Tuesday, July 24, 2012

ഒരു രാഷ്ട്രപതി തെരഞ്ഞടുപ്പിന്റെ പിന്നാമ്പുറങ്ങള്‍

        ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിലെ രാഷ്ട്രത്തലവനെ തെര‌ഞ്ഞെടുത്തു കഴിഞ്ഞു നാം. ഒരു പക്ഷെ നമുക്ക് നേരിട്ടു  പങ്കാളിത്തമില്ലാത്തതിനാലാവാം ഈ തെരഞ്ഞെടുപ്പു പ്രക്രിയകളെല്ലാം ഒട്ടൊരു നിഷ്ക്രിയത്വത്തോടെയാണ് മിക്കവരും നോക്കിക്കാണുന്നത്. മുഖ്യധാരാ മാധ്യമങ്ങള്‍ക്കുപോലും ഇത് വലിയൊരു വാര്‍ത്തയായില്ല. തെരഞ്ഞടുപ്പു ഫലം പുറത്തുവന്നപ്പോള്‍ 69.31% വോട്ടു നേടി പ്രണാബ് മുഖര്‍ജി തന്നെ വിജയിച്ചു. ഭരണകക്ഷിയുടെ വിജയം എന്നതിലുപരിയായി ഈ തെരഞ്ഞടുപ്പ് മറ്റുചില കാണങ്ങളാലായിരിക്കും ചരിത്രത്തില്‍ ഇടം പിടിക്കുന്നത്.
        സ്ഥാനാര്‍ത്ഥി നിര്‍ണയഘട്ടത്തില്‍ തന്നെ നമ്മുടെ രാജ്യത്തിലെ രാഷ്ട്രീയ സഖ്യങ്ങളേയും മിക്കവാറും രാഷ്ട്രീയ പാര്‍ട്ടികളേയും പ്രതിസന്ധികളിലെത്തിക്കുകയും ചെയ്തു, ഈ തെരഞ്ഞെടുപ്പ്. ഭരണസഖ്യത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രണാബിനെ കണ്ടെത്താന്‍ അവരുടെ ഹൈക്കമാന്റായ സോണിയാ ഗാന്ധിക്ക് അധികം വിയര്‍ക്കേണ്ടി വന്നില്ല എന്നത് വിസ്മരിക്കുന്നില്ല. എന്നാല്‍ പ്രധാന സഖ്യകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് ഇതുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. മമതയ്ക്ക് ബംഗാളില്‍ നിന്ന് തന്നേക്കാള്‍ വലിയൊരു നേതാവ് ഉയര്‍ന്നു വരുന്നത്  അംഗീകരിക്കാനാവുമോ. എന്നാല്‍ സ്വന്തമായൊരു സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കാന്‍ മമതക്കും കഴിഞ്ഞില്ല. ഒടുവില്‍ താനില്ലെങ്കിലും പ്രണാബിന്റെ വിജയം സുനിശ്ചിതമാ​ണെന്നും തനിക്കു പകരം മറ്റുപലരും യു.പി.എ യില്‍ കയറിക്കൂടുമെന്നുമായപ്പോള്‍ മമത മലക്കം മറിഞ്ഞു.
        എന്‍.ഡി.എ. സഖ്യത്തില്‍ ഇതിലേറെ പ്രശ്നങ്ങളാണല്ലോ. ജനതാദള്‍ (യു) വും ശിവസേനയും പ്രണാബിനെ പരസ്യമായി പിന്തുണയ്ക്കുമ്പോല്‍ എന്‍.സി.പി. നേതാവ് സാങ്മയെ പിന്തുണക്കേണ്ടി വന്നു.,ബി.ജെ.പി യ്ക്ക്. സാങ്മയാകട്ടെ സ്വയം സ്ഥാനാര്‍ത്ഥിയായി രംഗപ്രവേശനം ചെയ്തത് കോണ്‍ഗ്രസ് സഖ്യകക്ഷിയായ എന്‍.സി.പി.യ്ക്ക് ഉള്‍ക്കൊള്ളാനാവുമോ? ഒടുവില്‍ സാങ്മയെ തള്ളിപ്പറയേണ്ടി വന്നു ശരത് പവാറിന്. എ.ഐ.എ.ഡി.എം.കെ യും തെലുങ്കുദേശവും സാങ്മയ്ക്കൊപ്പം അണിനിരന്നെങ്കിലും കാര്യമായ മത്സരമുണ്ടായില്ല. ദക്ഷിണേന്ത്യയിലെ അവരുടെ ഏക അത്താണിയായ കര്‍ണ്ണാടകയില്‍ കൂറുമാറി വോട്ടുചെയ്തു ബി.ജെ.പി. ക്കാര്‍ ഞെട്ടിച്ചു കളഞ്ഞു.
        ഇതിലേറെ പരിതാപകരമായിരുന്നു ഇടതുപക്ഷത്തിന്റെ അവസ്ഥ. സി.പി.എം. ഉം ഫോര്‍വ്വേഡ് ബ്ലോക്കും പ്രണാബ് മുഖര്‍ജിയ്ക്കൊപ്പം നിന്നപ്പോള്‍ സി.പി.ഐ.യും ആര്‍.എസ്.പി.യും നിഷ്പക്ഷത പാലിച്ച് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് തീരുമാനിച്ചത്. അടുത്ത കാലത്തൊന്നും ഇത്തരത്തില്‍ ഇടതുകക്ഷികള്‍ തമ്മില്‍ പ്രധാനപ്പെട്ട പ്രശ്നങ്ങളില്‍ അഭിപ്രായഭിന്നതയുണ്ടായിട്ടില്ല. ബംഗാള്‍ ഘടകത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് സി.പി.എമ്മിന് ഈ തീരുമാനമെടുക്കേണ്ടി വന്നതെന്ന് മാധ്യമവാര്‍ത്തകള്‍. മമത ഉടക്കിനില്‍ക്കുമ്പോള്‍ ഇതിലും നല്ല തീരുമാനമെന്താണ്? പക്ഷെ മറ്റുള്ളവര്‍ മാനത്തുകാണുമ്പോള്‍ മമത ദില്ലിയില്‍ തന്നെ കണ്ടു. യു.പി.എ യില്‍ മറ്റു ചിലര്‍ കടന്നുകൂടാനും ബംഗാളില്‍ സി.പി.എമ്മിന് അവസരം കൊടുക്കാനും തയ്യാറാവാതെ മമത പറഞ്ഞതെല്ലാം യാതൊരു മടിയുമില്ലാതെ വിഴുങ്ങി. ഒടുവില്‍ പ്രണാബിനു തന്നെ പിന്തുണ. മറ്റൊരു നാടകത്തിനു കൂടി യൗവ്വനമുണ്ടെന്ന് കാണിക്കാന്‍ ഉപരാഷ്ട്രപതി തെരഞ്ഞടുപ്പും മമത ഉപയോഗിക്കാന്‍ പോവുകയാണ്. സി.പി.എമ്മിന്റെ തീരുമാനം ജെ.എന്‍.യു. വിലെ എസ്.എഫ്.ഐ യില്‍ ഒരു പിളര്‍പ്പിനു തന്നെ കാരണമായി.നവ സാമ്പത്തിക നയങ്ങളുടെ മുഖ്യ നടത്തിപ്പുകാരനായി അറിയപ്പെടുന്ന പ്രണാബിനെ പിന്തുണക്കാന്‍ ഇടതുപക്ഷത്തെ പലര്‍ക്കും ഇപ്പോഴും പൂര്‍ണമായി കഴിയുന്നില്ല.
         എന്നാല്‍ ഇതൊന്നുമല്ല ഈ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. ഭാരതത്തെപ്പോലെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തിലെ പ്രഥമപൗരന്റെ തെരഞ്ഞടുപ്പ് എത്ര നിസ്സാരമായാണ് നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ കൈകാര്യം ചെയ്തത്. രാഷ്ടീയപരമോ മറ്റേതെങ്കിലും നയപരിപാടികളോ അടിസ്ഥാനമാക്കിയായിരുന്നു ഈ തെരഞ്ഞടുപ്പെങ്കില്‍ നമ്മുടെ ജനാധിപത്യത്തിന്റെ വിജയത്തില്‍ അഭിമാനം കൊള്ളാമായിരുന്നു. എന്നാല്‍ കേവലം യാന്ത്രികമായ കാര്യങ്ങളാണ് നമ്മെ മുന്നോട്ടു നയിക്കുന്നതെന്ന് ലോകത്തിനു മുന്നില്‍ നാം കാണിച്ചുകൊടുത്തു. എന്തായാലും കഴിഞ്ഞ മുപ്പതിലേറെ കൊല്ലങ്ങളായി ഇന്ദ്രപ്രസ്ഥത്തിന്റെ അകത്തളങ്ങളില്‍ ഭരണത്തിന്റെ പിന്നണിയിലും മുന്നണിയിലും തന്റതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രണാബ് മുഖര്‍ജി പ്രഥമപൗരനാകുന്നത് ഒരു തരത്തില്‍ ആശ്വാസത്തിനു വകനല്‍കുന്നു.
പിന്‍കുറിപ്പ് :
       കെ.ആര്‍ നാരായണനെന്ന ഒരു ദളിതനും അബ്ദുള്‍ കലാമെന്ന ഒരു ശാസ്ത്രജ്ഞനും പ്രതിഭാ പാട്ടീലെന്ന ഒരു വനിതയും നമ്മുടെ പ്രഥമ പൗരന്മാരായിരുന്നിട്ട് കൊടാനുകോടി ദരിദ്രനാരായണന്മാര്‍ എന്തു നേടി...? ഇനിയൊരു പക്കാ രാഷ്ട്രീയക്കാരന്‍ ആ സ്ഥാനത്തിനിരുന്നാല്‍ ആശക്കു വകയുണ്ടോ...?  പണ്ട് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്ന പദവി എന്തെന്ന് കാണിച്ചു തന്ന ഒരു ടി.എന്‍.ശേഷനെ ഓര്‍മ്മയുണ്ടോ.......അതുപോലെ ഒരാളെ എന്നെങ്കിലും നമുക്ക് നമ്മുടെ പ്രഥമപൗരനായി ലഭിക്കുമോ.?