Saturday, February 9, 2013

ചാനലുകള്‍ക്കും മൂക്കുകയറിടേണ്ടേ?


          സര്‍ക്കാര്‍ വിലാസം ചാനലുകളുടെ പ്രസക്തി നഷ്ടപ്പെട്ടതോടെ സ്വകാര്യചാനലുകളുടെ കുത്തൊഴുക്കാണ് മലയാളത്തില്‍. ഏഷ്യനെറ്റു മുതല്‍ മാതൃഭൂമിയുടെ ചാനല്‍ വരെ നമ്മുടെ രാപ്പകലുകളെ മിനി സ്ക്രീനിനു മുന്നില്‍ തളച്ചിടാനുള്ള തന്ത്രങ്ങളാവിഷ്ക്കരിക്കുകയാണ്.
         കണ്ണീര്‍ പരമ്പരകളുടെ കാലമായിരുന്നു ആദ്യമെല്ലാം. ഒരു ട്രെന്‍ഡും അധിക കാലം നിലനില്‍ക്കില്ലല്ലോ. ദേശീയ ചാനലുകളില്‍ 'കോന്‍ ബനേഗാ ക്രോര്‍പതി' പോലുള്ള ഗെയിം ഷോകള്‍ തകര്‍ത്താടിയപ്പോള്‍ നമ്മുടെ ചാനലുകളും വഴിമാറിത്തുടങ്ങി. 'അശ്വമേഥം' പോലുള്ള ഗെയിം ഷോകള്‍ പലതും സൂപ്പര്‍ ഹിറ്റായി. പിന്നീട് യക്ഷികളും ദൈവങ്ങളും നമ്മുടെ സന്ധ്യകളെ ടെലിവിഷനുകള്‍ക്കു മുന്നില്‍ തളച്ചിട്ടതും ചരിത്രം. അതിനും അധിക കാലം ആയുസ്സുണ്ടായില്ല. പിന്നെ സംഗീതമയമായി നമ്മുടെ ചാനലുകളെല്ലാം. റിയാലിറ്റി ഷോകള്‍ സംഗീത മത്സരങ്ങളിലൂടെ ജനപ്രിയമായപ്പോള്‍ നമ്മുടെ വിലപ്പെട്ട സമയവും പണവും ഒരേ സമയം ചാനല്‍ മുതലാളിമാരും മൊബൈല്‍ കമ്പനികളും പങ്കിട്ടെടുത്തു. മത്സരാര്‍ത്ഥികളുടെ ജീവിത ദുരിതങ്ങളും ശാരീരിക വൈകല്യങ്ങളും പൊടിപ്പും തൊങ്ങലും ചേര്‍ത്തവതരിപ്പിച്ച് അവരുടെ  വിജയത്തിനായി എസ്.എം.എസിന്റെ ആവശ്യകത നമ്മെ ബോധ്യപ്പെടുത്തി. ഏതു കാലത്തും ഒരു എസ്.എം.എസിന് ഒരു രൂപയില്‍ കൂടാറില്ലെങ്കിലും ഇവിടെ മൂന്നു മുതല്‍ മേലോട്ടായിരുന്നു നിരക്കുകള്‍. വിധികര്‍ത്താക്കളുടെ ധാര്‍ഷ്ട്യം നിറഞ്ഞ പ്രകടനങ്ങളും അല്‍പ്പത്തരങ്ങളും ഡെയ്ഞ്ചര്‍ സോണെന്ന നൂല്‍പ്പാലവുമെല്ലാം മത്സരാര്‍ത്ഥികളേയും കാണികളേയും വെള്ളം കുടിപ്പിച്ചു. ഇക്കാലത്തു തന്നെ വ്യത്യസ്തത പുലര്‍ത്തിയ ചില റിയാലിറ്റി ഷോകളും നമ്മുടെ മുന്നിലെത്തി. കഥാപ്രസംഗവും കവിതാ പാരായണവും മികച്ച ചില ഹാസ്യ പരിപാടികളും ഇക്കാലത്ത് നമ്മുടെ ചാനലുകള്‍ അവതരിപ്പിച്ചു. 
         ചാനലുകളുടെ മത്സരം മുറുകിയതോടെ വ്യത്യസ്തത തേടിയുള്ള അവരുടെ മത്സരവും അതു വഴി നമ്മുടെ സമൂഹത്തിനു തന്നെ ഭീഷണിയായി മാറുന്ന പരിപാടികളുമായി നമ്മുടെ ചാനലുകള്‍ അവരുടെ പങ്കു വഹിക്കാന്‍ തുടങ്ങിയെന്നു നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. സൂര്യാ ടി.വിയില്‍ കുട്ടികള്‍ ആവേശത്തോടെ കാണുന്ന  'കുട്ടിപ്പട്ടാളം' എന്ന പേരിലുള്ള ഒരു റിയാലിറ്റി ഷോ കാണാനിടയായി... . എവിടേക്കാണ് അടുത്ത തലമുറയെ ഇവര്‍ നയിക്കുന്നതെന്നതിന്റെ വ്യക്തമായ സൂചനകളതിലുണ്ടായിരുന്നു.
അവതാരക: പശുവിനെ കണ്ടിട്ടുണ്ടോ?
കുട്ടി: ഉണ്ട്
അവതാരക: പശു എന്താണ് മനുഷ്യന് തരുന്നത്?
കുട്ടി: പാല്‍ തരും.
അവതാരക: എങ്ങിനെയാണ് പാല് എടുക്കുന്നത്?, കുത്തിത്തുരന്ന് എടുക്കുവാണോ?
കുട്ടി: അല്ല
അവതാരക: പിന്നെ എവിടുന്നാണ് എടുക്കുന്നത്?
കുട്ടി:എന്താണ് പറയേണ്ടതെന്നറിയാതെ ഒന്ന് പരുങ്ങിയെങ്കിലും പറഞ്ഞു. അത് പശുവിനെ എതാണ്ടെന്തോ സാധനത്തില്‍ നിന്നും വലിച്ചെടുക്കുകയാണെന്ന്. അവതാരകയും പ്രേക്ഷകരും കൂട്ടച്ചിരി.
പ്രശ്‌നമില്ല,  അവതാരകയുടെ അടുത്ത ചോദ്യം വരവായി. ഒന്നാം ക്ലാസിലോ മറ്റോ പഠിക്കുന്ന കൊച്ചു കുട്ടിയോട് പെമ്പറന്നവര്‍ അടുത്ത ചോദ്യം ചോദിച്ചു. എടാ നീ സൈറ്റടിക്കാറുണ്ടോ. അവതാരക രണ്ടു മൂന്നുവട്ടം ആവര്‍ത്തിച്ചു. പാവം കുട്ടി. അവന്‍ ചോദിച്ചു അതെന്താ സാധാനം. പിന്നെ അവതാരകയുടെ വക പരിഹാസം വന്നു. എന്താടാ ആണ്‍കുട്ടിയായിട്ട് സൈറ്റടിക്കലെന്താണെന്ന് പോലും അറിയില്ലേ...ഛെ കഷ്ടം. രണ്ടാമത്തെ കുട്ടിയോടും ചോദിച്ചു. ആ കുട്ടിയും കൈ മലര്‍ത്തി. കൂട്ടത്തില്‍ അല്‍പം മുതിര്‍ന്ന കുട്ടിയോടായി അടുത്ത ചോദ്യം. എടാ നിനക്കറിയാമോ...കുട്ടി ധൈര്യസമേതം അറിയാം. ആരെയെങ്കിലും സൈറ്റടിച്ചിട്ടുണ്ടോ. ദാ...എന്നെ നോക്കിയേ...എന്നെ ഒന്ന് സൈറ്റടിച്ചേ...കുട്ടി സൈറ്റടിച്ചു. സദസ്സും അവതാരകയും കൂട്ടച്ചിരി. ഇതെല്ലാം നടക്കുന്നത് സ്വന്തം തന്തയുടെയും തള്ളയുടെയും മുന്നില്‍ വെച്ചാണെന്നോര്‍ക്കണം...അതോടെ ഇളം മനസ്സിലെ തന്നെ അശ്ലീലത കുത്തിവെക്കാനും അത്തരം കാര്യങ്ങള്‍ അനുകരിക്കാനും അതൊന്നും അറിയാതെ നടക്കാന്‍ പാടില്ലെന്നും പഠിപ്പിക്കുന്ന ഒന്നാന്തരം പരിപാടി തന്നെ.ഇതൊന്നു മാത്രം. ഇതിന്റെ ആവര്‍ത്തനം തന്നെ പരിപാടി വുഴുവന്‍.
        സഞ്ജയന്റേയും വി.കെ.എന്നിന്റേയും ഹാസ്യമാസ്വദിച്ച മലയാളം പാസ്യത്തിന്റെ ഫീമെയില്‍ വേര്‍ഷനായി ചാനലുകള്‍ അവതരിപ്പിക്കു്ന്ന സുബി സുരേഷാണ് ഈ പരിപാടിയുടെ അവതാരിക. അരോചകം തന്നെ അവരുടെ പരാക്രമങ്ങള്‍.
               എട്ടും പൊട്ടും തിരിയാത്ത മൂന്നോ നാലോ വയസ്സുള്ള കുറച്ചു പിള്ളേരെ സ്റ്റുഡിയോയില്‍ പിടിച്ചിരുത്തി സുബി തന്റെ ടോക് ഷോ ആരംഭിക്കുന്നു. മറുപുറത്ത് കുറേ മമ്മിമാരും ഡാഡിമാരും മുത്തശ്ശീമുത്തച്ഛന്മാരും എന്തു കേട്ടാലും പൊട്ടിച്ചിരിക്കാനും കൈയടിക്കാനുമുള്ള പരിശീലനം നേടി തയ്യാറായിരുപ്പുണ്ട്.
       വിലപ്പെട്ടതെന്തു നല്‍കിയാലും തന്റെ മക്കളെ താരസുന്ദരിമാരും ലോകസുന്ദരിമാരുമാക്കാനായി ഒരുളുപ്പുമില്ലാതെ ഇറങ്ങിത്തിരിച്ച രക്ഷിതാക്കള്‍ക്ക് (?) ഒരു പക്ഷേ ഇതെല്ലാം യോജിക്കുമായിരിക്കും. മൂന്നോ നാലോ വയസ്സുകാര്‍ക്ക് ഭാവിയില്‍ ഇണകളെ ആകര്‍ഷിക്കാനും വശീകരിക്കാനും മൂന്നാംകിട സൂത്രപ്പണികള്‍ പടിപ്പിക്കുന്ന ഇത്തരം ചാനല്‍ പേക്കൂത്തുകള്‍ എത്രകാലം നാം സഹിക്കണം. മറ്റു ചാനലുകള്‍ക്കും ഇത്തരം മാതൃകകള്‍ പിന്തുടരാം. വേണമെങ്കില്‍ നീലചിത്ര നിര്‍മ്മാണവും പ്രദര്‍ശനവും വരെ നിങ്ങള്‍ നടത്തിക്കോളൂ. അതിനും പിന്തുണ നല്‍കാന്‍ ഇവിടെ ആളുണ്ടാകും. പ്രസവം വരെ ലൈവായി കാണിക്കണമെന്നാണല്ലോ ഭൂരിപക്ഷ അഭിപ്രായം.
         പക്ഷേ ഈ കോപ്രായം കൊച്ചു കുഞ്ഞുങ്ങളോടു വേണമായിരുന്നോ? എന്തിനു അവതാരികയേയും ചാനല്‍ മുതലാളിമാരേയും കുറ്റം പറയണം? 'ഉദര നിമിത്തം ബഹുകൃത വേഷം'. നമ്മുടെ ഇത്തിരിപ്പോന്ന കുഞ്ഞുങ്ങള്‍ വായില്‍ കൊള്ളാത്ത ചോദ്യങ്ങള്‍ക്കു മുന്നില്‍ പകച്ച് എന്തെല്ലാമോ വിളിച്ചു പറയുന്നത് കേട്ടു കുലുങ്ങിച്ചിരിക്കുന്ന അല്‍പ്പന്മാരെ പറഞ്ഞാല്‍ മതിയല്ലോ. സ്വന്തം മകളെ പീഢിപ്പിക്കുന്ന പിതാക്കന്മാരും കൂട്ടിക്കൊടുക്കുന്ന അമ്മമാരുമുള്ള നമ്മുടെ നാട്ടില്‍ ഇതൊന്നും ആര്‍ക്കും വലിയ പ്രശ്നമല്ലായിരിക്കും. എന്നാല്‍ പ്രിയ ചാനല്‍ പ്രവര്‍ത്തകരേ... നമ്മുടെ കുഞ്ഞുങ്ങളെയെങ്കിലും വെറുതെ വിട്ടുകൂടേ..?
       ചാനലുകള്‍ക്കും സെസര്‍ഷിപ്പു വേണമെന്ന കാര്യത്തില്‍ ഇനിയെന്നാണാവോ നമ്മുടെ അധികാരികള്‍ ബോധവാന്മാരാവുക? സ്വയം നിയന്ത്രണം മതിയെന്നാണെങ്കില്‍ ഈ കഴുത്തറപ്പന്‍ മത്സര കാലത്ത് ഇങ്ങനെയൊക്കെ കാണാനും കാണിക്കാനും മടിയില്ലാത്തവരാണ് നമ്മുടെ പല ചാനലുകാരുമെന്ന് തിരിച്ചറിയണം.
          ഒന്നു കൂടി.... ഈ പരിപാടിയും സൂപ്പര്‍ ഹിറ്റാണത്രേ.. ഹ ഹ ഹ ഹ

4 comments:

  1. സത്യത്തില്‍ നാമിപ്പോള്‍ ഏതു രീതിയില്‍ ചിന്തിക്കുന്ന ഒരു സമൂഹമാണ് !!

    സ്ത്രീകളും കുഞ്ഞുങ്ങളും നിരന്തരം അപമാനിതരാക്കപെടുന്ന ഒരു സമൂഹത്തില്‍
    സ്ത്രീകളെയും പെണ്കുട്ടികളെയും ആദരിക്കാനും അന്യരുടെ വ്യക്തിത്വത്തെ അപമാനിക്കാതെ അന്ഗീകരിക്കാനും കുട്ടികളെ പഠിപ്പിക്കുകയാണ് വേണ്ടത് .അത്തരത്തിലുള്ള ബോധവല്‍ക്കരണം നടത്തുന്നതിനു കുടുംബത്തിനു മാത്രമല്ല മാധ്യമങ്ങളടക്കമുള്ള പൊതു സമൂഹത്തിനു വലിയ ബാധ്യതയുയുണ്ട്.

    ഇത്തരം പേക്കൂത്തുകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കേണ്ടത് തന്നെ..

    ReplyDelete
  2. ഫെബ്രുവരി 10 മുതല്‍ ചാനല്‍ സംസ്കാരത്തില്‍ ഒരു മാറ്റം വരും

    ReplyDelete
  3. ചാനല്‍ സംസ്ക്കാരത്തില്‍ ഒരു മാറ്റത്തിനും സാധ്യത കാണുന്നില്ല. ഏതു പുതിയ ചാനല്‍ വന്നാലും ഒഴുക്കിനെതിരെ നീന്തുകയല്ല ചെയ്യുന്നത്. ലാഭത്തിലല്ലേ കണ്ണ് എല്ലാവര്‍ക്കും,,,,,,,,,,,

    ReplyDelete
  4. മാധ്യമങ്ങള്‍ സാമൂഹ്യ ദ്രോഹികളാണ്. അവര്‍ക്ക് പണവും സമയവും നല്‍കരുത്.
    ജനത്തെ കുറ്റവാളികളാക്കിയിട്ട് കുറ്റകൃത്യം പുറത്തുകൊണ്ടുവന്നു എന്ന് പൊങ്ങച്ചം പറയുന്ന ശരിക്കുള്ള കുറ്റവാളികളാണ് അവര്‍.
    ടെലിവിഷന്‍ കാണാതിരിക്കുക. ഗുണത്തേക്കാളേറെ ദോഷമാണ് അത് ചെയ്യുന്നത്.

    സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണം കൂടുന്നതും അതുകൊണ്ടാണ്. അവക്കെതിരെ സ്ഥായിയായ സമരം സ്വന്തം ജീവിതത്തില്‍ നിന്ന് തുടങ്ങുക. മാധ്യമങ്ങളും
    സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും

    ReplyDelete