Monday, August 27, 2012

ഗ്രീന്‍ പൊളിറ്റ്ക്സിനു പിന്നിലെ ഗ്രീഡി പൊളിറ്റിക്സ്
          ഹരിത രാഷ്ട്രീയം പുതിയൊരു പദമൊന്നുമല്ല നമുക്ക്. എന്നാല്‍ അടുത്ത കാലത്ത് കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച വിവാദങ്ങള്‍ക്ക് കാരണമായത് ഇതേ പച്ചപ്പു തന്നെയെന്ന് അറിയുമ്പോള്‍ നമുക്ക് അതേപ്പറ്റി കൂടുതല്‍ അറിയാനാഗ്രഹമുണ്ടാകുന്നു. കേരളം പ്രകൃതിയുടെ വരദാനമാണ്. ഇതിനു കാരണം നമ്മുടെ ഭൂപ്രകൃതി തന്നെ. കിഴക്ക് നിരനിരയായ മലനിരകളും അവയ്ക്ക് തൊങ്ങലിട്ടു നില്‍ക്കുന്ന വനങ്ങളും. കുറെ താഴ്വരകള്‍... പുഴകള്‍..  കായലുകള്‍.. നെല്‍പാടങ്ങള്‍... മലയോരത്തെതേയിലത്തോട്ടങ്ങള്‍.... നീണ്ടുനിവര്‍ന്നു കിടക്കുന്ന സമുദ്രതീരം... ശരിക്കും ദൈവത്തിന്റെ സ്വന്തം നാടുതന്നെ. ഇതോടൊപ്പം നമ്മുടെ പരിമിതികള്‍ കൂടി കണക്കിലെടുക്കുമ്പോഴാണ് നാം നേരിടുന്ന ആഴത്തിലുള്ള പ്രതിസന്ധികള്‍ മനസ്സിലാവുന്നത്. നമ്മുടെ അമൂല്യമായ ജലസമ്പത്ത് സംരക്ഷിക്കാനാവാത്തത്... പരമ്പരാഗത കാര്‍ഷിക രംഗത്തിന്റെ തളര്‍ച്ച....... കാലാവസ്ഥയെ മാത്രം ആശ്രയിച്ചു നിലനില്‍ക്കുന്ന നാണ്യവിളകള്‍....... പരിസ്ഥിതിക്കിണങ്ങാത്ത വികസന പ്രവര്‍ത്തനങ്ങള്‍.... ജനസംഖ്യാ വര്‍ദ്ധനവ്.....ജനസാന്ദ്രത........ പ്രകൃതി ദുരന്തങ്ങള്‍....അതിലേറെ നമ്മുടെ ഉപഭോഗ തൃഷ്ണ.  എന്നും നമ്മുടെ വനമേഖലകള്‍ കുടിയേറ്റക്കാരുടെ പറുദീസയായിരുന്നു. അവരുടെ കഠിനമായ പരിശ്രമങ്ങളിലൂടെ ഒട്ടൊക്കെ വനസമ്പത്ത് നശിച്ചെങ്കിലും കാര്‍ഷിക മേഖലക്ക് അത് വലിയ നേട്ടമുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ഇതിനിടയിലെപ്പോഴോ വന്‍കിട കമ്പനികള്‍ ഈ കൃഷിഭൂമികളുടെ അനന്ത സാധ്യതകള്‍ കണ്ട് നമ്മുടെ വനങ്ങളും റവന്യൂ ഭൂമിയുമെല്ലാം പാട്ടത്തിനൊപ്പിച്ച് ഒരു സമാന്തര സാമ്രാജ്യം തന്നെ സ്ഥാപിച്ചു. പലതും നാമമാത്രമായ കരമാണ് ഇന്നും ഒടുക്കുന്നുള്ളൂ. അതും അടയ്ക്കാത്തവരാണ് അധികം പേരും.ഹാരിസണ്‍ മലയാളവും ടാറ്റയുമെല്ലാം സമാന്തര സര്‍ക്കാര്‍ തന്നെ.
          ഗ്രീന്‍ പൊളിറ്റിക്സിന്റെ ചരിത്രം പരിശോധിച്ചാല്‍ അത്രയൊന്നും പിന്നോട്ടു പോകേണ്ടിവരില്ല. 1970 കളിലാണ് ഗ്രീന്‍ പൊളിറ്റിക്സെന്ന ആശയം സംഘടിത രൂപം പ്രാപിക്കുന്നത്. മറ്റുപല നവീന ആശയങ്ങളെപ്പോലെത്തന്നെ ഇതും പടിഞ്ഞാറിന്റെ സംഭാവന തന്നെ. തുടര്‍ന്ന് ലോകമാകെ ഒരു വികാരമായി ഈ ആശയം പകരുകയായിരുന്നു. പേരുപോലെ വെറും പരിസ്ഥിതി വിഷയങ്ങളില്‍ ഒതുങ്ങുന്നതായിരുന്നില്ല, മറിച്ച് സാമൂഹ്യനീതി, ഫെമിനിസം, പങ്കാളിത്ത ജനാധിപത്യം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്തു തുടങ്ങി. 1972 മാര്‍ച്ചില്‍ യുനൈറ്റഡ് ടാസ്മാനിയ ഗ്രൂപ്പ് എന്നൊരു സംഘടന രൂപം കൊണ്ടു. അതേ മെയ് മാസത്തില്‍ ന്യൂസിലാന്റില്‍ വാല്യൂ പാര്‍ട്ടിയും രൂപം കൊണ്ടു. 1973 ല്‍ യൂറോപ്പിലേക്കും ഗ്രീന്‍ പൊളിറ്റിക്സ് കടന്നു.  ഇക്കോളജി പാര്‍ട്ടി ഇംഗ്ലണ്ടില്‍ രൂപം കൊണ്ടു. വളരെ പെട്ടന്നു തന്നെ ആഗോള വ്യാപകമായ പ്രതികരണങ്ങള്‍ ഉണ്ടാക്കിയെങ്കിലും എവിടേയും ഭരണത്തില്‍ നിര്‍ണ്ണായമായ സ്വാധീനമുള്ളതായി ഈ പ്രത്യയശാസ്ത്രത്തിന് മാറാന്യില്ല എന്നത് ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഗവേഷണ വിഷയമാവേണ്ടതാണ്.
           ഇതിന് സമാന്തരമായി ഇന്ത്യയിലും നിരവധി പരിസ്ഥിതി സംഘടനകള്‍ രൂപം കൊണ്ടെങ്കിലും അവയ്ക്കൊന്നും ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികളെ സ്വാധീനിക്കാന്‍ കഴിഞ്ഞില്ല എന്നു പറഞ്ഞാല്‍ അഭിപ്രായ വ്യത്യാസമുണ്ടാകും. എന്നാല്‍ ഒരു മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടിയും അവരുടെ നയങ്ങളില്‍ കാര്യമായ മാറ്റം വരുത്താന്‍ തയ്യാറായിട്ടില്ല എന്നതല്ലേ സത്യം. ഇടതു പാര്‍ട്ടികള്‍ പോലും ഹരിത രാഷ്ട്രീയത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കാന്‍ തയ്യാറായിട്ടില്ല. 1974 ല്‍ ഇപ്പോഴത്തെ ഉത്തരാഖണ്ഢില്‍ നൂറുക്കണക്കിന് വനിതകളുടെ നേതൃത്വത്തില്‍ നടത്തിയ പ്രക്ഷോഭമാണ് ഇന്ത്യയിലെ ആദ്യ സംഘടിത രൂപം. ചിപ്പ്കോ പ്രസ്ഥാനമെന്ന പേരില്‍ ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ക്കനുസരിച്ച് സുന്ദര്‍ലാല്‍ ബഹുഗുണയുടേയും സനല്‍ പ്രസാദ് ഭട്ടിന്റേയും നേതൃത്വത്തിലാണ് പ്രക്ഷോഭം തുടങ്ങിയത്.  ഇന്ത്യയിലെ ഏറ്റവും പ്രധാന സമരസംഘടനയായി വളര്‍ന്നത് നര്‍മ്മദാ ബചാവോ ആന്തോളന്‍ എന്ന പരിസ്ഥിതി സംഘടനയാണ്. സര്‍ദാര്‍ സരോവര്‍ ഡാമിനെതിരെ ആയിരക്കണക്കിന് ആദിവാസികളേയും സാംസ്കാരിക നായകരേയും അണിനിരത്തി പ്രക്ഷോഭത്തിനിറങ്ങിയ ഇവരുടെ നേതൃത്വത്തില്‍ അരുന്ധതീ റോയ്. ആമിര്‍ഖാന്‍, അലി കാസിമി. ആനന്ദ് പട് വര്‍ദ്ധനന്‍ എന്നിവരുണ്ടായിരുന്നു. അടുത്തിടെ തമിഴ് നാട്ടിലെ കൂടംകുളം ആണവനിലയത്തിനെതിരെ ഉയര്‍ന്നു വന്ന സമരവും ബഹുജനശ്രദ്ധ പിടിച്ചു പറ്റി.
           കേരളത്തില്‍ പരിസ്ഥിതി രാഷ്ടീയത്തിന്റെ വിത്തുകള്‍ പാകിയതും ഒരു കാലത്ത് കേരളത്തെ പിടിച്ചു കുലുക്കുകയും ചെയ്ത സംഘടനയാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്.  ശാസ്ത്രത്തെ ജനകീയവല്‍ക്കരിച്ചു എന്ന മഹത്തായ കാര്യം അവരുടെ സംഭാവന തന്നെ. സൈലന്റ് വാലി സമരത്തിലൂടെ കേരളത്തിലെ സാംസ്കാരിക നായകരെ പരിസ്ഥിതി സമരത്തിലേക്ക് ആകര്‍ഷിച്ചത് പരിഷത്തായിരുന്നു. എന്നാല്‍ വയല്‍ നികത്തും കുന്നിടിയ്ക്കലും വ്യാപകമായ, നമ്മുടെ മണ്ണും വായുവും വരെ പണയപ്പെടുന്ന ഇക്കാലത്ത് എന്തു കൊണ്ടാണ് പരിഷത്തിനും ഹരിത രാഷ്ട്രീയക്കാര്‍ക്കും മിണ്ടാന്‍ കഴിയാത്തത്.മൂലമ്പിള്ളിയിലും കിനാലൂരുമൊന്നും കേവലം പരിസ്ഥിതി സമരമല്ല, മറിച്ചു പലതുമാണ്.
          പക്ഷേ നമ്മുടെ പല പരിസ്ഥിതി സമരങ്ങളും ശ്രദ്ധയമായത് വിവാദങ്ങളിലൂടെയായിരുന്നു. നര്‍മ്മദാ സമരവും കൂടംകുളവും മറ്റും  വിദേശസഹായത്തിന്റെ പേരില്‍ വിവാദമുണ്ടാക്കി. പല പരിസ്ഥിതി സംഘടനകള്‍ക്കും കോടിക്കണക്കിനു ഡോളറിന്റെ വിദേശ സഹായം ലഭിക്കുണ്ടെന്ന് ആരോപണമുണ്ട്. ഇതില്‍ കുറെയൊക്കെ ശരിയുമുണ്ട്. യഥാര്‍ത്ഥ വസ്തുത പുറത്തുകൊണ്ടുവരുന്നതിന് സര്‍ക്കാറുകള്‍ക്കു പോലും താല്‍പര്യമുണ്ടോ എന്ന് സംശയമാണ്.
          ഇനി വീണ്ടും നമ്മുടെ ദേശാടന പക്ഷികളുടേയും കാക്കകളുടേയും കഥയിലേക്ക് തിരിച്ചുവരാം. കേരളത്തിലിപ്പോള്‍ ഗ്രീന്‍ പൊളിറ്റിക്സിനെപ്പറ്റി ചര്‍ച്ച ഉയര്‍ന്നു വന്നത് നെല്ലിയാമ്പതി ചെറുനെല്ലി എസ്റ്റേറ്റ് വിവാദമാണ്, നെല്ലിയാമ്പതി വനമേഖല എന്നും ടൂറിസം ലോബിയുടെ ആകര്‍ഷണമായിരുന്നു. കാരണം കേരളത്തിലെ ഊട്ടിയായി മാറുന്ന നെല്ലിയാമ്പതിയിലെ തോട്ടങ്ങള്‍ വനനിയമങ്ങളുടെ കയ്യില്‍ നിന്ന് പുറത്തെടുക്കാന്‍ കുടിയേറ്റക്കാരുടേയും രാഷ്ട്രീയക്കാരുടേയും സഹായം എന്നുമുണ്ടായിരുന്നു. 1909 ലെ കൊച്ചി വനവിജ്ഞാപനത്തിലുള്‍പ്പെട്ട നെല്ലിയാമ്പതിയിലെ ഭൂമി, 1980 ലെ കേന്ദ്ര നിയമം കൂടി വന്നതോടെ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനോ കൈമാറ്റം ചെയ്യാനോ പ
പച്ചവിരിച്ചറ്റാത്തതായി. 1909 ല്‍ കേവലം 25 എസ്റ്റേറ്റുകളാണുണ്ടായിരുന്നുള്ളൂ. ഇന്നത് 52 ആയി. ഇപ്പോഴും പുറം ലോകം അറിഞ്ഞിട്ടില്ലാത്ത കൈമാറ്റങ്ങള്‍ വേറെയും. എങ്ങിനെയാണ് ഈ എസ്റ്റേറ്റുകള്‍ വെട്ടിമുറിക്കപ്പെട്ടതെന്നു പരിശോധിച്ചാല്‍ കാര്യം ബോധ്യപ്പടും. വിവാദമായ ചെറുനെല്ലി എസ്റ്ററ്റിന്‍റെ കാര്യം പരിശോധിക്കാം. കൊച്ചി രാജാവ് 1867 W Smith Escar എന്നയാള്‍ക്ക് പാട്ടത്തിനു നല്‍കി. 1944 ല്‍ പാലക്കാട് അയിലൂര്‍ സ്നദേശി എ എച്ച് കൃഷ്ണയ്യരും മക്കളും സ്വന്തമാക്കി. 75 ല്‍ മലനാട് എന്റര്‍പ്രൈസസിന്റെ കയ്യില്‍. 78 ല്‍ അത് മൂന്നു പേര്‍ക്കു മുറിച്ചു വിറ്റു. ദേവസ്യാ കുര്യന് കൈവശമുണ്ടായിരുന്ന 121 ഏക്കര്‍ പതിനാലു പേര്‍ക്കു വിറ്റു. നാലു മുതല്‍ പത്തു വരെ ഏക്കറായിരുന്നു ഓരോരുത്തര്‍ക്കും ലഭിച്ചത്. കെ കെ എബ്രഹാമിന്റെ കൈവശമുണ്ടായിരുന്ന 70.44 ഏക്കര്‍ പതിനഞ്ചു പേര്‍ക്കാണ് വീതിച്ചത്. ബാക്കി വരുന്ന 91.9 ഏക്കറിന്റെ അവകാശികളായിരുന്ന നബീല്‍ ഗ്രൂപ്പ് ഏഴു പേര്‍ക്കായി മറിച്ചു വിറ്റു. അങ്ങിനെ അവിടെ ചെറുകിട കഷകര്‍ മാത്രമായി, ഭൂപരിഷ്ക്കരണ നിയമരത്തിന്റെ പരിധിയില്‍ നിന്ന് പുറത്താവുകയും ചെയ്തു. തോട്ടം തൊഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍ നിഷേധിക്കാനും ഇത് അവസരമൊരുക്കി. നെല്ലിയാമ്പതിയിലെ പാട്ടക്കരാര്‍ ലംഘിച്ച തോട്ടങ്ങള്‍ ഏറ്റടുക്കുന്നതില്‍ പ്രതിഷേധിച്ച് കേരളാ കിങ്മേക്കര്‍ സാക്ഷാല്‍ പി. സി. ജോര്‍ജ് കര്‍ഷകരുടേതാണെന്ന് അവകാശപ്പെട്ട് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനം മുതലാണ് വിവാദങ്ങള്‍ കത്തിത്തുടങ്ങിയത്. ഒപ്പിട്ട ചെറുകിടക്കാരായി ജോര്‍ജ് അവകാശപ്പെട്ട പലരും എത്രയോ കാലം മുമ്പ് മരിച്ചവരായിരുന്നത്രേ. അങ്ങിനെ കൃത്രിമമായ കത്തുമായി പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ടിയ അദ്ദേഹത്തിന്റെ ബുദ്ധിയില്‍ തന്നെ ഉദിച്ചതായിരുന്നു ഉപസമിതി എന്ന ആശയമെന്നു കരുതുന്നവരുമുണ്ട്. എന്തായാലും യു. ഡി. എഫിനുള്ളില്‍ പരസ്യമായി ജോര്‍ജിനെ എരിര്‍ക്കാനാളില്ലാത്തതിനാല്‍ ഒരു ഉപസമിതിയെ തട്ടിപച്ചവിരിച്ചക്കൂട്ടി. കേരളാ കോണ്‍ഗ്രസിന്റെ പ്രതിനിധി ജോര്‍ജു തന്നെ. ഉപസമിതി തെളിവെടുക്കാനെത്തിയപ്പോള്‍ ചെറുകിടക്കാര്‍ വീണ്ടുമെത്തി , പക്ഷേ പലര്‍ക്കും അവിടെ സ്ഥലം തന്നെയില്ലത്രേ. ഏകപക്ഷീയമായ തെളിവെടുപ്പു കഴിഞ്ഞതോടെ ജോര്‍ജ് ഉപസമിതി ചെയര്‍മാനായ എം. എം. ഹസ്സനെ നോക്കുകുത്തിയാക്കി തന്റെ നിലപാടുതന്നെയാണ് ഉപസമിതി കണ്ടെത്തിയതെന്ന് വീരവാദം മുഴക്കി. പിന്നെയെല്ലാം ചരിത്രം. പ്രതാപന്‍ പരസ്യമായി പ്രതിഷേധിച്ചു. ജോര്‍ജ് അടങ്ങിയിരിക്കുമോ ? കര്‍ഷകരുടെ കാര്യം തങ്ങള്‍ നോക്കിക്കൊള്ളാമെന്നും പ്രതാപന്‍ മീന്‍പിടുത്തക്കാരുടെ കാര്യം നോക്കെന്നും മറുപടി. പിന്നെക്കാണുന്നത് പ്രതാപന്റെ വിതുമ്പലും സതീശന്റെ പിന്തുണയുമാണ്. അവരുടെ േതൃത്വത്തില്‍ ബലറാമിനേയും ഹൈബിയേയും സാക്ഷാല്‍ വീരപുത്രനേയും കൂട്ടി നെല്ലിയാമ്പതിയിലേക്ക് വണ്ടി വിട്ടു. ഹസ്സന്റെ രാജി. സതീശനും പ്രതാപനും ഗ്രീന്‍ പൊളിറ്റിക്സല്ല ഗ്രീഡി പൊളിറ്റിക്സാണെന്നും ഹസ്സന്റെ പരിഹാസ്യം. ആര്‍ത്തി രാഷ്ട്രീയം ഹസ്സനും കൂട്ടുകാര്‍ക്കുമാണ് ചേരുന്നതെന്നും ഹസ്സന്‍ ദേശാടന പക്ഷിയാണെന്നും അതിന്  മറുപടി. ഒരിക്കലും ഒരേ മണ്ഢലത്തില്‍ മത്സരിക്കാന്‍ കഴിയാത്ത ആര്‍ത്തിപ്പണ്ടാരമെന്നു സാരം. യുവ എം എല്‍ എ മാരെ കളിപ്പിച്ച് ജോര്‍ജും ഹസ്സനു സഹായത്തിനെത്തി. വയനാട്ടിലെ കയ്യേറ്റക്കാരന്‍ നെല്ലിയാമ്പതിയിലെത്തിയതിന് ഒരു നല്ല നമസ്കാരവും വീരപുത്രന് ജോര്‍ജു നല്‍കി.
            ഇവിടെ ആര്‍ത്തിയാര്‍ക്കെല്ലാമെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ഹസ്സനും ജോര്‍ജിനും ആര്‍ത്തി മാത്രമല്ല അത്യാര്‍ത്തി തന്നെയെന്ന് അറിയാത്തവരുണ്ടാവില്ല. എന്നാല്‍ സതീശനും പ്രതാപനും ആര്‍ത്തിക്കു കുറവുണ്ടോ? ഇടതു പക്ഷത്തെ പ്രതിക്കൂട്ടിലാക്കാനായി വാഗമണ്ണിലേയും എച്ച എം ടി ഭൂമിയുടേയും കാര്യത്തില്‍ മുന്നണിയിലുണ്ടായിരുന്ന ഇവര്‍ മറ്റേത് ഹരിത രാഷ്ട്രീയമാണ് നയിച്ചിട്ടുള്ളത്. നമ്മുടെ കായലും പുഴയും കടല്‍ത്തീരം തന്നെയും സ്വകാര്യകമ്പനികള്‍ക്ക് കൈമാറാന്‍ ശ്രമം നടക്കുമ്പോള്‍ ആത്മാര്‍ത്ഥമായി ഇവര്‍ ഇടപെടുന്നുണ്ടോ? തോട്ടങ്ങളുടെ അഞ്ചു ശതമാനം ടൂറിസത്തിനുപയോഗിക്കാന്‍ അനുമതി നല്‍കിയതിനെ ഇവര്‍ എതിര്‍ത്തോ? ആറന്മുള വിമാനത്താവള വിഷയത്തില്‍ ഇവരുടെ നിലപാട് സാധാരണക്കാരനൊപ്പമോ? പൊതുവെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പി സി ജോര്‍ജിനോടുള്ള അനിഷ്ടം ഫലപ്രദമായി പുറത്തെടുക്കുകയല്ലേ അവര്‍ ചെയ്തത്. സുപ്രീം കോടതി വരെ കയ്യേറ്റമെന്ന് പറഞ്ഞ വയനാട്ടിലെ ഭൂമി മാറോടടക്കിപ്പിടിച്ച് നടക്കുന്ന ശ്രേയാംസ് കുമാറിനെ കൂടെക്കൂട്ടാന്‍ ഇവര്‍ക്കൊരു ഉളപ്പുമുണ്ടായില്ല.
               വിവാദങ്ങള്‍ സ്വയം സൃഷ്ടിച്ച് യഥാര്‍ത്ഥ വസ്തുതകളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചു വിടാന്‍ എന്നും നമ്മുടെ രാഷ്ട്രീയക്കാരും പത്രക്കാരും സമര്‍ത്ഥരാണ്. ഇവിടേയും അതുതന്നെ സംഭവിക്കും. പാട്ടക്കരാര്‍ ലംഘിച്ച തോട്ടങ്ങള്‍ യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ ഏറ്റെടുക്കാന്‍ ഒരു തന്റേടമുള്ള സര്‍ക്കാറുണ്ടാകണം. അങ്ങനെ വന്നാല്‍ ഉദ്യേഗവൃന്ദങ്ങള്‍ക്ക് തന്നിഷ്ടം നടത്താനാവില്ല. ഏറ്റെടുത്ത തോട്ടങ്ങള്‍ തൊഴിലാളികളുടേയും സര്‍ക്കാറിന്റേയും കൂട്ടുത്തരവാദിത്വത്തില്‍ സഹകരണസംഘങ്ങള്‍ സ്ഥാപിച്ച് പുനരുദ്ധരിക്കട്ടെ. അവര്‍ക്കാവശ്യമെങ്കില്‍ ടൂറിസത്തിന് അവസരമൊരുക്കുകയുമാവാമാം. പക്ഷേ ഏത് തീരുമാനവും മൂന്നാര്‍ ദൗത്യം പോലെ അട്ടിമറിക്കാന്‍ നമുക്കറിയാമല്ലോ, അതാണാശ്വാസം.

Monday, August 6, 2012



ഫെയ്സ് ബുക്കില്‍ ഇനി എത്ര നാള്‍ ?
    ലോകത്തെയാകെ മാറ്റി മറിച്ച സോഷ്യല്‍ നെറ്റു വര്‍ക്കുകള്‍ അധികാര കേന്ദ്രങ്ങളെ എത്രമാത്രം അലോസരപ്പെടുത്തുന്നുവെന്നതിന്റെ ഉദാഹരണങ്ങളാണ് അടുത്തിടെ നാം കണ്ടുകൊണ്ടിരിക്കുന്നത്.
    ഇടത്തരക്കാരന്റെ സാമൂഹ്യ പ്രതിബന്ധതയും, അവന്റെ പച്ചയായ പ്രതികരണങ്ങളും  പങ്കുവെയ്ക്കാനും നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു പോലും കഴിയാത്തത്ര തീവ്രമായ പ്രതികരണങ്ങള്‍ ‌‌ജനകീയ പ്രശ്നങ്ങളിലുണ്ടാക്കാനും ലോകവ്യാപകമായി സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ക്കു  കഴിയുന്നു  എന്നതാണ് സത്യം.
    വ്യാപകമായ ദുരുപയോഗത്തിന് സാധ്യതയുള്ളതിനാല്‍ സര്‍ക്കാറുകള്‍ സൈബര്‍ കുറ്റകൃത്യങ്ങളെ കര്‍ശനമായി നിയന്ത്രിക്കാനും ശ്രമിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇത് പലപ്പോഴും കുരുടന്‍ ആനയെ കണ്ടപോലെയായി പോകുന്നു. മഹാനായ നെഹ്രു, തന്നെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടുള്ള കാര്‍ട്ടൂണുകളെ നന്നായി ആസ്വദിച്ചിരുന്നു എന്നത് ചരിത്രത്തിന്റെ ഭാഗമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ അനന്തരാവകാശികള്‍ പലപ്പോഴും ഈ സഹിഷ്ണുത കാണിക്കുന്നില്ല. അഭിപ്രായ സ്വാതന്ത്ര്യം നമ്മുടെ ഭരണഘടന ഉറപ്പു നല്‍കുന്നെങ്കിലും അത് മറ്റുള്ളവരെ അക്രമിക്കാനുള്ള സ്വാതന്ത്രമല്ല എന്നതില്‍ തര്‍ക്കമില്ല. നമ്മുടെ നാട്ടിലെ അക്രമങ്ങള്‍ക്കും അനീതിക്കം അനാചാരങ്ങള്‍ക്കുമെതിരെ ശബ്ദിക്കാന്‍ നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിനും മാധ്യമങ്ങള്‍ക്കും അവസരമുണ്ട്. അതിനവരെ ആരും തടയുന്നുമില്ല. എന്നാല്‍ ഒരു സാധാരണക്കാരന്‍ ഫേയ്സ് ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെ ഇതേ സാമൂഹ്യ വിമര്‍ശനം ഏറ്റെടുത്താല്‍ അത് മാപ്പര്‍ഹിക്കാത്ത സൈബര്‍ കുറ്റമായി മാറുന്നത് വിരോധാഭാസമല്ലേ.
    ഞാനിത്രയും പറഞ്ഞത് അടുത്തിടെ ഫേയ്സ് ബുക്കില്‍ വന്ന ഒരു പോസ്റ്റിനെ ചൊല്ലി നമ്മുടെ നാട്ടിലുണ്ടായ വിവാദങ്ങളെക്കുറിച്ചും നിയമ നടപടികളെക്കുറിച്ചും പറയാനാണ്. എത്രയോ വര്‍ഷങ്ങളായി നമ്മുടെ നാട്ടില്‍ നിലവിലിരുന്ന അനാചാരങ്ങള്‍ക്കെതിരെ പോരാടിയ ധീരദേശാഭിമാനികളെ നാം മറക്കുന്നതെങ്ങിനെ ? സതി എന്നൊരു ആചാരത്തെക്കുറിച്ച് കേള്‍ക്കാത്തവര്‍ ഉണ്ടോ? രാജാറാം മോഹന്‍ റോയിയടക്കമുള്ള ധീരന്മാരുടെ പ്രവര്‍ത്തനങ്ങള്‍ നമ്മെ എത്രമാത്രം ആധുനിക ലോകത്ത് തലയുയര്‍ത്തിപ്പിടിക്കാന്‍ സഹായിച്ചിട്ടുണ്ട് എന്ന് മറക്കരുത്. അതു പോലെത്തന്നെ കേരളത്തിലെ മാറുമറയ്ക്കാനുള്ള അവകാശം, വിധവാ വിവാഹം, ക്ഷേത്ര പ്രവേശനം അങ്ങിനെ എന്തെല്ലാം അനാചാരങ്ങളെ നമ്മുടെ സാമൂഹ്യ പരിഷ്ക്കര്‍ത്താക്കള്‍ എതിര്‍ത്ത് ‌ തോല്‍പ്പിച്ചിട്ടുണ്ട്.  അന്നും ഇത്തരം അനാചാരങ്ങഘളെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ഇതേ നാട്ടില്‍ ആളുണ്ടായിരുന്നു എന്ന് മറക്കരുത്.
    ഇനി കാര്യത്തിലേക്ക് വരാം. ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ഇന്നും നിലവിലുള്ള തൃപ്പൂത്താറാട്ടിനെക്കറിച്ച് ഫേയ്സ് ബുക്കില്‍ വിമര്‍ശനം നടത്തിയ തൃശ്ശൂര്‍ സ്വദേശി ശിവപ്രസാദ് പിടിച്ചത് പുലിവാല്‍. ക്ഷേത്ര കമ്മിറ്റിക്കാര്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പോലീസ് 'ഉണര്‍ന്നു' പ്രവര്‍ത്തിച്ചു. ജാമ്യമില്ലാ വകുപ്പ് , 153. വീട്ടില്‍ അറസ്റ്റു ചെയ്യാന്‍ തെരഞ്ഞെത്തി. അതു മാത്രമല്ല, ഫേയ്സ് ബുക്ക് എക്കൗണ്ട് നിര്‍ജ്ജീവമാക്കി.പുറമേ ശിവപ്രസാദിന് ഫേയ്സ് ബുക്കിലും പുറത്തും വധഭീഷണിയും തെറിയഭിഷേകവും. പുറമേ 'ദേവീ കോപ'വും.
    കേരളത്തിലെ പല ക്ഷേതങ്ങളിലും ഇന്നു നിലവിലുള്ള ആചാരങ്ങളില്‍ പലതും എതിര്‍ക്കേണ്ടതും നിരുത്സാഹപ്പെടുത്തേണ്ടവയുമാണ്. ആചാരങ്ങളും വിശ്വാസങ്ങളും അംഗീകരിക്കുന്നതിനൊപ്പം അവയിലെ പൊള്ളത്തരങ്ങള്‍ പുറത്തു കൊണ്ടു വരാനും സ്വാതന്ത്ര്യമില്ലേ..? നമ്മുടെ ഭരണ ഘടന ഉറപ്പു നല്‍കുന്ന പൗരന്റെ മൗലികാവകാശങ്ങള്‍ പരിശോധിച്ചാല്‍ Article 61 A (h) പ്രകാരം  ഏതൊരു കാര്യത്തേയും ശാസ്ത്രിയ വീക്ഷണത്തോടെ വിലയിരുത്താനും അഭിപ്രായം പറയാനും നമുക്ക് അധികാരമില്ലേ..?
    അല്‍പം പേടിയോടെത്തന്നെ ഏതാണ് ആ ആചാരമെന്ന് പറയട്ടെ. 'ഇന്റര്‍ നെറ്റ് ഹിന്ദുക്കളെ' സദാചാര പോലീസിനെപ്പോലെത്തന്നെ ഭയക്കണം. അവര്‍ തൂണിലും തുരുമ്പിലുമുണ്ടാകും. 'ഇന്റര്‍ നെറ്റ് ഹിന്ദുക്കള്‍'- അതെന്റെ പ്രയോഗമല്ല , CNN/IBN Dep Editor സാഗരികാ ഘോഷിന്റേതാണ്.
    ക്ഷേത്രത്തിലെ കല്‍ വിഗ്രഹത്തിന് ആര്‍ത്തവമുണ്ടാകുമെന്ന തെറ്റായ വിശ്വാസത്തെ അടിസ്ഥാനമാക്കിയാണ് ഈ ആചാരം. ഒരു വശത്ത് ആര്‍ത്തവമുണ്ടായാല്‍ അശുദ്ധിയായി കണക്കാക്കുകയും സ്ത്രീകളെ അമ്പലങ്ങളില്‍ കയറ്റാതെ പുറത്താക്കുകയും ചെയ്യുന്ന പുരുഷ കേന്ദ്രീകൃത സമൂഹം. മറുപുറത്ത് ആര്‍ത്തവ രക്തം ദേവിയുടേതാണെന്നും പൂജനീയമാണെന്നും പറഞ്ഞ് വില്‍പ്പനക്കു വയ്ക്കുകയും ചെയ്യുക. വിശ്വാസികള്‍ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും മുഴുകി ജീവിച്ചോട്ടെ, അതവരുടെ കാര്യം. പക്ഷേ രാജാവ് നഗ്നനാണെന്ന് പറയാന്‍ മറ്റുള്ളവര്‍ക്ക് അധികാരമില്ലാത്തൊരു കാലത്തെക്കുറിച്ച് എന്തു പറയാന്‍. സൈബര്‍ കുറ്റകൃത്യമെന്ന പേരില്‍ എന്തിലേയും നേരിടുന്നത് ശരിയോ? മാനനഷ്ടത്തിന് വെറുമൊരു വക്കീല്‍ നോട്ടീസയച്ചാല്‍ അടുത്ത ദിവസം ഒരു ഉള്‍പ്പേജില്‍ മാപ്പു പറഞ്ഞാല്‍ നമ്മുടെ മാധ്യമങ്ങള്‍ രക്ഷപ്പെടുന്നുണ്ടല്ലോ. തിരുത്താനവസരം പോലും പലര്‍ക്കും ഇവിടെ ലഭിക്കുന്നില്ല. ചര്‍ച്ചകള്‍ നടക്കട്ടെ. സംവാദങ്ങളാണ് നമ്മുടെ നാടിനാവശ്യം. എന്നാല്‍ പലരും ഭയക്കുന്നതും ചര്‍ച്ചകളേയും സംവാദങ്ങളേയുമാണല്ലോ.
    ഇതു മാത്രമല്ല, അടുത്തിടെ സോണിയാ ഗാന്ധിയേയും മമതാ ബാനര്‍ജിയേയും വിമര്‍ശിച്ചവരെ പിടിക്കാന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളെത്തന്നെ നമ്മള്‍ വിറപ്പിച്ചില്ലേ. അതു പോലെ അമൃതാ ആശുപത്രിയെക്കുറിച്ചുള്ള പോസ്റ്റുകളും നിയമ നടപടികള്‍ നേരിടുന്നു. കോടികള്‍ ആസ്തിയള്ള ആള്‍ ദൈവങ്ങള്‍ (മാപ്പ്) ഇതെല്ലാം പൊറുത്ത് അജ്ഞരും വിവര ദോഷികളുമായ ഈ സൈബര്‍ പ്രാന്തന്മാരോടു പൊറുക്കേണമേ.... ഒന്നോര്‍ക്കണം നമ്മുടം വാളില്‍ മറ്റൊരാള്‍ എന്തെങ്കിലും പോസ്റ്റു ചെയ്താലും നമ്മള്‍ തന്നെ കുറ്റവാളികള്‍.
    കണ്ടതിലൊക്കെ പ്രതികരിക്കാനും കമന്റു ചെയ്യാനും ഇറങ്ങിപ്പുറപ്പെട്ട ഈ ഫെയ്സ് ബുക്കന്മാര്‍ക്ക് ഇനി എത്ര കാലം പിടിച്ചു നില്‍ക്കാന്‍ കഴിയുമെന്നറിയില്ല. ഒരു നാള്‍ യൂസര്‍ ഐ.ഡി. യും പാസ് വേര്‍ഡും അടിച്ചാലും മുട്ടിയാലും മുട്ടിയാലും തുറക്കാത്ത ഫേയ്സ് ബുക്കിന്റെ ലോഗിന്‍ പേജ് നിങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടും, തീര്‍ച്ച. അതേ നിമിഷം സ്ഥലം പോലീസ് സബ് ഇന്‍സ്പെക്ടറുടെ വണ്ടിയും നിങ്ങളുടെ വീട്ടു പടിക്കലെത്തിയിരിക്കും.

പിന്‍കുറിപ്പ്
പേടിക്കേണ്ട, എല്ലാറ്റിനും പരിഹാരമായി മുസ്ലിങ്ങള്‍ക്കായി ഒരു ഫേയ്സ് ബുക്ക് അങ്ങ് തുര്‍ക്കിയില്‍ ആരംഭിച്ചിരിക്കുന്നു. സംഭവം വന്‍ ഹിറ്റായിരിക്കുന്നു എന്നാണ് അറിയുന്നത്. ഈ മാതൃക മറ്റുള്ളവര്‍ക്കും പിന്തുടരാം.