Tuesday, December 24, 2013

ഉരുക്കുമനുഷ്യനു വേണ്ടിയോ അധികാരത്തിനു വേണ്ടിയോ ?

ഉരുക്കുമനുഷ്യനു വേണ്ടിയോ അധികാരത്തിനു വേണ്ടിയോ ?

   കേരള രാഷ്ട്രീയത്തെ പിടിച്ചുകിലുക്കുന്ന മറ്റൊരു വിവാദമായി നരേന്ദ്ര മോദിയുടെ കൂട്ടയോട്ടം മാറിക്കഴിഞ്ഞല്ലോ. ഗുജറാത്തില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയുടെ പ്രചരണത്തിനായി മറ്റു സംസ്ഥാനങ്ങളുടേതു പോലെ കോട്ടയത്തും നടത്തിയ കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തത് സാക്ഷാല്‍ പി.സി.ജോര്‍ജു തന്നെ. കൊടി വീശുക മാത്രമല്ല മോഡിയുടെ സുന്ദരന്‍ ചിത്രം പതിച്ച ടീ ഷര്‍ട്ട് ഉയര്‍ത്തിക്കാണിക്കുക കൂടി ചെയ്തു വിദ്വാന്‍. അതിനെത്തുടര്‍ന്നുള്ള പി.സി-കോണ്‍ഗ്രസ് പോരൊന്നുമല്ല ഇവിടെ ചര്‍ച്ച ചെയ്യുന്നത്. കേരളത്തിലെ കോണ്‍ഗ്രസുകാരുടെ കള്ളപ്പണം ഗുജറാത്തിലെത്തുന്നതും ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല. പ്രതിമാനിര്‍മ്മാണമെന്ന പുതിയ കര്‍സേവയെക്കുറിച്ചും അതിന്റെ പിന്നാമ്പുറങ്ങളിലെ രാഷ്ട്രീയ സാമ്പത്തിക മാനുഷിക വശങ്ങളിലേക്കൊന്നു കണ്ണോടിക്കാം.
       രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങള്‍ കാലാ കാലങ്ങളില്‍ പുരാണ ചരിത്ര നായകരെ പൊടിതട്ടി മിനുക്കിയെടുത്ത് അവതരിപ്പിക്കാറുണ്ട്. അദ്വാനി പണ്ട് രാമനെ മുന്‍നിറുത്തി നടത്തിയ കലാപരിപാടികള്‍ വാജ്പേയിയെ കസേരയിലെത്തിച്ചെങ്കില്‍ നമോ എന്ന സാക്ഷാല്‍ നരേന്ദ്രമോദി ഇപ്പോള്‍ പൊടിതട്ടിയെടുക്കുന്നത് ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിനെയാണ്. പട്ടേലിന്റെ ജന്മദേശം ഗുജറാത്താണെന്നും അദ്ദേഹത്തിന്റെ സ്മരണക്കായി ലോകത്തെ വിസ്മയിപ്പിക്കുന്ന ഉരുക്കു പ്രതിമതന്നെ സ്ഥാപിക്കുമെന്നുമാണ് മോഡി ഇപ്പോള്‍ പറയുന്നത്. ഇതിനായി രാമക്ഷേത്രത്തിന് നാടാകെ ഇഷ്ടിക പെറുക്കി നടന്നതു പോലെ ഉരുക്കു തേടിയിറങ്ങിയിരിക്കുകയാണ് അദ്ദേഹം. ആവശ്യമുള്ള മുഴുവന്‍ ഉരുക്കും നമ്മുടെ രാജ്യത്തെ കര്‍ഷകരില്‍ നിന്നും സംഭരിക്കുമത്രേ. എത്രമാത്രം സംഭരിച്ചു കഴിഞ്ഞുവെന്ന് ആരും പറയുന്നില്ല. എന്നാല്‍ മറക്കാനാവാത്ത മറ്റൊരാള്‍ ഗുജറാത്തിലുണ്ടായിരുന്നത് എല്ലാവരും സൗകര്യപൂര്‍വ്വം മറന്നു.നമ്മുടെ രാഷ്ട്രപിതാവിനെത്തന്നെ. ഗാന്ധിജിയെ സ്മരിക്കുമ്പോള്‍ ഹൈന്ദവ തീവ്രവാദം ചര്‍ച്ചയാകുമോ എന്ന് തിരിച്ചറിഞ്ഞതായിരിക്കും അദ്ദേഹത്തെ ഒഴിവാക്കാന്‍ കാരണം. 182 മീറ്റര്‍ ഉയരമുള്ള ഏകതാപ്രതിമ പൂര്‍ത്തിയാകുന്നതോടെ ഇപ്പോഴത്തെ വലിയ പ്രതിമയായ ചൈനയിലെ 153 മീറ്റര്‍ ഉയരമുള്ള ബുദ്ധപ്രതിമ വളരെ പിന്നോട്ടു പോകും. ഭാരതത്തിന്റെ അഭിമാനം ഉയര്‍ത്താനെന്ന പേരില്‍ ഇതിനായി 2500 കോടി പൊടിക്കുമ്പോള്‍ അതിനു പിന്നിലെ കളികള്‍ ആരും കാണുന്നില്ല എന്നതല്ലേ ശരി?
       പട്ടേലിന്റെ  ജില്ലയില്‍ തന്നെയാണീ പ്രതിമ സ്ഥാപിക്കുന്നത്, കച്ചില്‍. ഏറ്റവും കൂടുതല്‍ കുടിവെള്ളക്ഷാമം നേരിടുന്ന ഗുജറാത്തിലെ ജില്ലയാണ് കച്ച്. ഇവിടുത്തെ 969 ഗ്രാമങ്ങളിലെ പാവങ്ങള്‍ക്ക് കുടിവെള്ളം നല്‍കാന്‍ ഇതില്‍ പകുതി ചെലവഴിച്ചാല്‍ മതിയെന്നതും ആരും ചര്‍ച്ച ചെയ്യുന്നില്ല. നമുക്ക് ഗുജറാത്ത് മോഡല്‍ വികസനത്തെ വാഴ്ത്തിപ്പാടാം. പ്രതിമ സ്ഥാപിക്കുന്നത് നര്‍മ്മദാ നദിയിലെ സാധുബേട്ടിലാണ്. ഇതൊരു ആദിവാസി സെറ്റില്‍മെന്റ് പ്രദേശമാണ്. പ്രതിമാ നിര്‍മ്മാണത്തിനായി അണ കെട്ടുന്നതോടെ 18 കിലോമീറ്ററോളം ദൂരത്തിലുള്ള ആദിവാസികള്‍ക്ക് ജീവനും കൊണ്ടോടുകയല്ലാതെ മറ്റെന്തു വഴി? ആദിവാസി ഭൂമി മറ്റൊരാള്‍ക്കും വില്‍ക്കാനാകില്ലെന്ന കേന്ദ്രനിയമവും വളരെ തന്ത്രപൂര്‍വ്വം ഇവര്‍ മറികടന്നു. ഈ ഭൂമിയാകെ വികസന അതോറിറ്റിയുടെ കീഴിലാക്കി വിജ്ഞാപനമായി.927 ഹെക്ടര്‍ ഭൂമി പ്രതിമാ ട്രസ്റ്റിന്റെ കയ്യില്‍. ഇനിയാരുണ്ട് എതിര്‍ക്കാന്‍? കേരളത്തില്‍ പരിസ്ഥിതി വാദികള്‍ക്കൊപ്പം നിന്ന് പശ്ചിമഘട്ടം സംരക്ഷിക്കാനൊരുങ്ങുന്ന ബി.ജെ.പിയുടെ ഇരട്ടമുഖം.
   ഇനിയിതിന്റെ രാഷ്ട്രീയ മുഖം കൂടി പരിശോധിക്കാം. ഇപ്പോളെന്തിനാണ് മോദി ഈ ഉദ്യമവുമായി ഇറങ്ങിയിരിക്കുന്നത്? കഴിഞ്ഞ 12 കൊല്ലമായില്ലാത്ത സര്‍ദാര്‍ പ്രേമം ഇപ്പോഴെങ്ങനെയുണ്ടായി? സര്‍ദാറിന്റെ നൂറ്റിമുപ്പത്തിയെട്ടാം ജന്മദിനത്തിന് എന്തു വിശേഷമാണുള്ളത്? ഉത്തരം ഒന്നേയുള്ളൂ. നിര്‍ണ്ണായകമായ ലോകസഭാ തെരഞ്ഞെടുപ്പല്ലേ വരുന്നത്? അതും മോദിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ഇങ്ങനെ പല തുറുപ്പുശീട്ടും പുറത്തു വരും.
     മോദി പറയുന്നതു പോലെ സര്‍ദാര്‍ ചരിത്രത്തില്‍ വിസ്മരിക്കപ്പെട്ട കരുത്തനായ നേതാവുതന്നെ. എന്നാല്‍ ഇതിന്റെ പ്രചരണത്തിനായി നാടാകെ നടത്തിയ കൂട്ടയോട്ടത്തില്‍ എവിടെയെങ്കിലും അദ്ദേഹത്തിന്റെ നിഴലെങ്കിലും കണ്ടിരുന്നോ? പ്രചാരണബോര്‍ഡുകളിലും ഓട്ടക്കാരുടെ ബനിയനുകളില്‍ വരെ മോഡിയുടെ പുഞ്ചിരിക്കുന്ന മുഖം മാത്രം. ഏകതാ കൂട്ടയോട്ടം യഥാര്‍ത്ഥത്തില്‍ ഒരേയൊരിന്ത്യ ഒരൊറ്റ നേതാവെന്ന നിലയില്‍ മോദിയിലേക്ക് ചുരുങ്ങുന്നതാണ് നാം കണ്ടത്. കോണ്‍ഗ്രസുമായി നേരിട്ടേറ്റുമുട്ടുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നേടുന്ന മുന്‍തൂക്കത്തിനപ്പുറം മറ്റിടങ്ങളിലും ഇതിന്റെ പേരില്‍ മോദീ വിലാസം പ്രചരണം തന്നെ അവര്‍ ലക്ഷ്യമിട്ടത്. കേരളത്തിലടക്കം പി.സി.ജോര്‍ജിനെപ്പോലുള്ളവരുടെ പിന്തുണ നേടാനും അതുവഴി വലിയൊരു ചര്‍ച്ചയാക്കി മാറ്റാനും സംഘപരിവാറിനു കഴിഞ്ഞു എന്നത് നിസ്സാരമായി കാണാനാവില്ല.
  ഏകതാ പ്രതിമക്കു വേണ്ടി കറകളഞ്ഞ പ്രൊഫഷണല്‍ പ്രചാരണമാണ് മോദി നടത്തുന്നത്. വെബ്സൈറ്റുകളും സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെയുമുള്ള പ്രചരണങ്ങളുമായി അടുത്ത തെരഞ്ഞെടുപ്പിനുമുമ്പുള്ള കര്‍സേവ തുടങ്ങിക്കഴിഞ്ഞു. രാജ്യത്തിന്റെ ഐക്യവും അഖണ്ഢതയും ഊട്ടിയുറപ്പിക്കാന്‍ തന്റെ ഉരുക്കു മുഷ്ടിയിലൂടെ മുന്നേറിയ മഹാനായ സര്‍ദാറിന്റെ യഥാര്‍ത്ഥ പിന്‍തലമുറക്കാര്‍ ആരെന്ന ചോദ്യത്തിന് മറുപടി പറയാന്‍ പോലുമാകാതെ അശക്തരാണ് കോണ്‍ഗ്രസ്സെന്നത് നൂറ്റാണ്ടിന്റെ പാരമ്പര്യം പറയുന്ന ദേശീയ കക്ഷിക്ക് നാണക്കേടുതന്നെ. അപ്പോഴും ഒരു സംശയം ബാക്കിയാകുന്നു. കറകളഞ്ഞ ആര്‍. എസ്. എസുകാരനായ നരേന്ദ്രമോദിയും ഗാന്ധിവധത്തിന്നു നാലു നാള്‍ക്കകം ആര്‍.എസ്.എസിനെ നിരോധിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേലും തമ്മിലെന്തു ബന്ധം????

4 comments:

  1. സര്‍ദാര്‍ പട്ടേല്‍ കോണ്‍ഗ്രസുകാരന്‍ ആയിരുന്നു,അദേഹത്തിന്റെ രാഷ്ട്രീയ പൈതൃകം സ്വാഭാവികമായും കോണ്‍ഗ്രെസ്സുകാര്‍ക്ക് അവകാശപ്പെടാവുന്നതാണ്

    എന്നാല്‍ നെഹ്‌റു കുടുംബത്തില്‍ മാത്രമാണ് കോണ്‍ഗ്രെസ്സു പാരമ്പര്യം എന്നു വിശ്വസിക്കുന്ന ഇന്നത്തെ അഭിനവ കോണ്‍ഗ്രസുകാര്‍ ഗാന്ധിജിയും പട്ടേലും ഉള്‍പ്പെടെ എല്ലാ മഹാന്മാരായ നേതാക്കളെയും വിസ്മരിച്ചു

    ഇപ്പോള്‍ നരേന്ദ്ര മോഡി നടത്തുന്ന കൂട്ട ഓട്ടവും പട്ടേല്‍ പ്രതിമാ നിര്‍മ്മനതിനയുള്ള പ്രചാരണവും രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളത് തന്നെയാണ്.

    എങ്കിലും കോണ്‍ഗ്രെസ്സുകാര്‍ക്ക് അതില്‍ ഒന്നും പറയാനില്ല,അവര്‍ ഇക്കാലമത്രയും പട്ടേലിനെ മറന്നു. മോഡിയും ബിജെപിയും പട്ടേലിന്റെ പൈതൃകം രാഷ്ട്രീയ ലാഭത്തിനു ഉപയോഗിച്ചിട്ടും ഒന്നും ചെയ്യാനാവാതെ നിസഹായറായി നില്‍ക്കുന്ന കോണ്‍ഗ്രസുകാര്‍ ദയനീയ കാഴ്ചയാണ്.

    ഇനി നാളെ അബ്ദുല്‍കലാം ആസ്ടിന്റെയും രാജേന്ദ്രപ്രസാദിന്റെയും രാജഗോപാലാചാരിയുടെയും പൈതൃകം മറ്റു രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ ഉപയോഗിച്ചാലും ഇവര്‍ ഇങ്ങനെ നോക്കിയിരിക്കും

    ReplyDelete
  2. ശരിയാണ് സാജന്‍ വി എസ്.....

    ReplyDelete
  3. ഇപ്പോൾ വിവേകനന്ടനെയും നാരായണ ഗുരുവിനെയും സി പി എം ഉപയോഗിക്കുന്ന മാതിരി അല്ലെ Mr.V S Sajan

    ReplyDelete
  4. ഹ ഹ .... മനീഷിന്റെ ഉദാഹരണം നന്നായി....

    ReplyDelete