Tuesday, June 19, 2012

 നെയ്യാറ്റിന്‍കര കയറിയതാര് ?


         ങ്ങിനെ നെയ്യറ്റിന്‍കര ഉപതെരഞ്ഞെടുപ്പു കഴിഞ്ഞു. യു.ഡി.എഫ്. ഭരണം ഒന്നുകൂടി ഉറപ്പിച്ചു. എല്‍.ഡി.എഫിന് വീണ്ടും തിരിച്ചടി.ബി.ജെ.പി. ഞെട്ടിച്ചു.
           നെയ്യാറ്റിന്‍കരയിലെന്താണ് സംഭവിച്ചത് ?
         രാഷ്ട്രീയ ധ്രുവീകരണം നടന്നു എന്നതില്‍ സംശയമില്ല. എങ്ങിനെ ? ആറായിരത്തില്‍ നിന്നും മുപ്പതിനായിരത്തിലേക്ക് ബി.ജെ.പി. മുന്നേറിയതെങ്ങിനെ ?
യു.ഡി.എഫ്. ഭരണമേറ്റതുമുതല്‍ അവര്‍ക്കെതിരെ കേള്‍ക്കുന്ന ആക്ഷേപം  ജാതിമത ശക്തികളുടെ പ്രീണനമാണ് അവരുടെ പ്രഥമ അജണ്ട എന്നതാണല്ലോ. ഒടുവില്‍ ലീഗിനു വേണ്ടി ലീഗിന്റെ ഭരണം എന്ന നിലയിലേക്കു വരെ അവര്‍ താഴ്ന്നു (ഉയര്‍ന്നു ?). അഞ്ചാം മന്ത്രിപ്രശ്നവും സര്‍വ്വകലാശാലാ കച്ചവടവും ലീഗിന്റെ അപ്രമാധിത്വമാണല്ലോ കാണിച്ചുതരുന്നത്. അതിനു പുറമേ മന്ത്രിസഭാ പുനസംഘടനയും ഭൂരിപക്ഷ സമുദായങ്ങളെ നോവിച്ചു. സ്വാഭാവികമായും ഇതെല്ലാം സഹായിക്കേണ്ടത് എല്‍.ഡി.എഫിനെയായിരുന്നു. സെല്‍വരാജിന്റെ ഇമേജും കൂടിയാകുമ്പോള്‍ വിധിയില്‍ സംശയമുണ്ടായിരുന്നില്ല. എന്നാല്‍ രാജഗോപാല്‍ എന്ന തുറുപ്പുശീട്ടിറക്കി ബി.ജെ.പി. അത് ഫലപ്രദമായി തടഞ്ഞു. അതു മാത്രമല്ല ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകവും അത് കേരളീയ മാധ്യമലോകത്ത് ഉണ്ടാക്കിയ ആവേശവും ജനവിധിയെ തകിടം മറിച്ചു. എരിതീയില്‍ എണ്ണയൊഴിച്ച് ഇടുക്കിയില്‍ നിന്ന് മണിയാശാനും കൊടുങ്കാറ്റായി വി.എസും എത്തിയപ്പോള്‍ സ്വയം പ്രതിരോധിക്കാന്‍ പോലും എല്‍.ഡി.എഫ്. കഷ്ടപ്പെട്ടു.
          യഥാര്‍ത്ഥത്തില്‍ സെല്‍വരാജെന്ന കഥാപാത്രത്തെ വിലയിരുത്തേണ്ട നെയ്യാറ്റിന്‍കരക്കാര്‍ വോട്ടര്‍മാര്‍ അല്ലാതായി. അവര്‍ നാടാരും നായരും ഈഴവനും മറ്റു പലരുമായി മാറിയപ്പോള്‍ അവരുടെ മൊത്തക്കച്ചവടക്കാര്‍ വോട്ടുകള്‍ വാരിയെടുത്തതില്‍ അദ്ഭുതപ്പെടാനില്ല. അതിനിടയില്‍ കാലുമാറ്റവും മറ്റു രാഷ്ട്രീയ പ്രശ്നങ്ങളുമൊന്നും പ്രസക്തമായതേയില്ല. യു.ഡി.എഫ്. വിരുദ്ധ വോട്ടുകള്‍ രാജഗോപാലെന്ന ജനകീയ സ്ഥാനാര്‍ത്ഥി വഴി ബി.ജെ.പി. യും അടിച്ചെടുത്തു. പിന്നെ എവിടെ എല്‍.ഡി.എഫിന് വോട്ട് ?
               നാടാര്‍ക്കൊരു മന്ത്രി സ്ഥാനം വഴി സമുദായത്തിന്റെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ കഴിയുമെന്ന് വി.എസ്.ഡി.പി. യും സമദൂരവും ശരിദൂരവും എന്തെന്ന് തിരിച്ചറിയാനാവാത്ത നായന്മാരും പുറത്തു പറയാന്‍ തയ്യാറാവാത്ത അജണ്ടയുമായി നടേശഗുരുവും കേരളത്തെ മുന്നോട്ടു നയിക്കാന്‍ പ്രാപ്തരാണെന്ന് തെളിയിച്ചതും ഈ തെരഞ്ഞടുപ്പിന്റെ ബാക്കിപത്രം.
            ഒരൊറ്റക്കൊല്ലം കൊണ്ട് ഒരേ സ്ഥാനാര്‍ത്ഥിയെ തന്നെ വിരുദ്ധമുന്നണികളിലായി തെരഞ്ഞെടുക്കാന്‍  യാതൊരു മടിയും കാണിക്കാത്ത രാഷ്ട്രീയത്തിനതീതമായി മറ്റു പലതുമാണ് തെരഞ്ഞെടുപ്പ് വിജയത്തിനാവശ്യമെന്ന് പഠിപ്പിച്ചു തന്ന നെയ്യാറ്റിന്‍കരക്കാരെ നമിക്കുന്നു.
പിന്‍കുറിപ്പ് : തിരിച്ചറിവുകള്‍
(യു.ഡി.എഫ്.) പ​ണവും പ്രതാപവും (ഭരണവും) മാധ്യമസഹായവും  ഉണ്ടെങ്കില്‍ ആരെയും കാലുമാറ്റാനും ജയിപ്പിക്കാനും കഴിയും.
(എല്‍.ഡി.എഫ്.) ജയിക്കാവുന്ന തെരഞ്ഞെടുപ്പ് തോല്‍പ്പിക്കാന്‍ ഒരുപാടു വഴികളുണ്ട്.
(ബി.ജെ.പി.) എല്ലാ മണ്ഢലങ്ങളിലും രാജേട്ടനെ മത്സരിപ്പിച്ച് കേരള ഭരണം പിടിക്കാം.

1 comment:

  1. "വേദനിക്കിലും വേദനിപ്പിക്കിലും
    വേണമീ സ്നേഹബന്ധങ്ങളൂഴിയില്‍......"
    എന്നു കവി പാടിയിട്ടുണ്ട്.
    നാമൊക്കെ ഹൃദയത്തോടു ചേര്‍ത്തു പിടിക്കുന്ന ഒരു പക്ഷമുണ്ടല്ലോ?
    അതില്ലാതായാലുണ്ടാകുന്ന ഭവിഷ്യത്തുകള്‍ ഭയാനകമെന്ന തിരിച്ചറിവുള്ള
    നമുക്ക്, സഹിക്കാം സഖാവേ...പൊറുക്കാം സഖാവേ....!

    ReplyDelete