Thursday, February 7, 2013

വിശ്വാസം... അതല്ലേ എല്ലാം....

     സാല്‍മാന്‍ റുഷ്ദിയുടെ 'സാത്താനിക് വേഴ്സസ്' എന്ന കൃതിക്കെതിരെ ഫത്വ പുറപ്പെടുവിച്ചതിനെതുടര്‍ന്ന് ഏറെക്കാലം അദ്ദേഹത്തിനു ഒളിവില്‍ കഴിയേണ്ടി വന്നത് മറക്കാറായില്ല. ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്റീനിന്റെ 'ലജ്ജ' എന്ന കൃതി നേരിടേണ്ടി വന്ന എതിര്‍പ്പുകളും നമുക്ക് മറക്കാറായില്ല. ജനങ്ങളുടെ വികാരങ്ങൾ വ്രണപ്പെടുത്തി എന്ന കുറ്റത്തിന് എം.എഫ്.ഹുസൈൻ 2006 ഫെബ്രുവരിയിൽ അറസ്റ്റ് ചെയ്യപ്പെട്ടു. ഹിന്ദുദേവതമാരെ  നഗ്നരായി ചിത്രീകരിച്ചു എന്നതായിരുന്നു പ്രധാന കുറ്റം. കുറ്റാരോപിതമായ ചിത്രങ്ങൾ 1970-ൽ വരച്ചതായിരുന്നു. എങ്കിലും ഇവ ഒരു ഹിന്ദു മാസികയിൽ 1996-ൽ പ്രസിദ്ധീകരിക്കപ്പെടുന്നതുവരെ വിവാദമായില്ല. മുമ്പ് ഇതിനെതിരായ കുറ്റാരോപണങ്ങൾ 2004-ൽ ദില്ലി ഹൈക്കോടതി തള്ളിയിരുന്നു. ഇതിന്റെ പേരില്‍ അദ്ദേഹത്തിനു നാടു വിടേണ്ടിവന്നു എന്നതും ചരിത്രം. ഒരു കാലത്ത് കലാസൃഷ്ടികള്‍ക്കും സാഹിത്യ സൃഷ്ടികള്‍ക്കുമെതിരെ വാളോങ്ങിയിരുന്ന മതഭ്രാന്തര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത് സിനിമകളെയാണെന്നു തോന്നുന്നു.
    തങ്ങളുടെ ആശയങ്ങളെ (പലതും വെറും ആമാശയങ്ങളാണെന്നതാണ് വസ്തുത) അനുകൂലിക്കാത്ത അല്ലെങ്കില്‍ പരോക്ഷമായെങ്കിലും എതിര്‍ക്കുന്ന കഥാതന്തുക്കളുള്ള സിനിമകള്‍ക്കെതിരെ വാളോങ്ങി, നിര്‍മ്മാതാവിനേയും സംവിധായകനേയും നടന്മാരേയും ബന്ധികളാക്കി കാര്യം സാധിക്കുന്ന ഇത്തരം സമര പരിപാടികള്‍ പകര്‍ച്ച വ്യാധികള്‍ പോലെ പടരുകയാണ്.
      കമലാഹാസന്റെ വിശ്വരൂപത്തിനെതിരെയുള്ള പ്രക്ഷോഭം തന്നെ ഉദാഹരണം. നൂറു കോടി ചെലവാക്കി സിനിമയെടുത്താല്‍ സ്വാഭാവികമായും അതിന്റെ സംഘാടകര്‍ക്ക് മുടക്കു മുതലിനെപ്പറ്റിയുള്ള ഉല്‍ക്കണ്ഠയുണ്ടാകും. സിനിമയിലെന്താണുള്ളതെന്ന് അറിയാന്‍ അതിന്റെ ആദ്യ ഷോ വരെ കാത്തിരിക്കാണുള്ള ക്ഷമ പോലും ജാതി മത ഭ്രാന്തര്‍ക്കില്ലാതെ പോയി. അതൊരു ഇസ്ലാം വിരുദ്ധ സിനിമയാണെന്നും അമേരിക്കന്‍ അനുകൂലമാണെന്നുമൊക്കെയാണ് കേരളത്തില്‍ ഈ സമരം സ്പോണ്‍സര്‍ ചെയ്ത എസ്. ഡി. പി. ഐക്കാര്‍ പറയുന്നത്. എന്നാല്‍ സിനിമ കണ്ടവര്‍ നേരെ മറിച്ചാണ് അഭിപ്രായം പറയുന്നത്.  തീവ്രവാദത്തിനെതിരെയാണ് സിനിമ പ്രതികരിക്കുന്നത്. തീവ്രവാദം, താലിബാനിസം എന്നൊക്കെ കേള്‍ക്കുമ്പോഴേ എന്തിന് ഇസ്ലാം വിരുദ്ധമെന്നു തീര്‍ച്ചപ്പെടുത്തുന്നു? കേരളത്തിലെ സംഘടിത യുവജന പ്രസ്ഥാനങ്ങള്‍ അതി ശക്തമായി ഇടപെട്ടപ്പോള്‍ സമരം ചീറ്റിപ്പോയി എന്നത് വാസ്തവം. എന്നാല്‍ ഈ സംഭവം ഉയര്‍ത്തുന്ന സാംസ്കാരിക പ്രശ്നങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല. കേരളത്തിലെ മാധ്യമങ്ങളില്‍ പലപ്പോഴും സാസ്കാരിക നായകരായും രാഷ്ട്രീയ നിരീക്ഷകരായും അവതരിപ്പിച്ചു വരുന്ന പലരുടേയും പൊയ് മുഖങ്ങളാണിവിടെ അനാവരണം ചെയ്യപ്പെട്ടത്. ഒ.അബ്ദുള്ളയെപ്പോലുള്ളവര്‍ പ്രകടിപ്പിച്ച അസഹിഷ്ണുതയെക്കുറിച്ചോര്‍ക്കുമ്പോള്‍ ലജ്ജ തോന്നന്നു.അറബു ഭാഷയുടെ സ്റ്റൈലിലാണ് ഈ സിനിമയുടെ പോസ്റ്റര്‍  തയ്യാറാക്കിയതെന്നു വരെ ആരോപണമായി ഉന്നയിക്കുന്നു. കാരശ്ശേരി മാഷേപ്പോലുള്ളവര്‍ ഇത്തരം സമരമാര്‍ഗ്ഗങ്ങളെ നിരാകരിക്കുകയാണ്. എതിര്‍പ്പുള്ളവര്‍ക്ക് ലേഖനമെഴുതിയോ മറ്റു പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെയോ പ്രതികരിക്കാമെന്നും വേണമെങ്കില്‍ മറ്റൊരു സിനിമയിലൂടെത്തന്നെ മറുപടി പറയാമെന്നും അദ്ദേഹം പറയുന്നു.  തമിഴ് നാട്ടില്‍ ഭരണ നേതൃത്വത്തിന്റെ മൗനാനുവാദം കൂടിയായപ്പോള്‍ കമലിന് പല രംഗങ്ങളും വെട്ടിമാറ്റേണ്ടി വന്നുവത്രേ. ഇതോടൊപ്പം 'റോമന്‍സ്' എന്ന സിനിമക്കെതിരെ ക്രൈസ്തവ സഭകളുടെ എതിര്‍പ്പും ശക്തമായിരുന്നു. എങ്കിലും വിശ്വരൂപം വിവാദത്തിനു മുന്നില്‍ അത് വെറും മുറുമുറുപ്പിലൊതുങ്ങിയെന്നേയുള്ളൂ. ഇപ്പോളിതാ 'കടല്‍' എന്ന തമിഴ് ചിത്രത്തിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നു വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മണി രത്നം സംവിധാനം ചെയ്ത തമിഴ് നിനിമ 'കടല്‍' ക്രിസ്ത്യന്‍ വിരുദ്ധമാണെന്ന് ആരോപിച്ച് ക്രിസ്ത്യന്‍ സംഘടനകളാണ് രംഗത്തെത്തിയിരിക്കുന്നത്.
      ഇനിയിപ്പോള്‍ ഒരു പോംവഴിയേ കാണാനുള്ളൂ. വല്ലവനും സിനിമ പിടിക്കാന്‍ തോന്നിയാല്‍ ചാടിക്കയറി ലൊക്കേഷന്‍ നോക്കി പായരുത്. സര്‍ക്കാര്‍ നിലവിലുള്ള സെന്‍സര്‍ ബോര്‍ഡൊക്കെ പിരിച്ചു വിടട്ടെ. എന്നിട്ട് എല്ലാജാതി മത വര്‍ഗ്ഗീയ ശക്തികളുടേയും പ്രതിനിധികളെ ഉള്‍പ്പെടുത്തി ഒന്നു പുന:സംഘടിപ്പിക്കട്ടെ. അവര്‍ സൗകര്യം പോലെ കഥയൊക്കെ കേട്ട് സംതൃപ്തരായി അനുവാദം കൊടുക്കുന്ന മുറയ്ക്കു ഷൂട്ടിങ്ങ് തുടങ്ങാം. നല്ല ഒന്നാന്തരം കഥ അവരുടെ പക്കല്‍ തന്നെ ഉണ്ടാകും. അതാവുമ്പോള്‍ കഥ തേടി അലയുകയും വേണ്ട.
        പ്രിയമുള്ള സിനിമാക്കാരാ.... നിങ്ങള്‍ ഏത് രാഷ്ട്രീയക്കാരേക്കുറിച്ചു വേണമെങ്കിലും സിനിമയെടുത്തോ... കുഴപ്പമില്ല. അവരുടെ പരാതി ആരും കേള്‍ക്കില്ല. അല്ലെങ്കില്‍ അനുകൂല വാദവുമായി ആരെങ്കിലുമെത്തും.  എന്നാല്‍ വിശ്വാസം.. അത് തൊട്ടു കളിക്കരുത്... ഇത് കാലം വേറെയാ.... പണ്ട്  നായരു പിടിച്ച പുലിവാലെന്നൊരു സിനിമയിറങ്ങിയെന്നു കരുതി ഇപ്പോള്‍ ഒരു സാദാ നായരുടെ പേരില്‍ പോലും സിനിമയിറക്കാമെന്നു കരുതണ്ട. പൊന്‍മുട്ടയിടുന്ന തട്ടാന്‍ പൊന്‍മുട്ടയിടുന്ന താറാവായതു മുതല്‍ ആ കളി ഇവിടെ നടപ്പില്ല. 1973 ല്‍ ഇറങ്ങിയ നിര്‍മ്മാല്യത്തില്‍  ഒരു ജീവിതകാലം മുഴുവന്‍ ദൈവത്തിനു വേണ്ടി ജീവിച്ച വെളിച്ചപ്പാട് ഒടുവില്‍ കുടുംബവും ദൈവം തന്നേയും തന്നെ വഞ്ചിച്ചപ്പോള്‍ തന്റെ രോഷം മുഴുവന്‍ ആ കല്‍വിഗ്രഹത്തോടു തീര്‍ക്കുന്ന സീനൊക്കെ ഇന്ന് സ്വപ്നത്തില്‍ പോലും കാണാനാവുമോ? ഇന്ന് സാക്ഷാല്‍ എം.ടി.വാസുദേവന്‍ നായര്‍ക്ക് അത്തരമൊരു കഥാപാത്രത്തെ പുന:സൃഷ്ടിക്കാനാവുമോ? അന്ന് പി.ജെ.ആന്റണിയെന്ന മഹാനടന് ഏറ്റവും മികച്ച നടനുള്ള അവാര്‍ഡുകൊടുത്താണ് രാഷ്ട്രം ആദരിച്ചത്. ഇന്നാണെങ്കില്‍ കഥാകൃത്തിന്റേയും സംവിധായകന്റേയും അഭിനേതാവിന്റേയും ജാതിയും മതവും മുടിയിഴ കീറി പരിശോധിക്കേണ്ടി വരും. സദാചാര പോലീസിന്റേയും വിചാരണകളുടേയും വാര്‍ത്തകള്‍ ഒറ്റപ്പെട്ടതല്ലെന്ന തിരിച്ചറിവിലേക്കെങ്കിലും നാമെത്തുന്നു.
         കാലം പോയ പോക്കേ... നാം മുന്നോട്ടല്ലാ പോകുന്നതെന്ന്  ആരാണ് പറഞ്ഞത്..? മുന്നോട്ടു തന്നെ. മുന്നോട്ടു തന്നെ..  പിന്നോട്ടല്ല പോകുന്നതെന്നുറപ്പാണ്.. കാരണം ഇതിലുമെത്രയോ സ്വാതന്ത്ര്യം നമ്മുടെ പൂര്‍വ്വികര്‍ അനുഭവിച്ചിരുന്നു.  നാം മുന്നോട്ടു തന്നെ.....കറുത്ത കാലത്തിന്റെ ഇരുണ്ട ഗര്‍ത്തത്തിലേക്ക്..... യാത്ര തുടരട്ടെ ...... വിശ്വാസികളെ വ്രണപ്പെടുത്താതെ.....
          വിശ്വാസം... അതല്ലേ എല്ലാം......

3 comments:

  1. എന്തു വിശ്വാസം?മതതത്വങ്ങള്‍ അനുസരിച്ചു ജീവിക്കുന്നവനെ മഷിയിട്ടു നോക്കിയാല്‍ കാണുമെന്ന വിശ്വാസമുണ്ടോ സന്തോഷിന്...?മതങ്ങള്‍ പറയുന്ന ധാര്‍മ്മികത സ്വന്തം ജീവിതത്തില്‍ ഒരു ചെറിയ ശതമാനമെങ്കിലും വിശ്വാസികള്‍ പുലര്‍ത്താന്‍ തയ്യാറായാല്‍ പിന്നെ ഈ നാട് എപ്പോള്‍ നന്നായെന്നു ചോദിച്ചാല്‍ മതി...!

    ReplyDelete
    Replies
    1. ഹ ഹ ഹ .... അതല്ലേ ഞാന്‍ പറഞ്ഞത് ...വിശ്വാസം ..അതല്ലേ എല്ലാം....

      Delete
  2. ഭിന്നിപ്പിക്കു ഭരിക്കുക എന്നത് ഏറ്റവും വിജയകരമായ മന്ത്രമാണ്. ലോകം മുഴുവന്‍ ഈ സിദ്ധാന്തം ലോക പോലീസ് ഉപയോഗിക്കുന്നു. ആഫ്രിക്കയിലും മദ്ധ്യപൂര്‍വ്വേഷ്യയിലും ഇസ്ലാമാണ് അവരുടെ കാലാള്‍പ്പട. നമ്മുടെ നാട്ടിലോ, അനേകായിരം തരത്തിലുള്ള കാലാള്‍പ്പടയുണ്ട്.
    സിറിയയിലെ മനുഷ്യത്വരപമായ ഇടപെടല്‍

    ReplyDelete