Monday, August 6, 2012



ഫെയ്സ് ബുക്കില്‍ ഇനി എത്ര നാള്‍ ?
    ലോകത്തെയാകെ മാറ്റി മറിച്ച സോഷ്യല്‍ നെറ്റു വര്‍ക്കുകള്‍ അധികാര കേന്ദ്രങ്ങളെ എത്രമാത്രം അലോസരപ്പെടുത്തുന്നുവെന്നതിന്റെ ഉദാഹരണങ്ങളാണ് അടുത്തിടെ നാം കണ്ടുകൊണ്ടിരിക്കുന്നത്.
    ഇടത്തരക്കാരന്റെ സാമൂഹ്യ പ്രതിബന്ധതയും, അവന്റെ പച്ചയായ പ്രതികരണങ്ങളും  പങ്കുവെയ്ക്കാനും നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു പോലും കഴിയാത്തത്ര തീവ്രമായ പ്രതികരണങ്ങള്‍ ‌‌ജനകീയ പ്രശ്നങ്ങളിലുണ്ടാക്കാനും ലോകവ്യാപകമായി സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ക്കു  കഴിയുന്നു  എന്നതാണ് സത്യം.
    വ്യാപകമായ ദുരുപയോഗത്തിന് സാധ്യതയുള്ളതിനാല്‍ സര്‍ക്കാറുകള്‍ സൈബര്‍ കുറ്റകൃത്യങ്ങളെ കര്‍ശനമായി നിയന്ത്രിക്കാനും ശ്രമിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇത് പലപ്പോഴും കുരുടന്‍ ആനയെ കണ്ടപോലെയായി പോകുന്നു. മഹാനായ നെഹ്രു, തന്നെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടുള്ള കാര്‍ട്ടൂണുകളെ നന്നായി ആസ്വദിച്ചിരുന്നു എന്നത് ചരിത്രത്തിന്റെ ഭാഗമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ അനന്തരാവകാശികള്‍ പലപ്പോഴും ഈ സഹിഷ്ണുത കാണിക്കുന്നില്ല. അഭിപ്രായ സ്വാതന്ത്ര്യം നമ്മുടെ ഭരണഘടന ഉറപ്പു നല്‍കുന്നെങ്കിലും അത് മറ്റുള്ളവരെ അക്രമിക്കാനുള്ള സ്വാതന്ത്രമല്ല എന്നതില്‍ തര്‍ക്കമില്ല. നമ്മുടെ നാട്ടിലെ അക്രമങ്ങള്‍ക്കും അനീതിക്കം അനാചാരങ്ങള്‍ക്കുമെതിരെ ശബ്ദിക്കാന്‍ നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിനും മാധ്യമങ്ങള്‍ക്കും അവസരമുണ്ട്. അതിനവരെ ആരും തടയുന്നുമില്ല. എന്നാല്‍ ഒരു സാധാരണക്കാരന്‍ ഫേയ്സ് ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെ ഇതേ സാമൂഹ്യ വിമര്‍ശനം ഏറ്റെടുത്താല്‍ അത് മാപ്പര്‍ഹിക്കാത്ത സൈബര്‍ കുറ്റമായി മാറുന്നത് വിരോധാഭാസമല്ലേ.
    ഞാനിത്രയും പറഞ്ഞത് അടുത്തിടെ ഫേയ്സ് ബുക്കില്‍ വന്ന ഒരു പോസ്റ്റിനെ ചൊല്ലി നമ്മുടെ നാട്ടിലുണ്ടായ വിവാദങ്ങളെക്കുറിച്ചും നിയമ നടപടികളെക്കുറിച്ചും പറയാനാണ്. എത്രയോ വര്‍ഷങ്ങളായി നമ്മുടെ നാട്ടില്‍ നിലവിലിരുന്ന അനാചാരങ്ങള്‍ക്കെതിരെ പോരാടിയ ധീരദേശാഭിമാനികളെ നാം മറക്കുന്നതെങ്ങിനെ ? സതി എന്നൊരു ആചാരത്തെക്കുറിച്ച് കേള്‍ക്കാത്തവര്‍ ഉണ്ടോ? രാജാറാം മോഹന്‍ റോയിയടക്കമുള്ള ധീരന്മാരുടെ പ്രവര്‍ത്തനങ്ങള്‍ നമ്മെ എത്രമാത്രം ആധുനിക ലോകത്ത് തലയുയര്‍ത്തിപ്പിടിക്കാന്‍ സഹായിച്ചിട്ടുണ്ട് എന്ന് മറക്കരുത്. അതു പോലെത്തന്നെ കേരളത്തിലെ മാറുമറയ്ക്കാനുള്ള അവകാശം, വിധവാ വിവാഹം, ക്ഷേത്ര പ്രവേശനം അങ്ങിനെ എന്തെല്ലാം അനാചാരങ്ങളെ നമ്മുടെ സാമൂഹ്യ പരിഷ്ക്കര്‍ത്താക്കള്‍ എതിര്‍ത്ത് ‌ തോല്‍പ്പിച്ചിട്ടുണ്ട്.  അന്നും ഇത്തരം അനാചാരങ്ങഘളെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ഇതേ നാട്ടില്‍ ആളുണ്ടായിരുന്നു എന്ന് മറക്കരുത്.
    ഇനി കാര്യത്തിലേക്ക് വരാം. ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ഇന്നും നിലവിലുള്ള തൃപ്പൂത്താറാട്ടിനെക്കറിച്ച് ഫേയ്സ് ബുക്കില്‍ വിമര്‍ശനം നടത്തിയ തൃശ്ശൂര്‍ സ്വദേശി ശിവപ്രസാദ് പിടിച്ചത് പുലിവാല്‍. ക്ഷേത്ര കമ്മിറ്റിക്കാര്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പോലീസ് 'ഉണര്‍ന്നു' പ്രവര്‍ത്തിച്ചു. ജാമ്യമില്ലാ വകുപ്പ് , 153. വീട്ടില്‍ അറസ്റ്റു ചെയ്യാന്‍ തെരഞ്ഞെത്തി. അതു മാത്രമല്ല, ഫേയ്സ് ബുക്ക് എക്കൗണ്ട് നിര്‍ജ്ജീവമാക്കി.പുറമേ ശിവപ്രസാദിന് ഫേയ്സ് ബുക്കിലും പുറത്തും വധഭീഷണിയും തെറിയഭിഷേകവും. പുറമേ 'ദേവീ കോപ'വും.
    കേരളത്തിലെ പല ക്ഷേതങ്ങളിലും ഇന്നു നിലവിലുള്ള ആചാരങ്ങളില്‍ പലതും എതിര്‍ക്കേണ്ടതും നിരുത്സാഹപ്പെടുത്തേണ്ടവയുമാണ്. ആചാരങ്ങളും വിശ്വാസങ്ങളും അംഗീകരിക്കുന്നതിനൊപ്പം അവയിലെ പൊള്ളത്തരങ്ങള്‍ പുറത്തു കൊണ്ടു വരാനും സ്വാതന്ത്ര്യമില്ലേ..? നമ്മുടെ ഭരണ ഘടന ഉറപ്പു നല്‍കുന്ന പൗരന്റെ മൗലികാവകാശങ്ങള്‍ പരിശോധിച്ചാല്‍ Article 61 A (h) പ്രകാരം  ഏതൊരു കാര്യത്തേയും ശാസ്ത്രിയ വീക്ഷണത്തോടെ വിലയിരുത്താനും അഭിപ്രായം പറയാനും നമുക്ക് അധികാരമില്ലേ..?
    അല്‍പം പേടിയോടെത്തന്നെ ഏതാണ് ആ ആചാരമെന്ന് പറയട്ടെ. 'ഇന്റര്‍ നെറ്റ് ഹിന്ദുക്കളെ' സദാചാര പോലീസിനെപ്പോലെത്തന്നെ ഭയക്കണം. അവര്‍ തൂണിലും തുരുമ്പിലുമുണ്ടാകും. 'ഇന്റര്‍ നെറ്റ് ഹിന്ദുക്കള്‍'- അതെന്റെ പ്രയോഗമല്ല , CNN/IBN Dep Editor സാഗരികാ ഘോഷിന്റേതാണ്.
    ക്ഷേത്രത്തിലെ കല്‍ വിഗ്രഹത്തിന് ആര്‍ത്തവമുണ്ടാകുമെന്ന തെറ്റായ വിശ്വാസത്തെ അടിസ്ഥാനമാക്കിയാണ് ഈ ആചാരം. ഒരു വശത്ത് ആര്‍ത്തവമുണ്ടായാല്‍ അശുദ്ധിയായി കണക്കാക്കുകയും സ്ത്രീകളെ അമ്പലങ്ങളില്‍ കയറ്റാതെ പുറത്താക്കുകയും ചെയ്യുന്ന പുരുഷ കേന്ദ്രീകൃത സമൂഹം. മറുപുറത്ത് ആര്‍ത്തവ രക്തം ദേവിയുടേതാണെന്നും പൂജനീയമാണെന്നും പറഞ്ഞ് വില്‍പ്പനക്കു വയ്ക്കുകയും ചെയ്യുക. വിശ്വാസികള്‍ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും മുഴുകി ജീവിച്ചോട്ടെ, അതവരുടെ കാര്യം. പക്ഷേ രാജാവ് നഗ്നനാണെന്ന് പറയാന്‍ മറ്റുള്ളവര്‍ക്ക് അധികാരമില്ലാത്തൊരു കാലത്തെക്കുറിച്ച് എന്തു പറയാന്‍. സൈബര്‍ കുറ്റകൃത്യമെന്ന പേരില്‍ എന്തിലേയും നേരിടുന്നത് ശരിയോ? മാനനഷ്ടത്തിന് വെറുമൊരു വക്കീല്‍ നോട്ടീസയച്ചാല്‍ അടുത്ത ദിവസം ഒരു ഉള്‍പ്പേജില്‍ മാപ്പു പറഞ്ഞാല്‍ നമ്മുടെ മാധ്യമങ്ങള്‍ രക്ഷപ്പെടുന്നുണ്ടല്ലോ. തിരുത്താനവസരം പോലും പലര്‍ക്കും ഇവിടെ ലഭിക്കുന്നില്ല. ചര്‍ച്ചകള്‍ നടക്കട്ടെ. സംവാദങ്ങളാണ് നമ്മുടെ നാടിനാവശ്യം. എന്നാല്‍ പലരും ഭയക്കുന്നതും ചര്‍ച്ചകളേയും സംവാദങ്ങളേയുമാണല്ലോ.
    ഇതു മാത്രമല്ല, അടുത്തിടെ സോണിയാ ഗാന്ധിയേയും മമതാ ബാനര്‍ജിയേയും വിമര്‍ശിച്ചവരെ പിടിക്കാന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളെത്തന്നെ നമ്മള്‍ വിറപ്പിച്ചില്ലേ. അതു പോലെ അമൃതാ ആശുപത്രിയെക്കുറിച്ചുള്ള പോസ്റ്റുകളും നിയമ നടപടികള്‍ നേരിടുന്നു. കോടികള്‍ ആസ്തിയള്ള ആള്‍ ദൈവങ്ങള്‍ (മാപ്പ്) ഇതെല്ലാം പൊറുത്ത് അജ്ഞരും വിവര ദോഷികളുമായ ഈ സൈബര്‍ പ്രാന്തന്മാരോടു പൊറുക്കേണമേ.... ഒന്നോര്‍ക്കണം നമ്മുടം വാളില്‍ മറ്റൊരാള്‍ എന്തെങ്കിലും പോസ്റ്റു ചെയ്താലും നമ്മള്‍ തന്നെ കുറ്റവാളികള്‍.
    കണ്ടതിലൊക്കെ പ്രതികരിക്കാനും കമന്റു ചെയ്യാനും ഇറങ്ങിപ്പുറപ്പെട്ട ഈ ഫെയ്സ് ബുക്കന്മാര്‍ക്ക് ഇനി എത്ര കാലം പിടിച്ചു നില്‍ക്കാന്‍ കഴിയുമെന്നറിയില്ല. ഒരു നാള്‍ യൂസര്‍ ഐ.ഡി. യും പാസ് വേര്‍ഡും അടിച്ചാലും മുട്ടിയാലും മുട്ടിയാലും തുറക്കാത്ത ഫേയ്സ് ബുക്കിന്റെ ലോഗിന്‍ പേജ് നിങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടും, തീര്‍ച്ച. അതേ നിമിഷം സ്ഥലം പോലീസ് സബ് ഇന്‍സ്പെക്ടറുടെ വണ്ടിയും നിങ്ങളുടെ വീട്ടു പടിക്കലെത്തിയിരിക്കും.

പിന്‍കുറിപ്പ്
പേടിക്കേണ്ട, എല്ലാറ്റിനും പരിഹാരമായി മുസ്ലിങ്ങള്‍ക്കായി ഒരു ഫേയ്സ് ബുക്ക് അങ്ങ് തുര്‍ക്കിയില്‍ ആരംഭിച്ചിരിക്കുന്നു. സംഭവം വന്‍ ഹിറ്റായിരിക്കുന്നു എന്നാണ് അറിയുന്നത്. ഈ മാതൃക മറ്റുള്ളവര്‍ക്കും പിന്തുടരാം.
  

No comments:

Post a Comment