങ്ങള്‍ വായില്‍ കൊള്ളാത്ത ചോദ്യങ്ങള്‍ക്കു മുന്നില്‍ പകച്ച് എന്തെല്ലാമോ വിളിച്ചു പറയുന്നത് കേട്ടു കുലുങ്ങിച്ചിരിക്കുന്ന അല്‍പ്പന്മാരെ പറഞ്ഞാല്‍ മതിയല്ലോ. സ്വന്തം മകളെ പീഢിപ്പിക്കുന്ന പിതാക്കന്മാരും കൂട്ടിക്കൊടുക്കുന്ന അമ്മമാരുമുള്ള നമ്മുടെ നാട്ടില്‍ ഇതൊന്നും ആര്‍ക്കും വലിയ പ്രശ്നമല്ലായിരിക്കും. എന്നാല്‍ പ്രിയ ചാനല്‍ പ്രവര്‍ത്തകരേ... നമ്മുടെ കുഞ്ഞുങ്ങളെയെങ്കിലും വെറുതെ വിട്ടുകൂടേ..?
       ചാനലുകള്‍ക്കും സെസര്‍ഷിപ്പു വേണമെന്ന കാര്യത്തില്‍ ഇനിയെന്നാണാവോ നമ്മുടെ അധികാരികള്‍ ബോധവാന്മാരാവുക? സ്വയം നിയന്ത്രണം മതിയെന്നാണെങ്കില്‍ ഈ കഴുത്തറപ്പന്‍ മത്സര കാലത്ത് ഇങ്ങനെയൊക്കെ കാണാനും കാണിക്കാനും മടിയില്ലാത്തവരാണ് നമ്മുടെ പല ചാനലുകാരുമെന്ന് തിരിച്ചറിയണം.
          ഒന്നു കൂടി.... ഈ പരിപാടിയും സൂപ്പര്‍ ഹിറ്റാണത്രേ.. ഹ ഹ ഹ ഹ

Thursday, February 7, 2013

വിശ്വാസം... അതല്ലേ എല്ലാം....

     സാല്‍മാന്‍ റുഷ്ദിയുടെ 'സാത്താനിക് വേഴ്സസ്' എന്ന കൃതിക്കെതിരെ ഫത്വ പുറപ്പെടുവിച്ചതിനെതുടര്‍ന്ന് ഏറെക്കാലം അദ്ദേഹത്തിനു ഒളിവില്‍ കഴിയേണ്ടി വന്നത് മറക്കാറായില്ല. ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്റീനിന്റെ 'ലജ്ജ' എന്ന കൃതി നേരിടേണ്ടി വന്ന എതിര്‍പ്പുകളും നമുക്ക് മറക്കാറായില്ല. ജനങ്ങളുടെ വികാരങ്ങൾ വ്രണപ്പെടുത്തി എന്ന കുറ്റത്തിന് എം.എഫ്.ഹുസൈൻ 2006 ഫെബ്രുവരിയിൽ അറസ്റ്റ് ചെയ്യപ്പെട്ടു. ഹിന്ദുദേവതമാരെ  നഗ്നരായി ചിത്രീകരിച്ചു എന്നതായിരുന്നു പ്രധാന കുറ്റം. കുറ്റാരോപിതമായ ചിത്രങ്ങൾ 1970-ൽ വരച്ചതായിരുന്നു. എങ്കിലും ഇവ ഒരു ഹിന്ദു മാസികയിൽ 1996-ൽ പ്രസിദ്ധീകരിക്കപ്പെടുന്നതുവരെ വിവാദമായില്ല. മുമ്പ് ഇതിനെതിരായ കുറ്റാരോപണങ്ങൾ 2004-ൽ ദില്ലി ഹൈക്കോടതി തള്ളിയിരുന്നു. ഇതിന്റെ പേരില്‍ അദ്ദേഹത്തിനു നാടു വിടേണ്ടിവന്നു എന്നതും ചരിത്രം. ഒരു കാലത്ത് കലാസൃഷ്ടികള്‍ക്കും സാഹിത്യ സൃഷ്ടികള്‍ക്കുമെതിരെ വാളോങ്ങിയിരുന്ന മതഭ്രാന്തര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത് സിനിമകളെയാണെന്നു തോന്നുന്നു.
    തങ്ങളുടെ ആശയങ്ങളെ (പലതും വെറും ആമാശയങ്ങളാണെന്നതാണ് വസ്തുത) അനുകൂലിക്കാത്ത അല്ലെങ്കില്‍ പരോക്ഷമായെങ്കിലും എതിര്‍ക്കുന്ന കഥാതന്തുക്കളുള്ള സിനിമകള്‍ക്കെതിരെ വാളോങ്ങി, നിര്‍മ്മാതാവിനേയും സംവിധായകനേയും നടന്മാരേയും ബന്ധികളാക്കി കാര്യം സാധിക്കുന്ന ഇത്തരം സമര പരിപാടികള്‍ പകര്‍ച്ച വ്യാധികള്‍ പോലെ പടരുകയാണ്.
      കമലാഹാസന്റെ വിശ്വരൂപത്തിനെതിരെയുള്ള പ്രക്ഷോഭം തന്നെ ഉദാഹരണം. നൂറു കോടി ചെലവാക്കി സിനിമയെടുത്താല്‍ സ്വാഭാവികമായും അതിന്റെ സംഘാടകര്‍ക്ക് മുടക്കു മുതലിനെപ്പറ്റിയുള്ള ഉല്‍ക്കണ്ഠയുണ്ടാകും. സിനിമയിലെന്താണുള്ളതെന്ന് അറിയാന്‍ അതിന്റെ ആദ്യ ഷോ വരെ കാത്തിരിക്കാണുള്ള ക്ഷമ പോലും ജാതി മത ഭ്രാന്തര്‍ക്കില്ലാതെ പോയി. അതൊരു ഇസ്ലാം വിരുദ്ധ സിനിമയാണെന്നും അമേരിക്കന്‍ അനുകൂലമാണെന്നുമൊക്കെയാണ് കേരളത്തില്‍ ഈ സമരം സ്പോണ്‍സര്‍ ചെയ്ത എസ്. ഡി. പി. ഐക്കാര്‍ പറയുന്നത്. എന്നാല്‍ സിനിമ കണ്ടവര്‍ നേരെ മറിച്ചാണ് അഭിപ്രായം പറയുന്നത്.  തീവ്രവാദത്തിനെതിരെയാണ് സിനിമ പ്രതികരിക്കുന്നത്. തീവ്രവാദം, താലിബാനിസം എന്നൊക്കെ കേള്‍ക്കുമ്പോഴേ എന്തിന് ഇസ്ലാം വിരുദ്ധമെന്നു തീര്‍ച്ചപ്പെടുത്തുന്നു? കേരളത്തിലെ സംഘടിത യുവജന പ്രസ്ഥാനങ്ങള്‍ അതി ശക്തമായി ഇടപെട്ടപ്പോള്‍ സമരം ചീറ്റിപ്പോയി എന്നത് വാസ്തവം. എന്നാല്‍ ഈ സംഭവം ഉയര്‍ത്തുന്ന സാംസ്കാരിക പ്രശ്നങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല. കേരളത്തിലെ മാധ്യമങ്ങളില്‍ പലപ്പോഴും സാസ്കാരിക നായകരായും രാഷ്ട്രീയ നിരീക്ഷകരായും അവതരിപ്പിച്ചു വരുന്ന പലരുടേയും പൊയ് മുഖങ്ങളാണിവിടെ അനാവരണം ചെയ്യപ്പെട്ടത്. ഒ.അബ്ദുള്ളയെപ്പോലുള്ളവര്‍ പ്രകടിപ്പിച്ച അസഹിഷ്ണുതയെക്കുറിച്ചോര്‍ക്കുമ്പോള്‍ ലജ്ജ തോന്നന്നു.അറബു ഭാഷയുടെ സ്റ്റൈലിലാണ് ഈ സിനിമയുടെ പോസ്റ്റര്‍  തയ്യാറാക്കിയതെന്നു വരെ ആരോപണമായി ഉന്നയിക്കുന്നു. കാരശ്ശേരി മാഷേപ്പോലുള്ളവര്‍ ഇത്തരം സമരമാര്‍ഗ്ഗങ്ങളെ നിരാകരിക്കുകയാണ്. എതിര്‍പ്പുള്ളവര്‍ക്ക് ലേഖനമെഴുതിയോ മറ്റു പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെയോ പ്രതികരിക്കാമെന്നും വേണമെങ്കില്‍ മറ്റൊരു സിനിമയിലൂടെത്തന്നെ മറുപടി പറയാമെന്നും അദ്ദേഹം പറയുന്നു.  തമിഴ് നാട്ടില്‍ ഭരണ നേതൃത്വത്തിന്റെ മൗനാനുവാദം കൂടിയായപ്പോള്‍ കമലിന് പല രംഗങ്ങളും വെട്ടിമാറ്റേണ്ടി വന്നുവത്രേ. ഇതോടൊപ്പം 'റോമന്‍സ്' എന്ന സിനിമക്കെതിരെ ക്രൈസ്തവ സഭകളുടെ എതിര്‍പ്പും ശക്തമായിരുന്നു. എങ്കിലും വിശ്വരൂപം വിവാദത്തിനു മുന്നില്‍ അത് വെറും മുറുമുറുപ്പിലൊതുങ്ങിയെന്നേയുള്ളൂ. ഇപ്പോളിതാ 'കടല്‍' എന്ന തമിഴ് ചിത്രത്തിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നു വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മണി രത്നം സംവിധാനം ചെയ്ത തമിഴ് നിനിമ 'കടല്‍' ക്രിസ്ത്യന്‍ വിരുദ്ധമാണെന്ന് ആരോപിച്ച് ക്രിസ്ത്യന്‍ സംഘടനകളാണ് രംഗത്തെത്തിയിരിക്കുന്നത്.
      ഇനിയിപ്പോള്‍ ഒരു പോംവഴിയേ കാണാനുള്ളൂ. വല്ലവനും സിനിമ പിടിക്കാന്‍ തോന്നിയാല്‍ ചാടിക്കയറി ലൊക്കേഷന്‍ നോക്കി പായരുത്. സര്‍ക്കാര്‍ നിലവിലുള്ള സെന്‍സര്‍ ബോര്‍ഡൊക്കെ പിരിച്ചു വിടട്ടെ. എന്നിട്ട് എല്ലാജാതി മത വര്‍ഗ്ഗീയ ശക്തികളുടേയും പ്രതിനിധികളെ ഉള്‍പ്പെടുത്തി ഒന്നു പുന:സംഘടിപ്പിക്കട്ടെ. അവര്‍ സൗകര്യം പോലെ കഥയൊക്കെ കേട്ട് സംതൃപ്തരായി അനുവാദം കൊടുക്കുന്ന മുറയ്ക്കു ഷൂട്ടിങ്ങ് തുടങ്ങാം. നല്ല ഒന്നാന്തരം കഥ അവരുടെ പക്കല്‍ തന്നെ ഉണ്ടാകും. അതാവുമ്പോള്‍ കഥ തേടി അലയുകയും വേണ്ട.
        പ്രിയമുള്ള സിനിമാക്കാരാ.... നിങ്ങള്‍ ഏത് രാഷ്ട്രീയക്കാരേക്കുറിച്ചു വേണമെങ്കിലും സിനിമയെടുത്തോ... കുഴപ്പമില്ല. അവരുടെ പരാതി ആരും കേള്‍ക്കില്ല. അല്ലെങ്കില്‍ അനുകൂല വാദവുമായി ആരെങ്കിലുമെത്തും.  എന്നാല്‍ വിശ്വാസം.. അത് തൊട്ടു കളിക്കരുത്... ഇത് കാലം വേറെയാ.... പണ്ട്  നായരു പിടിച്ച പുലിവാലെന്നൊരു സിനിമയിറങ്ങിയെന്നു കരുതി ഇപ്പോള്‍ ഒരു സാദാ നായരുടെ പേരില്‍ പോലും സിനിമയിറക്കാമെന്നു കരുതണ്ട. പൊന്‍മുട്ടയിടുന്ന തട്ടാന്‍ പൊന്‍മുട്ടയിടുന്ന താറാവായതു മുതല്‍ ആ കളി ഇവിടെ നടപ്പില്ല. 1973 ല്‍ ഇറങ്ങിയ നിര്‍മ്മാല്യത്തില്‍  ഒരു ജീവിതകാലം മുഴുവന്‍ ദൈവത്തിനു വേണ്ടി ജീവിച്ച വെളിച്ചപ്പാട് ഒടുവില്‍ കുടുംബവും ദൈവം തന്നേയും തന്നെ വഞ്ചിച്ചപ്പോള്‍ തന്റെ രോഷം മുഴുവന്‍ ആ കല്‍വിഗ്രഹത്തോടു തീര്‍ക്കുന്ന സീനൊക്കെ ഇന്ന് സ്വപ്നത്തില്‍ പോലും കാണാനാവുമോ? ഇന്ന് സാക്ഷാല്‍ എം.ടി.വാസുദേവന്‍ നായര്‍ക്ക് അത്തരമൊരു കഥാപാത്രത്തെ പുന:സൃഷ്ടിക്കാനാവുമോ? അന്ന് പി.ജെ.ആന്റണിയെന്ന മഹാനടന് ഏറ്റവും മികച്ച നടനുള്ള അവാര്‍ഡുകൊടുത്താണ് രാഷ്ട്രം ആദരിച്ചത്. ഇന്നാണെങ്കില്‍ കഥാകൃത്തിന്റേയും സംവിധായകന്റേയും അഭിനേതാവിന്റേയും ജാതിയും മതവും മുടിയിഴ കീറി പരിശോധിക്കേണ്ടി വരും. സദാചാര പോലീസിന്റേയും വിചാരണകളുടേയും വാര്‍ത്തകള്‍ ഒറ്റപ്പെട്ടതല്ലെന്ന തിരിച്ചറിവിലേക്കെങ്കിലും നാമെത്തുന്നു.
         കാലം പോയ പോക്കേ... നാം മുന്നോട്ടല്ലാ പോകുന്നതെന്ന്  ആരാണ് പറഞ്ഞത്..? മുന്നോട്ടു തന്നെ. മുന്നോട്ടു തന്നെ..  പിന്നോട്ടല്ല പോകുന്നതെന്നുറപ്പാണ്.. കാരണം ഇതിലുമെത്രയോ സ്വാതന്ത്ര്യം നമ്മുടെ പൂര്‍വ്വികര്‍ അനുഭവിച്ചിരുന്നു.  നാം മുന്നോട്ടു തന്നെ.....കറുത്ത കാലത്തിന്റെ ഇരുണ്ട ഗര്‍ത്തത്തിലേക്ക്..... യാത്ര തുടരട്ടെ ...... വിശ്വാസികളെ വ്രണപ്പെടുത്താതെ.....
          വിശ്വാസം... അതല്ലേ എല്ലാം......

Tuesday, January 29, 2013

ഈ കഥയെഴുത്ത് ആര്‍ക്കു വേണ്ടി?


      പെരുമ്പാവൂരില്‍ ഉത്സവത്തിനിടെ ആനയിടഞ്ഞതും മൂന്നുപേര്‍ കൊല്ലപ്പെട്ടതും നമ്മുടെ മാധ്യമങ്ങള്‍ ആഘോഷിക്കുകയാണല്ലോ. കഥയിലെ നായകന്‍, ക്ഷമിക്കണം, പ്രതിനായകന്‍ കേരളത്തിലെ പ്രശസ്തനായ ഗജവീരന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാവുമ്പോള്‍ ആഘോഷം കെങ്കേമമാകുന്നത് സ്വാഭാവികം.
      ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറുടെ രാമചന്ദ്രന്‍ ഇടഞ്ഞതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ആവര്‍ത്തിച്ചുകൊണ്ട് ഇന്നത്തെ ദേശാഭിമാനിയില്‍ കൊച്ചിയില്‍ നിന്ന് സ്വന്തം ലേഖകനും കഥയെഴുതുന്നു വിവരക്കേടിന്റെ കൂമ്പാരമാണ് ഈ റിപ്പോര്‍ട്ട്. ലേഖകന്‍ പ്രത്യേകമൂന്നുന്നത് മദപ്പാടുണ്ടായിട്ടും ആനയെ ഒരാഴ്ചയായി എഴുന്നള്ളിക്കുന്നെന്നാണ്. കഴിഞ്ഞ ഡിസമ്പര്‍ ഇരുപത്തിഏഴാം തിയ്യതിയോടുകൂടിയാണ് നീണ്ട നാലുമാസത്തെ മദപ്പാടു കഴിഞ്ഞ് ആനയെ അഴിച്ചതെന്ന് അറിയാത്തവനാണ് ഈ റിപ്പോര്‍ട്ടറെന്ന് എനിക്കു തോന്നുന്നില്ല. അതിനു ശേഷം രണ്ടര ആഴ്ചക്കാലം പൂര്‍ണ്ണ വിശ്രമത്തിലുമായിരുന്നു. കേരളത്തിലെ ഏതെങ്കിലും ആനയ്ക് ഇത്തരമൊരു വിശ്രമം കിട്ടാറുണ്ടോ..? പിന്നെ മദപ്പാടുകാലത്തെ രാമചന്ദ്രനെ ആര്‍ക്കാണറിയാത്തത്?  പാപ്പാന്മാരെ ഏഴയലത്തു കാലുകുത്താന്‍ അവന്‍ അനുവദിക്കാറില്ല. പത്തിലേറെ എഴുന്നള്ളിപ്പെടുത്തിട്ടും ഒരു പ്രശ്നവും ഇപ്രാവശ്യം ആനയുണ്ടാക്കിയിട്ടുമില്ല. നാട്ടിന്‍ പുറത്ത് ആനയിടഞ്ഞാല്‍ ആനയ്ക്ക് മദം പൊട്ടി എന്ന് പറയാറുണ്ടായിരുന്നത്രേ.. ഈ ലേഖകനും അതേ നിലവാരത്തിലാണ്. ഉത്തരവാദപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും പരിശോധിച്ചാണ് ഇക്കുറിയും ആനയ്ക്ക് അനുമതി നല്‍കിയത്. അതിനു പുറമേ സംഭവദിവസം രാവിലെ പതിനൊന്നുമണിക്ക് ഡോക്ടര്‍മാര്‍ എല്ലാ ആനകളേയും പരിശോധിച്ചിട്ടുമുണ്ട്. അക്കാര്യം മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ടു ചെയ്തതാണ്. പിന്നെയും ഇതേ പല്ലവി ആവര്‍ത്തിക്കുന്നത് മറ്റെന്തോ ലക്ഷ്യം വെച്ചാണ്. ഒന്നരമാസം മുമ്പാണ് ഇത്തവണ ആനയെ അഴിച്ചതെന്ന് ആരോപിക്കുന്ന ലേഖകന്‍ വര്‍ഷങ്ങളായി ആനയെ ഡിസമ്പര്‍ അവസാനത്തിലേ ജനുവരി ആദ്യത്തിലോ ആണ് ഈ ആനയുടെ മദപ്പാടുകാലം അവസാനിക്കുന്നതെന്ന് മനസ്സിലാക്കണം. ഇക്കാലത്ത് പാപ്പാന്മാരെ അടുപ്പിക്കില്ല ആന എന്ന് പറഞ്ഞു കഴിഞ്ഞല്ലോ. ആനയുടെ ഇരു പുറവും പിന്നിലും ഓരോരുത്തര്‍ വീതം നാലു പാപ്പാന്മാരാണ് രാമചന്ദ്രന്റെ എഴുന്നള്ളിപ്പിനുണ്ടാകാറെന്ന് ഒരു സാധാരണ പൂരമെങ്കിലും താങ്കള്‍ കണ്ടിട്ടുണ്ടെങ്കില്‍ തിരിച്ചറിയുമായിരുന്നു.
മറ്റൊരു ആരോപണം ഇരുപത്തിനാലു കൊല്ലമായി ആനയുടെ കൂടെയുള്ള ഒരു പാപ്പാനെ കരാറുകാരന്‍  മാറ്റിയെന്നാണ്. കരാറുകാരന്‍ പാപ്പാനെ മാറ്റുകയോ? സാര്‍, താങ്കളൊഴിച്ച് മറ്റെല്ലാവരും വിഡ്ഢികളാണെന്ന് കരുതരുത്.. സുഹൃത്തേ സിങ്കിള്‍ മണി എന്ന മൂന്നാമന്‍ എത്രകാലമാണ് ആനയുടെ കൂടെയുണ്ടായിരുന്നത് എന്ന് എല്ലാവര്‍ക്കുമറിയാം. കഴിഞ്ഞ രണ്ടു ദുരന്തങ്ങള്‍ നടക്കുമ്പോളും ഇയാള്‍ കൂടെയുണ്ടായിരുന്നല്ലോ. ഒന്നാമന്‍ മണിയാണെങ്കില്‍ പതിനെട്ടു കൊല്ലമായി രാമചന്ദ്രനൊപ്പം തന്നെ. ഇത്രകാലം ഏതെങ്കിലും പാപ്പാന്‍  ഒരാനയുടെ കൂടെത്തന്നെ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം. സ്വതവേ ആനക്കാരേക്കുറിച്ചുള്ള വലിയൊരാരോപണമാണ് മദ്യപാനം. എന്നാല്‍ ഇപ്പോള്‍ രാമനൊപ്പമുള്ളവര്‍ക്കെതിരെ അത്തരമൊരു ആരോപണം ആരുന്നയിക്കും? ചില പാപ്പാന്മാരെ എന്തു കൊണ്ടാണ് ഒഴിവാക്കിയതെന്ന് സമയം കിട്ടുമ്പോള്‍ ഒന്നന്വേഷിക്കുന്നത് നന്നായിരിക്കും.
       മറ്റൊരാരോപണം വേണ്ട മുന്‍കരുതലുകള്‍ എഴുന്നള്ളിപ്പിന് എടുത്തില്ല എന്നാണ്. ആ ആരോപണത്തില്‍ കുറച്ചു കഴമ്പുണ്ട്. പക്ഷേ അവിടേയും ഏതോ അദൃശ്യ ശക്തികള്‍ ലേഖകനെ നിയന്ത്രിക്കുന്നു. ആന ഉടമസ്ഥരും കരാറുകാരുമാണ് കുറ്റക്കാര്‍ എന്നാണ് അദ്ദേഹം പറയുന്നത്. രണ്ടോ മൂന്നോ ആനയെ ഉള്‍ക്കൊള്ളാനുള്ള സൗകര്യമുള്ള സ്ഥലത്ത് എങ്ങിനെയാണ് ഏഴാനയെ കൊണ്ടുവന്നതെന്ന് അവിടുത്തെ കമ്മിറ്റിക്കാരല്ലേ മറുപടി പറയേണ്ടത്. ആനകള്‍ തമ്മില്‍ ഉണ്ടാകേണ്ട അകലത്തെക്കരറിച്ചു പോലും അറിവുള്ള ലേഖകന്‍ അകലം പാലിക്കാനും തിരക്കൊഴിവാക്കാനും കമ്മിറ്റിക്കാര്‍ എന്തെല്ലാം ചെയ്തെന്നു കൂടി പറയട്ടെ. തങ്ങളല്ല ഈ ആനയെ എഴുന്നള്ളിച്ചതെന്നു പറയാന്‍ ധൈര്യപ്പെട്ട ഒരു കമ്മിറ്റി ഭാരവാഹിയ്ക്ക് ഒന്നര ലക്ഷം കൊടുത്ത് ആരാണ് ഈ ആനയെ സ്പോണ്‍സര്‍ ചെയ്തതെന്നു പോലും അറിയില്ല.
       ഇതിലേറെ അബദ്ധങ്ങളാണ് ആനയുടെ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റിനെക്കുറിച്ചു പറയുമ്പോള്‍ ലേഖകന്‍ എഴുന്നള്ളിക്കുന്നത്. 2009 ല്‍ കോടതികള്‍ ഒരിക്കല്‍ വിലക്കിയപ്പോള്‍ അത് മറികടന്നത് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററില്‍ നിന്നൊരു ഉത്തരവ് കരസ്ഥമാക്കിയാണെന്നാണ് വാര്‍ത്തയില്‍ പരാമര്‍ശിക്കുന്നത്. കോടതി ഉത്തരവു നേടിയാണ് എഴുന്നള്ളിപ്പിനിറങ്ങിയതെന്ന് അക്കാലത്തെ ദേശാഭിമാനി പത്രങ്ങള്‍ തൂക്കിവിറ്റിട്ടില്ലെങ്കില്‍ ഒന്നു പരിശോധിച്ചാല്‍ വ്യക്തമാകുന്നതേയുള്ളൂ. തുടര്‍ച്ചയായി മൂന്നു ദിവസത്തെ എഴുന്നള്ളിപ്പുമൂലമുള്ള അവശത ആനയ്ക്കുണ്ടായിരുന്നില്ല. ഇടത്തരം ആനകള്‍ എത്രദിവസം തുടര്‍ച്ചയായി എഴുന്നള്ളിക്കാറുണ്ടെന്ന് അറിയാമോ?വര്‍ഷം തോറും ഇരുനൂറു എഴുന്നള്ളിപ്പുകളെടുക്കാറുണ്ട് എന്ന പച്ചനുണ എവിടെ ചെലവാകും? കുറേ വര്‍ഷങ്ങളായി എണ്‍പതിലധികം എഴുന്നള്ളിപ്പുകള്‍ ആനയെടുക്കാറില്ല. ആനയുടമയായ ദേവസ്വം കമ്മിറ്റിയുടെ രേഖകള്‍ പത്തുരൂപ ചെലവാക്കി വിവരാവകാശനിയമത്തിന്റെ പിന്‍ബലത്തില്‍ കൈവശപ്പെടുത്താന്‍ ഇനിയെങ്കിലും ശ്രമിക്കുമോ? നൂറ്റി അറുപത് എഴുന്നള്ളിപ്പെടുക്കുന്ന ഒരു സ്വകാര്യമുതലാളിയുടെ ഉയരക്കൂടുതലുള്ള പ്രായത്തില്‍ കാരണവരായ ഒരാനയെക്കുറിച്ച് ലേഖകന്‍ അന്വേഷിക്കുന്നത് നല്ലതാണ്. 
         ദേശാഭിമാനി വാര്‍ത്ത വായിക്കുന്ന ഏത് സാധാരണക്കാരനും മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. പാവം ലേഖകന്‍ ഒരു പക്ഷേ അക്കാര്യം മാത്രമായിരിക്കും ലക്ഷ്യമിട്ടതും. സംസ്ഥാന വനം വകുപ്പു മന്ത്രിയായ ശ്രീ ഗണേഷ് കുമാറിനെയാണ് ലേഖകന്‍ കുറ്റപ്പെടുത്തുന്നത്. അതിനാണ് രാജേഷ് പല്ലാട്ട് എന്ന ആനക്കരാറുകാരനേയും അദ്ദേഹത്തിന്റെ മന്ത്രിയുമായുള്ള അടുപ്പവും സൂചിപ്പിക്കുന്നത് എന്ന് തോന്നുന്നു. പേരാമംഗലം ദേവസ്വം നേരിട്ടാണ് മിക്ക പൂരങ്ങളും ഏല്‍ക്കുന്നത്. പിന്നെ ഏക്കത്തുക കൂടുന്നതില്‍ ആനമുതലാളിക്കും കരാറുകാര്‍ക്കും മാത്രമല്ല പങ്കുള്ളത്. ആനക്കമ്പം ജനങ്ങളിലേക്കെത്തിച്ച അച്ചടി മാധ്യമങ്ങള്‍ക്കും ചാനലുകള്‍ക്കും ഇക്കാര്യത്തില്‍ ഒഴിഞ്ഞുമാറാനാവില്ല. പൂരക്കമ്മിറ്റിക്കാര്‍ അമിതമായ ഏക്കം നല്‍കില്ല എന്ന് പറഞ്ഞാല്‍ ഏത് ആനമുതലാളിയും കീഴടങ്ങും. അതിനായാണ് താങ്കള്‍ തൂലിക ചലിപ്പിക്കുന്നതെങ്കില്‍ ഞങ്ങളുണ്ട് കൂടെ.

           രാവിലെ പതിനൊന്നു മണിക്ക് പരിശോധനയില്‍ യാതൊരു കുഴപ്പവുമില്ലെന്നും തുടര്‍ന്ന് ഇടുങ്ങിയ ക്ഷേത്ര മതില്‍ക്കെട്ടിനുള്ളിലേക്ക് കയറും വരെ ആന ഒരു പ്രശ്നവുമുണ്ടാക്കിയിട്ടില്ലെന്നും പല മാധ്യമങ്ങള്‍ക്കും റിപ്പോര്‍ട്ട് ചെയ്യേണ്ടിവന്നു. സ്ഥല സൗകര്യമില്ലായിരുന്നുവെന്നും കൂട്ടാന പിന്നില്‍ നിന്നും കുത്തിയെന്നും വിശ്വസനീയമായ വാര്‍ത്തയുമുണ്ട്. അപ്പോള്‍ അവിചാരിതമായ എന്തോ പ്രകോപനം ആനയ്ക്കുണ്ടായിട്ടുണ്ടെന്നും അതു കൊണ്ടുള്ള പെട്ടെന്നുള്ള ആനയുടെ പരാക്രമമാണ് പ്രശ്നങ്ങളുണ്ടാക്കിയത് എന്നും ആര്‍ക്കും ഊഹിക്കാം.  അത്തരം കാര്യങ്ങള്‍ മന:പൂര്‍വ്വം സ്വന്തം പ്രതിനിധി വിട്ടു പോയത് ദേശാഭിമാനി അധികാരികള്‍ ശ്രദ്ധിച്ചില്ലെങ്കിലും വായനക്കാര്‍ ശ്രദ്ധിക്കും.
        ദേശാഭിമാനിയ്ക്ക് രാഷ്ട്രീയമുണ്ട്, അതറിയുന്നവനാണ് ഞാനും. എന്നാല്‍ ഇത്തരം വസ്തു നിഷ്ഠമല്ലാത്ത റിപ്പോര്‍ട്ടുകള്‍ പടച്ചുണ്ടാക്കുമ്പോള്‍ വായനക്കാര്‍  തങ്ങളേക്കാള്‍ ബോധവാന്മാരാണെന്ന് ഇത്തരം പത്രക്കാര്‍ ഓര്‍ക്കുന്നത് നന്ന്. രാഷ്ട്രീയമായി വനം മന്ത്രിയേയോ അദ്ദേഹത്തിന്റെ നാട്ടാന പരിപാലന നിയമത്തേയോ എതിര്‍ക്കാം. എന്നാല്‍ അതിനു വേണ്ടി വിലകുറഞ്ഞ ആരോപണങ്ങളുമായി ഇറങ്ങിപ്പുറപ്പെടുന്നത് എത്രമാത്രം തരം താഴ്ത്തപ്പെടും പത്രക്കാരും പത്രവുമെന്ന് സമയം കിട്ടുമ്പോള്‍ ഓര്‍ക്കുമല്ലോ.  

       സാര്‍ ..... ഒരു സംശയം കൂടിയുണ്ട്. ഇത്തരം റിപ്പോര്‍ട്ടുകളെയല്ലേ പെയ്ഡ് ന്യൂസ് എന്നൊക്കെ പറയുന്നത്?