Saturday, June 30, 2012

'ക്ലാസിക്കല്‍' പദവി ആര്‍ക്കു വേണം ?

           മലയാള ഭാഷയ്ക്ക് 'ക്ലാസിക്കല്‍' ഭാഷാ പദവി അനുവദിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നമ്മുടെ അയല്‍ക്കാരായ തമിഴര്‍ ആ പദവി അടിച്ചെടുത്തപ്പോഴേ നമ്മുടെ ഉറക്കം നഷ്ടപ്പെട്ടിരുന്നു. നമ്മുടെ സാഹിത്യനായകന്മാരും രാഷ്ട്രീയ നേതൃത്വവും ഇതിനായി നിരന്തരം ആവശ്യമുന്നയിച്ചിരുന്നു.

           ഒടുവില്‍ ഇതിനായി നിയോഗിച്ച സമിതിയുടെ തീരുമാനം പുറത്തു വന്നു. മലയാള ഭാഷയ്ക്ക് ആയിരത്തി അഞ്ഞൂറ് വര്‍ഷത്തിന്റെ പാരമ്പര്യം അവകാശപ്പെടാനാവില്ലെന്ന് അതിനായി നിയോഗിച്ച സമിതി കണ്ടെത്തി. ഇതിനു പിന്നില്‍ ഒരു പാടു ചരടുവലികള്‍ ഉണ്ടെന്ന് പറയപ്പെടുന്നു. ആയിരം വര്‍ഷത്തെ പാരമ്പര്യമേ തമിഴിന് വേണ്ടിയിരുന്നുള്ളൂ. തമിഴിന് ക്ലാസിക്കല്‍ പദവി കിട്ടിയതിനു ശേഷം 'പാരമ്പര്യം' ആയിരത്തി അഞ്ഞൂറായി ഉയര്‍ത്തിയതാണത്രേ. തങ്ങള്‍ക്ക് കിട്ടണമെന്നു മാത്രമല്ല മറ്റുള്ളവര്‍ക്കു കിട്ടരുതെന്ന കണിശത കൂടിയുണ്ട് ഈ വിചിത്ര തീരുമാനത്തിന്. അത്രക്കു പിടിപാടുണ്ട് തമിഴന് എന്നെങ്കിലും നമുക്ക് ബോധ്യമാകേണ്ടേ..? അതു മാത്രമല്ല ഈ സമിതിയില്‍ ഉള്‍പ്പെട്ട രണ്ടു പേരേക്കുറിച്ചും ആക്ഷേപമുണ്ട്. ഡോ.വി.എച്ച്.കൃഷ്ണമൂര്‍ത്തി, ഡോ.പി.എസ്.സുബ്രഹ്മണ്യന്‍ എന്നിവരുടെ പക്ഷപാതപരമായ സമീപനമാണ് നമുക്ക് പാരയായത്. ഡോ. നാച്ചിമുത്തുവിനെപ്പോലൊരാളെ ഈ വിദഗ്ദസമിതിയില്‍ നിന്നൊഴിവാക്കിയതും ദുരൂഹമാണ്. ശ്രേഷ്ഠഭാഷാപദവിക്കായുള്ള നാലു മാനദണ്ഢങ്ങളില്‍ മൂന്നു കടമ്പകളും മലയാളം കടന്നിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് എന്തെങ്കിലും നിര്‍ദ്ദേശമുണ്ടോ എന്ന് അന്വേഷിച്ചതിനുശേഷമാണ് വിദഗ്ദസമിതി തീരുമാനമെടുത്തതെന്നു കൂടി പറയപ്പെടുന്നു. അപ്പോള്‍ കാര്യം വ്യക്തമാണല്ലോ. ശുപാര്‍ശയ്ക്ക് ആളില്ലാതെ പോയി. നമ്മുടെ കേന്ദ്രമന്ത്രിമാര്‍ ഇതെന്തെങ്കിലും അറിയുന്നുണ്ടോ .? അതോ എല്ലാവരും നിഷ്പക്ഷരോ..?

           ഇതിനെല്ലാം പുറമേ ഇക്കാര്യത്തിലുള്ള നമ്മുടെ താല്പര്യം കൂടി ഇവിടെ വിലയിരുത്തപ്പെടേണ്ടതാണ്. ആര്‍ക്കാണ് മലയാളത്തിന് ക്ലാസിക്കല്‍ പദവി കിട്ടാത്തതില്‍ വിഷമം..? നമ്മുടെ ഭരണാധികാരികള്‍ക്ക് എന്തു പറയാനുണ്ട്.? തീരുമാനം പുറത്തുവന്നപ്പോള്‍ അവലോകനയോഗം വിളിക്കുന്നതില്‍ കഴിയുന്നു പലരുടേയും ചുമതല. ഭാഷയെന്നാല്‍ മലയാളമാണെന്നുതന്നെ അംഗീകരിക്കാത്തവരാണല്ലോ പലരും. ഭാഷാസമരമെന്നും ഭാഷാദ്ധ്യാപകരെന്നുമെല്ലാം നമ്മുടെ വിദ്യാഭ്യാസമന്ത്രിയുടെ പാര്‍ട്ടിക്കാര്‍ പറയുമ്പോള്‍ അത് മലയാളത്തെക്കറിച്ചല്ലെന്ന് ആര്‍ക്കാണാറിയാത്തത്.

            ഈ അവസരത്തില്‍ നമ്മുടെ സര്‍ക്കാര്‍ മലയാളഭാഷയുടെ കാര്യത്തില്‍ എത്രമാത്രം തല്പരരാണെന്നു കൂടി പരിശോധിക്കണം. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ് ഇക്കാര്യത്തില്‍ നാമെന്തെങ്കിലും ചെയ്യാന്‍ തുടങ്ങിയത്.അന്നത്തെ വിദ്യഭ്യാസമന്ത്രി ശ്രീ എം..ബേബി മലയാള പഠനനിലവാരം ഉയര്‍ത്താനും ഒന്നാം ഭാഷയായി മാറ്റാനും തീരുമാനിച്ചു. ഇതു മൂലം സ്ക്കൂളുകളില്‍ മലയാള ഭാഷാപഠനത്തിന് കൂടുതല്‍ പിരീഡുകളും അതുവഴി കൂടുതല്‍ ഭാഷാധ്യാപകരെയും ലഭിക്കുമായിരുന്നു. എന്നാല്‍ ഭരണം മാറിയതോടെ ഇക്കാര്യത്തില്‍ ഒരു നടപടിയും ഉണ്ടായില്ല. ഒന്നു രണ്ട് ഉത്തരവുകള്‍ ഇറങ്ങിയെങ്കിലും ഒന്നും സംഭവിച്ചില്ല. സ്ക്കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കാന്‍ പോലും മന്ത്രിക്ക് താല്‍പര്യമില്ല. കേന്ദ്രീയ വിദ്യാലയങ്ങളിലും ഓറിയന്റല്‍ സ്ക്കൂളുകളിലും ഇപ്പോഴും മലയാളത്തിന് പടിപ്പുറത്തുതന്നെ സ്ഥാനം.. കഴിഞ്ഞ വര്‍ഷം നടപ്പിലാക്കാതെ നീട്ടിവെച്ച ഉത്തരവ് ഈ വര്‍ഷം മെയ് മാസം വീണ്ടൂം പുറത്തിറക്കിയെങ്കിലും ഉത്തരവ് ഒരു ഉളുപ്പുമില്ലാതെ മുക്കിയിരിക്കുന്നു. ഭരണം ഒരു പ്രാദേശിക പാര്‍ട്ടിയുടെ സ്വന്തമാവുകയും ഭരണനേതൃത്വം അവര്‍ക്കു കീഴടങ്ങുകയും ചെയ്യുമ്പോള്‍ മലയാളത്തിന്റെ ക്ലാസിക്കല്‍ പദവിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതു തന്നെ വൃഥാവ്യായാമമല്ലേ. ചാനല്‍ മലയാളവും, പ്രത്യേകിച്ച് 'രഞ്ജിനീ മളയാല'വുമെല്ലാം നമ്മുടെ ഭാഷയുടെ വളര്‍ച്ചയാണ് കാണിച്ചുതരുന്നതെന്ന് നമുക്ക് സമാധാനിക്കാം. അല്ലെങ്കില്‍ ഇപ്പോള്‍ ആര്‍ക്കു വേണം ഈ മലയാള ഭാഷയെ..? കുറച്ചു പ്രവാസികള്‍ക്കോ..........ആര്‍ക്കാണ് ഇപ്പോള്‍ കേരളമെന്നോ മലയാളമെന്നോ കേട്ടാല്‍ ചോര തിളയ്ക്കുന്നത്.?

           നമ്മുടെ സാംസ്കാരിക നായകരുടെ ശബ്ദവും വേണ്ടത്ര ഉയര്‍ന്നു കേള്‍ക്കുന്നില്ല. .എന്‍.വി. കുറുപ്പാണ് ഈ വിഷയത്തില്‍ ഏറ്റവും ശക്തിയായി പ്രതികരിച്ചത്.കള്ളച്ചുരിക തീര്‍ക്കുന്ന കൊല്ലന്മാരോടു വിദ്യാഭ്യാസ വകുപ്പിനെ ഉപമിച്ച അദ്ദേഹത്തിന്റെ പ്രസ്താവന നമ്മുടെ ഭാഷയുടെ ശക്തിയാണ് കാണിച്ചു തരുന്നത്. ഡോ. പുതുശ്ശേരി രാമചന്ദ്രനെപ്പോലുള്ള വളരെക്കുറച്ചു പേരേ ഈ ഘട്ടത്തില്‍ പ്രതികരിച്ചു കാണുന്നുള്ളൂ. ആരെയാണ് നമ്മുടെ സാംസ്കാരിക നായകര്‍ പേടിക്കുന്നത്............?

പിന്‍കുറിപ്പ് :

ടി.പി.വധത്തില്‍ 'പത്രാധിപന്റെ കടമ' ഉയര്‍ത്തിക്കാട്ടിയ മുതിര്‍ന്ന സാഹിത്യനായകന്‍ ശ്രീ. ജയചന്ദ്രന്‍ സാര്‍ ഇതെന്തെങ്കിലും അറിയുന്നുണ്ടാവുമോ …................?



Tuesday, June 19, 2012

 നെയ്യാറ്റിന്‍കര കയറിയതാര് ?


         ങ്ങിനെ നെയ്യറ്റിന്‍കര ഉപതെരഞ്ഞെടുപ്പു കഴിഞ്ഞു. യു.ഡി.എഫ്. ഭരണം ഒന്നുകൂടി ഉറപ്പിച്ചു. എല്‍.ഡി.എഫിന് വീണ്ടും തിരിച്ചടി.ബി.ജെ.പി. ഞെട്ടിച്ചു.
           നെയ്യാറ്റിന്‍കരയിലെന്താണ് സംഭവിച്ചത് ?
         രാഷ്ട്രീയ ധ്രുവീകരണം നടന്നു എന്നതില്‍ സംശയമില്ല. എങ്ങിനെ ? ആറായിരത്തില്‍ നിന്നും മുപ്പതിനായിരത്തിലേക്ക് ബി.ജെ.പി. മുന്നേറിയതെങ്ങിനെ ?
യു.ഡി.എഫ്. ഭരണമേറ്റതുമുതല്‍ അവര്‍ക്കെതിരെ കേള്‍ക്കുന്ന ആക്ഷേപം  ജാതിമത ശക്തികളുടെ പ്രീണനമാണ് അവരുടെ പ്രഥമ അജണ്ട എന്നതാണല്ലോ. ഒടുവില്‍ ലീഗിനു വേണ്ടി ലീഗിന്റെ ഭരണം എന്ന നിലയിലേക്കു വരെ അവര്‍ താഴ്ന്നു (ഉയര്‍ന്നു ?). അഞ്ചാം മന്ത്രിപ്രശ്നവും സര്‍വ്വകലാശാലാ കച്ചവടവും ലീഗിന്റെ അപ്രമാധിത്വമാണല്ലോ കാണിച്ചുതരുന്നത്. അതിനു പുറമേ മന്ത്രിസഭാ പുനസംഘടനയും ഭൂരിപക്ഷ സമുദായങ്ങളെ നോവിച്ചു. സ്വാഭാവികമായും ഇതെല്ലാം സഹായിക്കേണ്ടത് എല്‍.ഡി.എഫിനെയായിരുന്നു. സെല്‍വരാജിന്റെ ഇമേജും കൂടിയാകുമ്പോള്‍ വിധിയില്‍ സംശയമുണ്ടായിരുന്നില്ല. എന്നാല്‍ രാജഗോപാല്‍ എന്ന തുറുപ്പുശീട്ടിറക്കി ബി.ജെ.പി. അത് ഫലപ്രദമായി തടഞ്ഞു. അതു മാത്രമല്ല ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകവും അത് കേരളീയ മാധ്യമലോകത്ത് ഉണ്ടാക്കിയ ആവേശവും ജനവിധിയെ തകിടം മറിച്ചു. എരിതീയില്‍ എണ്ണയൊഴിച്ച് ഇടുക്കിയില്‍ നിന്ന് മണിയാശാനും കൊടുങ്കാറ്റായി വി.എസും എത്തിയപ്പോള്‍ സ്വയം പ്രതിരോധിക്കാന്‍ പോലും എല്‍.ഡി.എഫ്. കഷ്ടപ്പെട്ടു.
          യഥാര്‍ത്ഥത്തില്‍ സെല്‍വരാജെന്ന കഥാപാത്രത്തെ വിലയിരുത്തേണ്ട നെയ്യാറ്റിന്‍കരക്കാര്‍ വോട്ടര്‍മാര്‍ അല്ലാതായി. അവര്‍ നാടാരും നായരും ഈഴവനും മറ്റു പലരുമായി മാറിയപ്പോള്‍ അവരുടെ മൊത്തക്കച്ചവടക്കാര്‍ വോട്ടുകള്‍ വാരിയെടുത്തതില്‍ അദ്ഭുതപ്പെടാനില്ല. അതിനിടയില്‍ കാലുമാറ്റവും മറ്റു രാഷ്ട്രീയ പ്രശ്നങ്ങളുമൊന്നും പ്രസക്തമായതേയില്ല. യു.ഡി.എഫ്. വിരുദ്ധ വോട്ടുകള്‍ രാജഗോപാലെന്ന ജനകീയ സ്ഥാനാര്‍ത്ഥി വഴി ബി.ജെ.പി. യും അടിച്ചെടുത്തു. പിന്നെ എവിടെ എല്‍.ഡി.എഫിന് വോട്ട് ?
               നാടാര്‍ക്കൊരു മന്ത്രി സ്ഥാനം വഴി സമുദായത്തിന്റെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ കഴിയുമെന്ന് വി.എസ്.ഡി.പി. യും സമദൂരവും ശരിദൂരവും എന്തെന്ന് തിരിച്ചറിയാനാവാത്ത നായന്മാരും പുറത്തു പറയാന്‍ തയ്യാറാവാത്ത അജണ്ടയുമായി നടേശഗുരുവും കേരളത്തെ മുന്നോട്ടു നയിക്കാന്‍ പ്രാപ്തരാണെന്ന് തെളിയിച്ചതും ഈ തെരഞ്ഞടുപ്പിന്റെ ബാക്കിപത്രം.
            ഒരൊറ്റക്കൊല്ലം കൊണ്ട് ഒരേ സ്ഥാനാര്‍ത്ഥിയെ തന്നെ വിരുദ്ധമുന്നണികളിലായി തെരഞ്ഞെടുക്കാന്‍  യാതൊരു മടിയും കാണിക്കാത്ത രാഷ്ട്രീയത്തിനതീതമായി മറ്റു പലതുമാണ് തെരഞ്ഞെടുപ്പ് വിജയത്തിനാവശ്യമെന്ന് പഠിപ്പിച്ചു തന്ന നെയ്യാറ്റിന്‍കരക്കാരെ നമിക്കുന്നു.
പിന്‍കുറിപ്പ് : തിരിച്ചറിവുകള്‍
(യു.ഡി.എഫ്.) പ​ണവും പ്രതാപവും (ഭരണവും) മാധ്യമസഹായവും  ഉണ്ടെങ്കില്‍ ആരെയും കാലുമാറ്റാനും ജയിപ്പിക്കാനും കഴിയും.
(എല്‍.ഡി.എഫ്.) ജയിക്കാവുന്ന തെരഞ്ഞെടുപ്പ് തോല്‍പ്പിക്കാന്‍ ഒരുപാടു വഴികളുണ്ട്.
(ബി.ജെ.പി.) എല്ലാ മണ്ഢലങ്ങളിലും രാജേട്ടനെ മത്സരിപ്പിച്ച് കേരള ഭരണം പിടിക്കാം.