Friday, January 11, 2013

ആനയെ കാണുന്ന കുരുടന്മാരോട്...
     സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും അനിശ്ചിത കാല പണിമുടക്കം തുടങ്ങിയതു മുതല്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ കണ്ടുതുടങ്ങിയ ഭ്രാന്തന്‍ ജല്പനങ്ങളാണ് ഈ കുറിപ്പിനാധാരം.(എന്റെ FB സുഹൃത്തുക്കളുടെ പ്രതികരണങ്ങളെയാണിവിടെ പരാമര്‍ശിക്കുന്നത്.)
      സമരത്തിനെതിരെ സര്‍ക്കാറിന് പിന്തുണയുമായി ഓടി നടക്കുന്ന കുറച്ചു പ്രവാസികളുണ്ട്. (എല്ലാവരും അത്തരക്കാരല്ല; സമരത്തെ നന്നായി വിലയിരുത്തുകയും പ്രതികരിക്കുകയും ചെയ്യുന്ന പ്രവാസികള്‍ക്ക് നന്ദി.) ഞങ്ങള്‍ക്കിവിടെ പെന്‍ഷനില്ല, സമരം ചെയ്യാനവകാശമില്ല എന്നൊക്കെയാണ് അവരെ അസ്വസ്ഥരാക്കുന്നത്. ഒരു നിഷ്പക്ഷന്‍ (ഹ ഹ )പറയുന്നത്  സമരത്തിന്റെ മുന്‍നിരയിലുള്ളവര്‍ മുപ്പതിനായിരം ശമ്പളം വാങ്ങുന്നവരാണെന്നാണ്. അദ്ദേഹം സൗജന്യ സേവനമാണോ അറബുനാട്ടില്‍ ചെയ്യുന്നതെന്ന് എനിക്കറിയില്ല. ഇരുപതും മുപ്പതും വാങ്ങുന്ന ജീവനക്കാരന്‍ ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ എന്താണ് മിച്ചം വെയ്ക്കുന്നതെന്ന് ആര്‍ക്കെങ്കിലും അറിയുമോ? ഇവിടുത്തെ വിലക്കയറ്റത്തെപ്പറ്റി ആ പ്രവാസിക്ക് അറിയുമോ? ദയവു ചെയ്ത് വീട്ടിലേക്ക് ഒന്നു വിളിച്ചു നോക്കൂ. 
    അതേ സുഹൃത്തു തന്നെ വെല്ലുവിളിയായി എന്നോടു പറഞ്ഞത് അവര്‍ ഇരുപത്തിനാലും കാര്യങ്ങള്‍ ലൈവായി കാണുന്നു എന്നാണ്. സുഹൃത്തേ....ഈ കേരളത്തിലെ ഏത് കുഗ്രാമത്തിലും എല്ലാം ലൈവായി ഞങ്ങള്‍ക്കും കാണാം...ഞങ്ങള്‍ ചാനലുകളിലും നെറ്റിലും മാത്രമല്ല ലൈവായിരിക്കുന്നത്. എല്ലാം ലൈവായി കാണുകയും അനുഭവിക്കുകയും ചെയ്യുന്നു. അതു കൊണ്ടു തന്നെ ഞങ്ങളുടെ പ്രതികരണം പലപ്പോഴും കടുത്തതായി മാറുന്നു എന്നു മാത്രം. 
      ഇതൊന്നുമല്ല സമരത്തിന്റെ കാരണം. അതറിയാത്തവരുമല്ല പ്രവാസി സുഹൃത്തുക്കള്‍. പലരും മനപ്പൂര്‍വ്വം ചര്‍ച്ച വഴിതിരിച്ചു വാടാനുള്ള ശ്രമത്തിലാണ് എന്നു മാത്രം. സര്‍ക്കാര്‍ സര്‍വ്വീസിന്റെ മുഖ്യ ആകര്‍ഷണം ശമ്പളത്തിന്റെ വലിപ്പമല്ല, ജീവിത സുരക്ഷിതത്വമാണ്. ജീവനക്കാരന്റെ മരണം വരെ...അതിനു ശേഷം കുടുംബത്തിന്റെ സുരക്ഷ...മാസം അമ്പതിനായിരത്തിലേറെ വാങ്ങുന്ന എന്റെ പ്രവാസി സുഹൃത്തുക്കള്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ഒരു പ്യൂണ്‍ നിയമനം ലഭിക്കുമ്പോഴേക്കും എന്തിനാണ് ജോലി ഉപേക്ഷിച്ചു നാട്ടിലെത്തുന്നത്. എല്ലാവര്‍ക്കും ജീവിത സുരക്ഷ തന്നെ പ്രധാനം. കണ്ണടച്ചിരുട്ടാക്കുന്നവര്‍ ഒരു നിമിഷം ചിന്തിക്കൂ.
      മറ്റൊന്ന്...  തങ്ങളാണ് കേരളത്തിന്റെ സമ്പത് വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്നതെന്ന് പറയുന്നവര്‍ പങ്കാളിത്ത പെന്‍ഷനിലൂടെ ലഭിക്കുന്ന കോടികള്‍ എവിടേക്കാണ് ഒഴുകുന്നതെന്ന് അറിയേണ്ടേ.?  റിലയന്‍സും മുത്തൂറ്റും.......
       എന്തു കൊണ്ട് ഈ പണം ട്രഷറിയില്‍ നിക്ഷേപിച്ചു കൂടാ..?  അത് നമ്മുടെ വികസന പ്രവര്‍ത്തനങ്ങളെ എന്തു മാത്രം സഹായിക്കും.. പക്ഷേ കമ്മീഷനില്ലല്ലോ അല്ലേ..
     മറ്റൊരു ബുദ്ധിജീവി ഈ സമരത്തെ എതിര്‍ക്കുന്നത് അത് ടി പി വധത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണെന്ന് തിരിച്ചറിഞ്ഞാണത്രേ...എന്തു പറയാന്‍....ഒരു നാടന്‍ സായിപ്പ് ഇപ്പോള്‍ കൊടുക്കുന്ന ശമ്പളത്തിന്റെ പകുതിക്ക് ജോലി ചെയ്യാന്‍ തയ്യാറാണത്രേ...എന്തിനു സര്‍ക്കാര്‍ സര്‍വ്വീസ്..? കൃഷിപ്പണിക്കു പോയാല്‍ പോലും ഒരു ക്ലാര്‍ക്കിന്റെ ശമ്പളം കിട്ടില്ലേ.? അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കുന്നതെന്തിന്? ഒരു പണിയുമെടുക്കാതെ വിടുവായത്തം പറഞ്ഞ് നടക്കുന്ന ഇത്തരക്കാര്‍ മറുപടി അര്‍ഹിക്കുന്നില്ല. ജീവനക്കാര്‍ ശരിയായി ജോലി ചെയ്യുന്നില്ലെങ്കില്‍ നടപടിയെടുക്കാന്‍ ഇവിടെ നിയമങ്ങളില്ലേ? ആരാണ് നടപ്പാക്കേണ്ടത്?
   സമരങ്ങള്‍ക്കെതിരെ, പ്രത്യേകിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തെ എതിര്‍ക്കാന്‍ വല്ലാത്തൊരാവേശമാണ് ചിലര്‍ക്ക്. കടമ്മനിട്ട പാടിയപോലെ നിങ്ങളെങ്ങലെ നിങ്ങളായെന്ന് മറക്കരുത്. കുരുടന്‍ ആനയെ കണ്ടപോലെ എന്തെങ്കിലും പറഞ്ഞ് ആളുകളെ എത്രനാള്‍ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയും?നമ്മുടെ പൂര്‍വ്വികര്‍ ത്യാഗപൂര്‍ണ്ണമായ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത സൗഭാഗ്യങ്ങളല്ലേ നാം അനുഭവിക്കുന്നത്? 
     ഇതൊരു ധര്‍മ്മസമരമാണ്. ഇതില്‍ വിജയവും പരാജവുമൊന്നും ഒരു പ്രശ്നമല്ല. നമ്മുടെ മക്കള്‍ നാളെ നമ്മെ കുറ്റപ്പെടുത്തരുത്. രാഷ്ട്രീയ തിമിരവും സമര വിരുദ്ധമെന്ന അരാഷ്ട്രീയ ജാഡയും ഉപേക്ഷിച്ച് സാമൂഹ്യസുരക്ഷ ഉറപ്പു നല്‍കുന്ന ഒരു നല്ല കേരളത്തിനായി പോരാടാം.......

No comments:

Post a Comment