Thursday, December 19, 2013

കെജ്രിവാളിന്റെ പ്രസക്തിയും പരിമിതിയും


കെജ്രിവാളിന്റെ പ്രസക്തിയും പരിമിതിയും

   കോണ്‍ഗ്രസിന്റേയും ബി.ജെ.പിയുടേയും മുന്നണികള്‍ക്കപ്പുറത്ത് മറ്റൊരു സാധ്യതയുണ്ടെന്ന് പതിറ്റാണ്ടുകള്‍ക്കിപ്പുറം കാണിച്ചു തന്നത് അരവിന്ദ് കെജ്രിവാളും അദ്ദേഹത്തിന്റെ ആം ആദ്മി പാര്‍ട്ടിയുമാണ്. അതിലേറെ പിറവിയെടുത്ത് മാസങ്ങള്‍ക്കകം ദില്ലി പോലുള്ള ഒരു തന്ത്രപ്രധാനമായ സംസ്ഥാനത്ത് അവര്‍ അധികാരത്തിനടുത്തു വരെയെത്തിയതിന്റെ പശ്ചാത്തലം കൂടി പരിശോധിക്കാനുള്ള സമയമാണിത്.
      അഴിമതിവാര്‍ത്തകളില്‍ നിസ്സഹായരായ ഒരു ജനതയുടെ മുന്നില്‍ അന്നാ ഹസാരെയെന്ന ഒരു വയോധികന്‍ ഉഴുതു മറിച്ച മണ്ണിലാണ് യഥാര്‍ത്ഥത്തില്‍ കെജ്രിവാളിന്റെ തേരോട്ടം. മറ്റൊരു പ്രത്യയശാസ്ത്രത്തിന്റേയും സഹായമില്ലാതെ അഴിമതി വിരുദ്ധമുദ്രാവാക്യത്തിന്റെ മാത്രം കരുത്തില്‍ വളരെ തന്ത്രപൂര്‍വ്വം പ്രയോഗത്തില്‍ കൊണ്ടുവന്ന പ്രസ്ഥാനമാണ് എ. . പി എന്ന ആം ആദ്മി പാര്‍ട്ടി. ഗുരുനാഥന്‍ തള്ളിപ്പറഞ്ഞിട്ടു പോലും കെജ്രിവാളിനെ പിടിച്ചു കെട്ടാനായില്ല എന്നതാണ് സത്യം.
         എന്നാല്‍ അവിചാരിതമായി അധികാരത്തിനടുത്തെത്തിയപ്പോള്‍ കെജ്രിവാളൊന്നു പതറിയോ എന്ന് സംശയിക്കണം. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയും ജനവിധിയില്‍ തോറ്റു തുന്നം പാടിയ കോണ്‍ഗ്രസും നിരുപാധിക പിന്തുണ നല്‍കിയപ്പോള്‍ അത് സ്വീകരിക്കാന്‍ എ. .പി തയ്യാറാകാത്തതെന്തു കൊണ്ട്? പിന്തുണക്കണമെങ്കില്‍ തങ്ങളുടെ പതിനെട്ടിന അജണ്ടകള്‍ അംഗീകരിക്കണമെന്നായി കെജ്രിവാള്‍. മിക്കതും അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായി. അപ്പോളതാ അടുത്ത തന്ത്രം. ജനങ്ങള്‍ സമ്മതിക്കണം അധികാരമേറ്റെടുക്കാനെന്നാണിപ്പോള്‍ പറയുന്നത്. അതിനായി കത്തെഴുതാനാവശ്യപ്പെട്ടിരിക്കുന്നു പാര്‍ട്ടി. ഇനിയിപ്പോള്‍ അടുത്ത അഭ്യാസം എന്തായിരിക്കുമെന്നാര്‍ക്കറിയാം? . . പിക്ക് ധാര്‍ഷ്ട്യമാണെന്ന ബി.ജെ.പിയുടെ വിലയിരുത്തല്‍ ഏറെക്കുറെ ശരിയാണെന്ന് ശരാശരി പൊതുജനം കരുതിയാല്‍ തെറ്റില്ല.
    മധ്യവര്‍ഗ്ഗക്കാരേയും അതിനു മുകളിലുള്ളവരേയും ആകര്‍ഷിക്കാനുള്ള തന്ത്രങ്ങള്‍ ഫലിച്ചെങ്കിലും ഭരണത്തിലേറിയാല്‍ തങ്ങള്‍ പറഞ്ഞതേതൊക്കെ വിഴുങ്ങേണ്ടി വരുമെന്ന് ആശങ്കയുണ്ട് രാഷ്ട്രീയ നിരീക്ഷകര്‍ക്ക്. മുമ്പ് അടിയന്തിരാവസ്ഥയ്ക്കു ശേഷം ജനതാ പാര്‍ട്ടിയും പിന്നീട് ആന്ധ്രയില്‍ രാമറാവുവും ആസ്സാമില്‍ ഗണപരിഷത്തും പരാജയപ്പെട്ടത് നമുക്ക് മറക്കാറായില്ല. പലപ്പോഴും ഇത്തരം മുന്നേറ്റങ്ങള്‍ എരിഞ്ഞടങ്ങിയത് പാര്‍ട്ടിക്കകത്തു നിന്നു തന്നെയുള്ള തൊഴുത്തില്‍ക്കുത്തും അധികാരത്തര്‍ക്കങ്ങളും കാരണമാണ്. എന്നാല്‍ കെജ്രിവാളിനൊരു ബദല്‍ നേതൃത്വമില്ലാത്തത് പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റെ കാര്യം സുരക്ഷിതമാക്കുന്നു.
        അഴിമതിയില്‍ മുങ്ങിക്കുളിച്ച ഭരണ പ്രതിപക്ഷകക്ഷികളോടുള്ള പ്രതിഷേധം മാത്രമല്ല എ.. പിയെ തുണച്ചത്. വളരെ മികച്ചൊരു പ്രൊഫഷണല്‍ പ്രചരണതന്ത്രത്തിന്റെ വിജയം കൂടിയാണ് ദില്ലിയിലേത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ ഇത് വ്യക്തമാണ്. പാര്‍ട്ടി അണികളും വോട്ടര്‍മാരുമാണ് ഓരോ മണ്ഢലത്തിലേയും സ്ഥാനാര്‍ത്ഥികളെ നിര്‍ദ്ദേശിച്ചത്. അതു തന്നെ അവരുടെ വിജയത്തിന്റെ തുടക്കമായി. കെട്ടിയേല്‍പ്പിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പരാജയവും വിമതപ്രവര്‍ത്തനങ്ങളും നമുക്ക് പരിചിതമാണല്ലോ. തെരഞ്ഞെടുപ്പു ഫണ്ടു ശേഖരണത്തിലെ സുതാര്യതയും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. വിവരാവകാശ നിയമത്തിന്റെ കാര്യത്തില്‍ നമ്മുടെ ഏതാണ്ടെല്ലാ പാര്‍ട്ടികളും ഒന്നിച്ചത് എന്തെല്ലാമോ മറച്ചുവെക്കാനുണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെന്ന പ്രതീതിയുണ്ടാക്കി. ഈ സുതാര്യതയ്ക്കിടയിലും അലാസ്ക്കയില്‍ നിന്നു വരെ എ..പിയ്ക്കു ഫണ്ടു വന്നെന്ന കാര്യം വേണ്ടത്ര ചര്‍ച്ചയാക്കാന്‍ മറ്റുള്ളവര്‍ക്കു കഴിഞ്ഞതുമില്ല. നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണ സമയത്ത് തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന പേരില്‍ രണ്ടു സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കാന്‍ വരെ തയ്യാറായതും അവരുടെ ഇമേജ് വര്‍ദ്ധിപ്പിച്ചു. ഭരണത്തിലേറിയാല്‍ ജനപ്രതിനിധികള്‍ എങ്ങിനെയായിരിക്കണമെന്നു വരെ അവര്‍ ജനങ്ങളുടെ ഇടയില്‍ ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ അധികാരത്തിലേറുന്നതോടെ കെജ്രിവാളിന്റെ സംഘത്തിന് എത്രമാത്രം മുന്നോട്ടു പോകാനാകുമെന്ന കാര്യത്തില്‍ നമുക്കിനിയും കണ്ടറിയേണ്ടിയിരിക്കുന്നു.
            എന്തായാലും ഒരു കാര്യമുറപ്പാണ്.എന്നും വ്യക്തിയധിഷ്ഠിതരാഷ്ട്രീയത്തിനായിരുന്നല്ലോ നമ്മുടെ നാട്ടില്‍ പ്രഥമപരിഗണന കിട്ടിയിരുന്നത്. ഇന്ദിരാഗാന്ധി മുതല്‍ കോണ്‍ഗ്രസ് വിജയകരമായി പയറ്റിവന്ന് ഇപ്പോള്‍ രാഹുലിലെത്തുമ്പോള്‍ ബി.ജെ.പി മോഡിയെ മുന്‍നിര്‍ത്തി ഇതേ പരീക്ഷണം നടത്തുന്നു. അരാഷ്ട്രീയതയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന നമ്മുടെ മധ്യവര്‍ഗ്ഗതാല്‍പര്യങ്ങളെ പ്രീതിപ്പെടുത്താന്‍ ഗെജ്രിവാളിനെപ്പോലുള്ളവരും ഇതേ വഴി തന്നെ പിന്തുടരുമ്പോള്‍ പ്രത്യയശാസ്ത്രങ്ങള്‍ ഇനിയും മൂടുപടത്തിനു പുറകില്‍ത്തന്നെ. വലതു പക്ഷ രാഷ്ട്രീയത്തിനേക്കാള്‍ കോര്‍പ്പറേറ്റ് മൂലധനശക്തികള്‍ക്കും മാധ്യമങ്ങള്‍ക്കും വരെ പ്രിയപ്പെട്ടതാകാന്‍ ഇത്തരം അരാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് കഴിയുന്നതും അതുകൊണ്ടുതന്നെ.


No comments:

Post a Comment